മുസ്ലീം ലീഗിൽ ഹരിത വിപ്ലവം

0

മുസ്ലീം ലീഗ് എന്ന രാഷ്ടീയ കക്ഷിയുടെ യുവജന വിഭാഗത്തിലും വിദ്യാർത്ഥി വിഭാഗത്തിലും അപസ്വരങ്ങൾ വല്ലാതെ ഉയരുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുകയും അഭിപ്രായം പറയുന്നവരെ അടിച്ചമർത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ജനാധിപത്യ വിരുദ്ധ നടപടികളാണ് പുരുഷമേധാവിത്വ സ്വഭാവമുള്ള സംഘടനയാൽ നടന്നു കൊണ്ടിരിക്കുന്നതെന്നുമാണ് വനിതാ യൂത്ത് ലീഗ് പ്രവർത്തകർ ആരോപിക്കുന്നത്. അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തവർക്കെതിരെ വനിതാ കമ്മീഷന് പരാതി നൽകിയിരിക്കുകയാണ് ഹരിത വിഭാഗം.

എന്നാൽ ഇത്തരമൊരു പരാതിയെപ്പറ്റി ചർച്ച ചെയ്യാനോ അപമാനിക്കപ്പെട്ടവരെ ആശ്വസിപ്പിക്കാനോ ലീഗ് നേതൃത്വം തയ്യാറാകുന്നില്ല എന്നതാണ് വിചിത്രമായ അവസ്ഥ. ആദ്യം പരാതി പിൻവലിക്കുക, എന്നിട്ട് വേണമെങ്കിൽ ആലോചിക്കാം എന്നാണ് നേതൃത്വത്തിൻ്റെ സമീപനം. ആൺകോയ്മയുടെ അഹന്ത തന്നെയാണ് മുസ്ലീം ലീഗ് എന്ന കക്ഷിയെ ഇപ്പോഴും നയിച്ചുകൊണ്ടിരിക്കുന്നത്. അപ്പോൾ ഇതിൽ കൂടുതൽ നീതിയൊന്നും പ്രതീക്ഷിക്കാൻ ന്യായമില്ല.എം എസ് എഫ് എന്ന വിദ്യാർത്ഥി സംഘടന പോലും മദയാനകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ദയനീയമായ രാഷ്ടീയ അവസ്ഥ തന്നെയാണ് ലീഗിൽ നിലനിൽക്കുന്നത്.