നൃശംസതയ്ക്ക് നൂറ് വയസ്സ്

0

നവംബർ 19 ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മലയാളികൾ സ്വജീവിതം കൊണ്ട് ഐതിഹാസികമായ അദ്ധ്യായം രചിച്ച, ബ്രിട്ടീഷ് അധികാര തേർവാഴ്ചയുടെ നൃശംസതയ്ക്ക് സാക്ഷ്യം വഹിച്ച ചരിത്രദിനം. മാപ്പിള ലഹളയെന്നും മലബാർ കലാപമെന്നും വിശേഷിപ്പിച്ച സാമ്രാജ്യത്വ വിരുദ്ധ കാർഷിക സമരത്തിൻ്റെ ജ്വലിക്കുന്ന ഏടുകൾ കൂട്ടി ചേർത്ത ദുരന്ത സംഭവത്തിൻ്റെ ഓർമ്മ ദിനം. കേവലം ഒരു ഓർമ്മദിനമല്ല. മരണമില്ലാത്ത സ്മൃതികൾക്ക് നൂറ് വയസ്സ് തികയുന്ന ശത വാർഷിക ദിനം. ക്രൂരരായ ബ്രിട്ടീഷ് സൈനികർ സാധരണയായി യാത്രയ്ക്കുപയോഗിക്കാത്ത ചരക്ക് വാഗണിൽ ഒന്നിന് മുകളിൽ ഒന്നായി തടവുകാരെ അട്ടിയിട്ട് ശ്വാസം മുട്ടിച്ചു കൊന്ന ക്രൂരതയുടെ സാക്ഷ്യപത്രം.

തിരൂരിൽ നിന്ന് വായു പോലും കടക്കാതെ അടച്ചു പൂട്ടി യാത്ര തിരിച്ച ട്രെയിനിൽ പ്രാണവായുവിനും ദാഹജലത്തിനും കേണപേക്ഷിച്ച ഒടുവിൽ മറ്റൊരു മാർഗ്ഗവുമില്ലാതെ ശ്വാസം മുട്ടി മരിച്ച 64 പേരുടെ ശവശരീരമായിരുന്നു പോത്തന്നൂരിൽ നിന്നു വാഗൺ തുറന്നു നോക്കിയപ്പോൾ കണ്ട ദാരുണമായ കാഴ്ച. ശവശരീരങ്ങൾ കോയമ്പത്തുരിൽ തന്നെ ഇറക്കി സംസ്കരിക്കാനുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ ആജ്ഞയനുസരിക്കാൻ റെയിൽവെ അധികൃതർ തയ്യാറാകതെ വന്നപ്പോൾ തിരൂരിലേക്ക് തന്നെ ശവശരീരങ്ങളുമായി തിരിച്ചു വരേണ്ടി വന്ന ഗതികേടിനും നാട് സാക്ഷിയകേണ്ടി വന്നു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കേരളത്തിൻ്റെ ഈ ഇതിഹാസവും വർത്തമാന വർഗ്ഗീയ ശക്തികൾ വികലമാക്കാനും വളച്ചൊടിക്കാനും അണിയറയിലും അരങ്ങത്തും പരിശ്രമങ്ങൾ നടത്തുമ്പോൾ വാഗൺ ട്രാജഡി എന്ന പേരിലറിയപ്പെടുന്ന ഈ ദുരന്തത്തിനെ വിസ്മൃതിയുടെ ഇരുണ്ട താളുകളിലേക്ക് തള്ളിവിടുന്നത് ചരിത്ര നിഷേധമായിത്തീരും. നാടിന് വേണ്ടി ശ്വാസം മുട്ടി മരിച്ച ധീരരായ മലബാറിനെ പുത്രന്മാർ പ്രാണവായു നൽകിയ ചരിത്ര സംഭവം അത് അർഹിക്കുന്ന രീതിയിൽ തന്നെ ആദരിക്കപ്പെടേണ്ടതുണ്ട്.