ഥാറില്‍ സോളോ ട്രിപ്പുമായി ലോകകപ്പ് കാണാനിറങ്ങിയ നാജി നൗഷി യുഎഇയിലെത്തി

0

ലോകകപ്പ് കാണാന്‍ സോളോ ട്രിപ്പുമായി അഞ്ചുകുട്ടികളുടെ അമ്മ ഖത്തറിലേക്ക് യാത്ര തിരിച്ച വാര്‍ത്ത ആകാംക്ഷയോടെയാണ് നമ്മള്‍ കേട്ടത്. ട്രാവല്‍ വ്‌ലോഗര്‍ കൂടിയായ നാജി നൗഷി എന്ന വീട്ടമ്മയാണ് ഥാര്‍ ഓടിച്ച് ഖത്തറിലേക്ക് യാത്ര തിരിച്ചത്. ഒക്ടോബര്‍ 15ന് കേരളത്തില്‍ നിന്ന് പുറപ്പെട്ട നാജി ഒമാനില്‍ നിന്ന ഹത്ത അതിര്‍ത്തി വഴി ബുധനാഴ്ച വൈകുന്നേരം യുഎഇയില്‍ എത്തിച്ചേര്‍ന്നു.

ലോകത്തെ ഏറ്റവും ഉയരമുള്ള ടവറായ ബുര്‍ജ് ഖലീഫയ്ക്ക് മുന്നിലെത്തി ഫോട്ടോ പകര്‍ത്തി നാജി, പറയുന്നു, യാത്ര തിരിക്കുമ്പോള്‍ ഇതായിരുന്നു എന്റെ മനസിലുണ്ടായിരുന്ന പ്ലാനുകളിലൊന്ന്. ‘അത് സാധ്യമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം’; ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ തന്റെ ഥാറിന്് മുകളില്‍ ഇരുന്നുകൊണ്ട് നാജി നൗഷി കുറിച്ചു.

തന്റെ യാത്രയിലുണ്ടായ അനുഭവങ്ങളെ കുറിച്ച് ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വിവരിക്കുകയാണ് നാജി. തന്റെ വാഹനമായ ഥാറായിരുന്നു യാത്രയില്‍ കൂടെയുണ്ടായിരുന്നത്. ‘ഥാര്‍ മുംബൈയില്‍ നിന്ന് ഒമാനിലേക്ക് കയറ്റി അയക്കുക എന്നതായിരുന്നു നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഥാര്‍ കൂടെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പല ഷിപ്പിംഗ് കമ്പനികളും എന്നോട് പറഞ്ഞു. തുടര്‍ന്ന് ഇന്ത്യയിലെ ഒമാന്‍ കോണ്‍സുലേറ്റില്‍ പോയി കോണ്‍സുല്‍ ജനറലിനെ കണ്ടു. അങ്ങനെയാണത് സാധ്യമായത്.’.