ഡയലോഗുകളിലെ സ്ത്രീവിരുദ്ധത ഇല്ലാതാക്കിയത് കൊണ്ടോ ഏതെങ്കിലും നടൻ അങ്ങനെയുള്ള സിനിമകൾ വേണ്ടെന്ന് വെച്ചത് കൊണ്ടോ മലയാള സിനിമയുടെ ആണ്കോയ്മയും ആൺചായ്‌വും ഇല്ലാതാകുകയില്ല; മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെ കുറിച്ചു നജീബ് മൂടാടി എഴുതുന്നു

0
‘സ്വന്തമെവിടെ ബന്ധമെവിടെ’ എന്ന സിനിമ 1984 ൽ ആണ് ഇറങ്ങുന്നത് . അച്ഛനും അമ്മയും രണ്ട് ആൺമക്കളും  സന്തോഷത്തോടെ കഴിയുന്ന കുടുംബത്തിലേക്ക് മക്കൾ കല്യാണം കഴിച്ചു കൊണ്ട് വന്ന ശേഷം അവരുടെ ഭാര്യമാർ ഉണ്ടാക്കുന്ന പ്രശ്നങ്ങളും, അവസാനം നായകൻ കെട്ടിയവളെ  തല്ലുന്നതോടെ അവൾ കുഴപ്പങ്ങളൊക്കെ നിർത്തി നല്ല പെണ്ണായി  പ്രശ്നങ്ങളൊക്കെ തീർന്നു കുടുംബം സന്തോഷമായി ജീവിക്കുന്നതും   ആയിരുന്നു ഈ സിനിമയുടെ കഥ.
ഭർത്താവിൽ നിന്നും ഇടയ്ക്കൊരു തല്ലുവാങ്ങുന്നത് പെണ്ണിന് സന്തോഷകരമാണ് എന്ന മട്ടിലായിരുന്നു  ഈ ചിത്രത്തിന്റെ  പരസ്യവും എന്നതാണ് രസം. സിനിമ കഴിഞ്ഞിറങ്ങുന്ന രണ്ടു സ്ത്രീകളുടെ സംഭാഷണം എന്ന രീതിയിലായിരുന്നു   അത്.  സംവിധായകൻ ശശികുമാർ   1965 ൽ  ‘തൊമ്മന്റെ മക്കൾ’ എന്ന പേരിൽ ചെയ്ത  സിനിമ വീണ്ടും  അദ്ദേഹം തന്നെ മാറ്റിപ്പണിതതാണ് ‘സ്വന്തമെവിടെ ബന്ധമെവിടെ’.
 ഇതേപോലെ 1993 ൽ ഇറങ്ങിയ ‘വെങ്കലം’ എന്ന  സിനിമയിൽ ഭാര്യയെ സംശയിച്ചുപേക്ഷിച്ച ഭർത്താവ് ഒടുവിൽ കാര്യങ്ങളൊക്കെ മനസ്സിലാക്കി കുറ്റബോധത്തോടെ ഭാര്യയെ കണ്ടുമുട്ടുമ്പോൾ ആദ്യം ചെയ്യുന്നത് മുഖമടക്കി  കെട്ടിയവളെ  ഒന്ന് കൊടുക്കുകയാണ്.
ഇപ്പോൾ ഏറെ ചർച്ചചെയ്യപ്പെടുന്ന സ്ത്രീ വിരുദ്ധ ഡയലോഗുകൾ ഉള്ള പിന്നീട് വന്ന സൂപ്പർ താര സിനിമകൾ അടക്കം പറയുന്നത്  കൈക്കരുത്തു കൊണ്ടും നാക്കിന്റെ ബലം കൊണ്ടും അടക്കി നിർത്താനും ‘നേർവഴി’ക്ക് കൊണ്ടുവരാനും കഴിയുന്ന ഒരു സംഗതിയാണ് പെണ്ണ് എന്ന് തന്നെയാണ്. ചുരുക്കിപ്പറഞ്ഞാൽ തുടക്കം മുതൽ, ജനപ്രിയമായാലും കലാമൂല്യമുള്ളതായാലും മലയാളസിനിമക്ക് പിന്നിലുള്ളവരുടെ കാഴ്ചപ്പാട് ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു.
ജനകീയ മാധ്യമമെന്നും   ജനകീയകലാരൂപമെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുമ്പോഴും നമ്മുടെ സിനിമ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് പുരുഷൻ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ജീവിതമാണ്. അല്ലെങ്കിൽ അവന്റെ ഭാവനയും സങ്കല്പവും മാത്രമാണ്.
സിനിമാനടിക്കെതിരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് അവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ഉത്കണ്ഠപ്പെട്ടും മലയാള സിനിമാ പ്രവർത്തകർ ഒറ്റക്കെട്ടായും ശക്തമായും വികാരഭരിതമായും പ്രതികരിച്ചപ്പോൾ സ്വാഭാവികമായും ഉയർന്നൊരു ചോദ്യമായിരുന്നു, മലയാള സിനിമയിലെ സ്ത്രീ വിരുദ്ധ നിലപാടുകളെ കുറിച്ച്. സോഷ്യൽ മീഡിയയിൽ സൂപ്പർ താര സിനിമകളിലെ കടുത്ത സ്ത്രീ വിരുദ്ധ ഡയലോഗുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള ധാരാളം വിമർശങ്ങളും ചർച്ചകളും നടന്നു. തന്റെ സിനിമകളിൽ ഇനി ഇത്തരം സ്ത്രീ വിരുദ്ധ സംഭാഷണങ്ങളും കഥാപാത്രങ്ങളും  ഉണ്ടാവില്ലെന്നും മുൻകാലത്ത് അറിവില്ലാതെ വന്നുപോയ ഇത്തരം  പിഴവുകളിൽ ഖേദം പ്രകടിപ്പിച്ചും   പ്രമുഖനടൻ  ഫേസ്‌ബുക്ക് പോസ്റ്റ് ഇടുകയും ഉണ്ടായി.
തീർച്ചയായും ഇങ്ങനെ ഒരു തുറന്ന ചർച്ചക്കും വിചിന്തനത്തിനും പറ്റിയ അവസരം തന്നെയാണ് ഇത്. സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങളും കൈയ്യേറ്റങ്ങളും നാൾക്ക് നാൾ വർധിച്ചു വരുമ്പോൾ മലയാള സിനിമ എത്രത്തോളം പെൺ പക്ഷത്തു നിൽക്കുന്നു എന്നത് ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.
ഒരു സിനിമ ബോക്സോഫീസ് ഹിറ്റാവുന്നത് കുടുംബപ്രേക്ഷകർ അഥവാ സ്ത്രീകൾ കൂടുതലായി തിയേറ്ററിൽ എത്തി സിനിമ കാണുമ്പോഴാണ്. ഇവിടെ ഇറങ്ങിയ ജനപ്രിയ സിനിമകൾ ഒക്കെയും ഹിറ്റും സൂപ്പർഹിറ്റും ആയി കൊണ്ടാടപ്പെട്ടതും,  അഭിനേതാക്കൾ  താരങ്ങളായി  ഉദിച്ചുയർന്നതും ഇവിടത്തെ സ്ത്രീ ജനങ്ങളുടെ സ്നേഹ വാത്സല്യങ്ങളും ആരാധനയും  ഇഷ്ടവും പ്രീതിയും  നേടിക്കൊണ്ടാണ്.
എന്ത് കൊണ്ടാണ് ഇത്രക്ക് വിലകെട്ട വ്യക്തിത്വങ്ങളായി അല്ലെങ്കിൽ കയ്യൂക്ക് കൊണ്ട് ആണിന് നിലക്ക് നിർത്താൻ കഴിയുന്ന ഒരു സാധനമായി പെണ്ണിനെ പലപ്പോഴും അടയാളപ്പെടുത്തിയിട്ടും പ്രേക്ഷകർക്ക് അതിൽ യാതൊരു അസ്വാഭാവികതയും തോന്നാത്തത് എന്ന്  ചിന്തിച്ചാൽ നമുക്കൊരു ഉത്തരമേ ഉള്ളൂ.  നമ്മുടെ സിനിമകൾക്ക് പിറകിൽ പെണ്ണിന്റെ സാന്നിധ്യം വളരെ വളരെ കുറവാണ്. സ്‌ക്രീനിൽ കാണുന്ന രൂപങ്ങൾക്കും ശബ്ദങ്ങൾക്കും അപ്പുറം സിനിമ രൂപപ്പെടുത്തി എടുക്കുന്ന ഇടങ്ങളിൽ എവിടെയും പെണ്ണില്ല!
നെറ്റി ചുളിക്കണ്ട, നടിമാരും ഗായികമാരും ഡബ്ബിങ് ആർട്ടിസ്റ്റുകളും ഒക്കെയല്ലാതെ തിരക്കഥാ രംഗത്തോ സംവിധാന രംഗത്തോ നമുക്ക് എത്ര വനിതകളെ   എടുത്തുകാണിക്കാൻ പറ്റും. ഒരു കൈയിലെ  വിരലിൽ എണ്ണാൻ കഴിയുന്നതിൽ കൂടുതൽ ഒന്നും മലയാള സിനിമയിൽ സ്ത്രീ പ്രാതിനിധ്യം ഈ മേഖലകളിൽ ഏറെ ഇല്ല എന്നതാണ് വാസ്തവം. പിന്നെ എങ്ങനെയാണ് നമ്മുടെ സിനിമകൾ പെണ്ണിന്റേത് കൂടിയാവുക.
വളരെ വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമാനടി ഷീല ‘ശിഖരങ്ങൾ’ എന്ന ഒരു സിനിമ സംവിധാനം ചെയ്തിരുന്നു.  കേരളകഫേയിലെ ‘മകൾ’ എന്ന ചിത്രം ചെയ്ത  രേവതി പോലും മലയാളത്തിൽ വേറെ സിനിമകൾ സംവിധാനം ചെയ്തിട്ടില്ല.  ഏറെക്കാലം സഹസംവിധായിക ആയി പ്രവർത്തിച്ച എഴുത്തുകാരികൂടി ആയ  ശ്രീബാല കെ മേനോൻ പോലും ഒരു സിനിമ മാത്രമാണ് സ്വന്തമായി ചെയ്തത്. അഞ്ജലിമേനോൻ മാത്രമാണ് നമുക്ക് പിന്നീട്  എടുത്തുപറയാൻ പറ്റിയ ഒരു വനിതയായി  മലയാള സിനിമയിൽ തിരക്കഥാകൃത്തും സംവിധായികയും ആയി ഉണ്ടായിട്ടുള്ളൂ.
മനുഷ്യജീവിതത്തെ ആഴത്തിൽ കാണുന്ന, പെൺ ജീവനത്തിന്റെ അവസ്ഥകളെ കൃത്യമായി അവതരിപ്പിക്കാൻ കഴിയുന്ന ഒട്ടേറെ എഴുത്തുകാരികൾ നമുക്കുണ്ട്. ലളിതാംബിക അന്തർജ്ജനവും മാധവിക്കുട്ടിയും തുടങ്ങി ഇങ്ങേ അറ്റത്ത്‌ സ്‌കൂൾ യുവജനോത്സവങ്ങളിൽ കഥയെഴുത്തിൽ വിസ്മയിപ്പിക്കുന്ന പുതു മുകുളങ്ങൾ വരെ പെണ്ണിനേയും പെണ്ണിന്റെ കണ്ണിലൂടെയുള്ള ലോകത്തെയും ശക്തമായി ആവിഷ്കരിക്കാൻ കഴിവുള്ള എഴുത്തുകാരികൾ തന്നെയാണ്.
സിനിമയോട് താല്പര്യം ഉള്ളവരും ദൃശ്യമാധ്യമത്തിന്റെ സാധ്യതകളെ നന്നായി അറിയുന്നവരും  ആവിഷ്കരിക്കാൻ   കഴിവുള്ളവരുമായ പ്രതിഭകളായ ഒത്തിരി പെൺകുട്ടികൾ നമ്മുടെ കലാലയങ്ങളിലും പുറത്തും ഇന്ന്  യഥേഷ്ടം ഉണ്ട്.  ഷോർട്ട് ഫിലിമുകളിലൂടെയും മറ്റും അവർ തങ്ങളുടെ കഴിവ് തെളിയിക്കുന്നുമുണ്ട്. വീരശൂര പരാക്രമിയായ നായകൻ  സർവ്വ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ഒടുവിൽ തനിക്ക് ഇഷ്ടപ്പെട്ട പെണ്ണിനെ കല്യാണം കഴിക്കുന്നതോടെ ശുഭപര്യവസായി ആയി അവസാനിക്കുന്ന സിനിമകൾ കലാകാലമായി കാണാൻ വിധിക്കപ്പെട്ട നമുക്ക് മുന്നിൽ ഇതൊന്നുമല്ല ജീവിതം എന്ന് തന്റേടത്തോടെ പറയാൻ കഴിവുള്ള പെൺകുട്ടികൾക്ക് പക്ഷെ എന്തുകൊണ്ടോ മലയാള സിനിമാ മേഖലയിലേക്ക് എത്തിപ്പെടാൻ കഴിയുന്നില്ല, അല്ലെങ്കിൽ പിടിച്ചു നിൽക്കാൻ ആവുന്നില്ല  എന്നതാണ് സത്യം.
‘വിഗതകുമാരനി’ൽ അഭിനയിക്കാൻ ജെ സി ഡാനിയേലിന്  നായികയായി ഒരു പെണ്ണിനെ കിട്ടാൻ   ഒരുപാട് അലയേണ്ടി വന്നു എങ്കിൽ സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ പെൺകുട്ടികൾ വരി നിൽക്കുന്ന കാലമാണ് ഇന്ന്. സിനിമ നൽകുന്ന ഗ്ലാമറും ജനശ്രദ്ധയും  സാമൂഹ്യപദവിയും സമ്പത്തും ഒക്കെ  വലിയൊരു ആകർഷണം ആയതു കൊണ്ട് തന്നെ നായികയാവാൻ കൊതിക്കുന്ന പെൺകുട്ടികളും, മക്കൾ കലാതിലകം ആയാൽ സിനിമയിലേക്കുള്ള വഴി എളുപ്പം തുറക്കും എന്ന് സ്വപ്നം കാണുന്ന രക്ഷിതാക്കളും എമ്പാടും ഉള്ള ഈ കാലത്ത് നടികൾക്ക് മാത്രം ഒരു ക്ഷാമവും ഇല്ലെങ്കിലും ബുദ്ധിയും ചിന്തയും ഭാവനയും  നേതൃഗുണവും ഒക്കെ ഏറെ വേണ്ടി വരുന്ന തിരക്കഥാകൃത്തുക്കളോ സംവിധായകരോ ആവാൻ എന്ത് കൊണ്ടായിരിക്കും പെൺകുട്ടികൾ മുന്നോട്ടു വരാത്തത്.
മറ്റേതൊരു തൊഴിലിടത്തേക്കാളും ഒരു പെണ്ണിന് തന്റെ പ്രതിഭ കൊണ്ടോ കഴിവു കൊണ്ടോ മാത്രം പിടിച്ചു നിൽക്കാനും സ്വന്തമായ ഒരിടം കണ്ടെത്താനും പറ്റിയ ഒരു മേഖലയല്ല മലയാളം സിനിമ ഇൻഡസ്ട്രി എന്നത് കൊണ്ടായിരിക്കുമോ കഴിവുള്ള സ്ത്രീകൾ എമ്പാടും ഉണ്ടായിട്ടും ഈ മേഖലയിലേക്ക് കടന്നു വരാൻ മടിക്കുന്നത്?
തുടക്കകാലം മുതലുള്ള നമ്മുടെ നായികാ സങ്കല്പങ്ങൾ ഒക്കെയും  ‘ധീരോദാത്തനതിപ്രതാപഗുണവാൻ’ ആയ നായകന്റെ ചെയ്തികൾക്ക് തിളക്കം കൂട്ടാനുള്ള ഒരു കഥാപാത്രം മാത്രമാണ്.  അവന്റെ പ്രണയത്തിൽ ഉരുകിപ്പോകുന്ന അവന്റെ സ്നേഹത്തിനായി കാത്തിരിക്കുന്ന സർവ്വ ദുർഘടങ്ങളിലും അവന്റെ പൗരുഷം കൊണ്ട്   കാക്കപ്പെടുന്ന  വെറും പെണ്ണ്. ആദ്യമൊക്കെ ഇത്തിരി കുറുമ്പും തന്റേടവും കാട്ടുമെങ്കിലും  നായകൻ  തന്നിലേക്ക് അനുരക്തനാകുന്നതോടെ അവൾ പിന്നെ അവന്റെ വിനീതയായ  പെണ്ണ് മാത്രമാകുന്നു. അവൾക്ക് പ്രിയപ്പെട്ടവരെ മാത്രമല്ല വ്യക്തിത്വം പോലും അവനു വേണ്ടി ത്യജിച്ചു കളയുമ്പോൾ ആണ്  ഉത്തമയായ നായിക ആയി മാറുന്നത്!
നമ്മുടെ സൂപ്പർ താരങ്ങൾക്ക് പ്രായം വല്ലാതെ ഏറിയപ്പോഴാണ് നടിമാർക്ക് കാമുകിയിൽ നിന്ന് ഭാര്യാപദവിയിലേക്ക് പ്രമോഷൻ കിട്ടിയത് തന്നെ. അതോടു കൂടി വ്യക്തിത്വമുള്ള നായികമാർ എന്നത് സിനിമയിൽ നിന്നും തീരെ  ഇല്ലാതെയുമായി.  നായകൻ അവിവാഹിതനല്ല എന്നറിയിക്കുവാൻ ഒരു ഭാര്യ! അതിനുമപ്പുറം സൂപ്പർ താര സിനിമകളിലെ ഭാര്യാ കഥാപാത്രങ്ങൾക്ക് യാതൊരു പ്രമുഖ്യവും ഉണ്ടാവാറില്ല പലപ്പോഴും.
തന്റെ ഹീറോ ഇമേജിന് പറ്റിയ രീതിയിൽ കഥയിലും രംഗങ്ങളിലും സംഭാഷണങ്ങളിലും ഇടപെടാനും മാറ്റം വരുത്താനും  നായകന് സാധ്യമാണെങ്കിൽ അങ്ങനെ യാതൊരു അവകാശവും നായികക്ക് ചിന്തിക്കാൻ പോലും പറ്റില്ല. തിരക്കഥാകൃത്തിനും സംവിധായകനും വെറുമൊരു പെൺ കഥാപാത്രം എന്നതിലുപരി നായികക്ക് കുറേക്കൂടി പ്രാധാന്യം വേണം എന്ന് തോന്നിയാൽ മാത്രം ചില നടികൾക്ക് ലഭിക്കുന്ന ഭാഗ്യമാണ് ജീവിതഗന്ധിയായ ചില  കഥാപാത്രങ്ങൾ.  കണ്ടുമടുത്ത മുഖങ്ങളുടെ ബോറടി മാറ്റാൻ പുതുമുഖ നായികമാരെ പരീക്ഷിക്കുമ്പോൾ നടികൾക്ക് അത്തരം സൗഭാഗ്യങ്ങൾ പ്രതീക്ഷിക്കാൻ പോലും സാധ്യമല്ല. പണ്ട് മകളായി അഭിനയിച്ച ബാലതാരം ഏറെക്കാലം കഴിഞ്ഞു അതേ സൂപ്പർ താരത്തിന്റെ കാമുകിയായും ഭാര്യയായും ഒക്കെ വരുമ്പോൾ താരത്തിനോ പ്രേക്ഷകർക്കോ യാതൊരു ചളിപ്പും തോന്നാറില്ല എന്നതാണ് നമ്മുടെ സിനിമയുടെ യോഗം.
പഴയ കാലത്തെ സിഗരറ്റ് വലിക്കാത്ത മദ്യപിക്കാത്ത അന്യസ്ത്രീയെ നോക്കാത്ത സൽഗുണസമ്പന്നന്മാരായ നായകന്മാരിൽ നിന്നും കാലം മാറിയപ്പോൾ ഫുൾ ടൈം വെള്ളമടിക്കുന്ന പരസ്ത്രീ സംസർഗ്ഗം ഹോബിയാക്കിയ കൂലിത്തല്ലും കള്ളക്കടത്തും തട്ടിപ്പും ഒക്കെ നടത്തി ഭൂലോക തല്ലിപ്പൊളി ആയി നടക്കുന്ന കഥാപാത്രങ്ങൾ നായകനായി മാറിയെങ്കിലും, നായികമാരുടെ മാറ്റം പാവാടയും ധാവണിയും എന്നതിൽ നിന്നും ടീഷർട്ടും ജീൻസും ആയി എന്നതേയുള്ളൂ. അവളിപ്പോഴും സൽഗുണ സമ്പന്നയും ശീലാവതിയും ഒക്കെത്തന്നെയാണ്. നായകന്റെ പൗരുഷത്തിന് മുന്നിൽ പ്രണയ വിവശയായി വീണുപോകുന്ന പെണ്ണ്. അവൾക്ക് അന്യ പുരുഷനെ മോഹിക്കാനോ കൂടെ പൊറുക്കാനോ ഉള്ള അവകാശമില്ല.
നായികയുടെ ജീവിതത്തിൽ അങ്ങനെ വല്ല ‘കരിനിഴലും’ ഉണ്ടായിപ്പോയിട്ടുണ്ടെങ്കിൽ അവൾക്ക് മരണം വിധിക്കാനും പകരം ‘അനാഘ്രാത കുസുമ’മായ ഇണയെ നായകന് വേണ്ടി കാത്തുവെക്കാനും നമ്മുടെ സിനിമ ശ്രദ്ധിക്കാറുണ്ട്.
കാലങ്ങളായി ഇത്തരം സിനിമകൾ കണ്ടു ശീലിച്ചു പോയ നമുക്ക് സിനിമകളിലെ  പെൺ വിരുദ്ധ ഡയലോഗുകൾ കേൾക്കുമ്പോൾ പ്രത്യേകിച്ച് എന്തെങ്കിലും തോന്നാത്തതിൽ അത്ഭുതമുണ്ടോ?  ആണിന്റെ സൗമനസ്യം കൊണ്ട് വരച്ചു വെക്കുന്ന പെൺ കഥാപാത്രങ്ങൾക്കപ്പുറം പെൺ മനസ്സിന്റെ ആകുലതകളും സ്ത്രീ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ഒക്കെ യാഥാർഥ്യ ബോധത്തോടെ ചിത്രീകരിക്കുന്ന സിനിമകൾ ഉണ്ടാവണമെങ്കിൽ എഴുതാനും സംവിധാനം ചെയ്യാനുമൊക്കെ പെണ്ണുങ്ങൾ തന്നെ ഉണ്ടാവേണ്ടതുണ്ട്.
പെണ്ണിനെ കമന്റടിച്ചാലോ കയറിപ്പിടിച്ചാലോ വന്നു തല്ലുണ്ടാക്കുന്ന ആൺ വാഴ്ത്തു സിനിമകളല്ല. പൊതുഇടങ്ങളിൽ ആയാലും വീടകങ്ങളിൽ ആയാലും വെറുമൊരു ഉടലായും ഭോഗവസ്തുവായും മാത്രം കാണുകയും ഇടപെടുകയും ചെയ്യുന്നത് നിരന്തരം  കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പെണ്ണിന്റെ ഉള്ളിലെ  വിഹ്വലതകളും രോഷവും ഒക്കെയാണ് സിനിമായവേണ്ടത്. പൊതുസ്ഥലങ്ങളിൽ ആയാലും പണിയിടങ്ങളിൽ ആയാലും മൂത്രപ്പുര പോലും ഇല്ലാത്ത പെണ്ണിന്റെ അവസ്ഥ, പഠിക്കാനായാലും ജോലിക്കായാലും വീടിനു പുറത്തു കഴിയുന്ന പെണ്ണിന് മാസത്തിലെ ആ അഞ്ചാറ് ദിവസങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ. ഭർത്താവ് വിദേശത്തു കഴിയുന്ന പ്രവാസിഭാര്യമാരുടെ മനഃസംഘർഷങ്ങളും അവർ അനുഭവിക്കുന്ന പ്രശ്നങ്ങളും. നീളൻ ഡയലോഗുകളിലൂടെ അല്ലാതെ ഇതൊക്കെ ഫലിപ്പിക്കാനും സാമൂഹശ്രദ്ധയിൽ കൊണ്ടുവരാനും കഴിയുക പെണ്ണ് ഒരുക്കുന്ന സിനിമകളിലൂടെ ആവും എന്നതിൽ സംശയമുണ്ടോ. തീർച്ചയായും ഇങ്ങനെയുള്ള പെൺ സിനിമകൾ ശ്രദ്ധിക്കപ്പെടുകയും വിജയം വരിക്കുകയും ചെയ്യും.
മലയാള സിനിമാ ഇൻഡസ്ട്രി വേണ്ട രീതിയിൽ കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ടിട്ടില്ലെങ്കിലും പ്രേക്ഷകൻ ഏറെ മാറിയിട്ടുണ്ട്. ജീവിതഗന്ധിയായ പ്രമേയങ്ങളും ആവിഷ്കാരങ്ങളും ആണ് അവർ തേടുന്നത്. ഇന്റർനെറ്റ് വ്യാപകമായതോടെ ഏറ്റവും മികച്ച വിദേശ സിനിമകൾ കാണുകയും ചർച്ച ചെയ്യുകയും ചെയ്യുന്നൊരു തലമുറ ഇവിടെ വളർന്നു വരുന്നുണ്ട്. അവരുടെ മുന്നിലാണ് നാം ഇപ്പോഴും നായകന്റെ ശൂരത്വം ആണ് സിനിമ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്.
ഒരു കലാരൂപം എന്നത് പോലെ സിനിമ വൻ മുതൽമുടക്കുള്ള ഒരു വ്യവസായം കൂടിയാണ്. അതുകൊണ്ടു തന്നെ കാലങ്ങളായി ചില ജനപ്രിയ ഫോർമുലകൾക്ക് അപ്പുറം കടക്കാൻ മടിക്കുന്നവരാണ് നമ്മുടെ മിക്ക സംവിധായകരും. നായക പ്രധാന്യമില്ലാത്ത സിനിമ എന്നത്   സൂപ്പർതാരങ്ങളെ പോലെ അവർക്കും അചിന്ത്യമാണ്. എന്നാൽ ഇന്ന് ജീവിതത്തിൽ പെണ്ണിന് ഏറെ പ്രാധാന്യമുണ്ട്. അടുക്കളകളിൽ നിന്ന് തൊഴിലിടങ്ങളിലേക്ക് മാത്രമല്ല, സമരമുഖങ്ങളിലും സ്ത്രീയുടെ വ്യക്തിത്വവും നിലപാടും അടയാളപ്പെടുത്തപ്പെടുന്നു. ശാസ്ത്രജ്ഞയോ കലാകാരിയോ കളിക്കാരിയോ തൊഴിലുറപ്പ് ജോലിക്ക് പോകുന്നവളോ ആരായാലും അവരുടെയൊക്കെ ലോകം വ്യത്യസ്തമാണ്. ആണ് അറിയാത്ത ഒരുപാട് ജീവിതനുഭവങ്ങളിലൂടെയാണ് അവർ കടന്നു പോകുന്നത്. ജനകീയ മാധ്യമമായ സിനിമയിലൂടെ ഇതൊക്കെ ആവിഷ്കരിക്കാൻ കഴിവുള്ള വനിതകൾ ഉണ്ടാവുമ്പോഴേ നമ്മുടെ സിനിമകൾ ശരിക്കും ജനകീയമാവൂ.
ടൈറ്റിൽ കാർഡിൽ കാണുന്ന പേരിനപ്പുറം  സിനിമാ നിർമ്മാണ രംഗത്ത്  സിനിമയെ അറിയുന്ന വനിതാ നിർമ്മാതാക്കൾ അപൂർവ്വമാണ്. സ്ത്രീകളുടെ ഉയർച്ച ആഗ്രഹിക്കുന്ന നടിമാർ അടക്കം ഈ മേഖലയിൽ ഉള്ളവർ ഇതിനായി മുന്നോട്ടു വന്നാൽ സഹകരിക്കാൻ താല്പര്യമുള്ള വനിതാസംരംഭകരെ കിട്ടാൻ പ്രയാസം ഉണ്ടാവുകയില്ല. വലിയ അധോലോക ബന്ധം ഉണ്ടെന്നു പറയുന്ന  ബോളിവുഡിൽ പോലും വനിതാ സംവിധായികമാരും എഴുത്തുകാരും മറ്റു സാങ്കേതിക പ്രവർത്തകരും ഉയർന്നു വരുമ്പോൾ സാക്ഷര സുന്ദര കേരളത്തിൽ മാത്രം പെണ്ണുങ്ങൾ ക്യാമറക്ക് മുന്നിൽ മാത്രം ഒതുങ്ങിപ്പോകുന്നത് എന്ത്കൊണ്ടാവാം എന്നത് സിനിമാപ്രേമികൾ ഗൗരവപൂർവ്വം ചിന്തിക്കേണ്ടതുണ്ട്.
 നിർമ്മാതാവ് മുതൽ ലൈറ്റ്‌ബോയ്‌ വരെ ഉള്ളവരെ സഹകരിപ്പിച്ചു കൊണ്ടുപോവാനും പകലും രാത്രിയും ഇല്ലാതെ പലയിടങ്ങളിലായി, പ്രീ പ്രൊഡക്ഷൻ വർക്കുകൾ മുതൽ റിലീസ് വരെ ഓടിനടക്കാനും ഒക്കെയുള്ള ബുദ്ധിമുട്ടുകൾ ഒരു കാരണം ആണെങ്കിലും ഇന്ന് അതിലേറെ വെല്ലുവിളിയുള്ള തൊഴിൽ മേഖലകളിലേക്ക് പോലും സാഹസപൂർവ്വം വനിതകൾ എത്തിച്ചേരുന്ന കാലമാണ് എന്നോർക്കണം. സിനിമ പെണ്ണിന്റേത് കൂടി ആവണം എന്ന ആത്മാർത്ഥമായ ആഗ്രഹം ഉള്ള സിനിമാക്കാർ തന്നെ മുൻകൈ എടുത്താൽ പ്രതിഭയുള്ള പെൺകുട്ടികൾ ധൈര്യപൂർവ്വം ഈ രംഗത്തേക്ക് കടന്നുവരാതിരിക്കില്ല.
അങ്ങനെ ആവുമ്പോൾ മാത്രമേ മലയാള സിനിമ പെണ്ണിന്റേത് കൂടി ആയി മാറുകയുള്ളൂ. ഡയലോഗുകളിലെ സ്ത്രീവിരുദ്ധത ഇല്ലാതാക്കിയത് കൊണ്ടോ ഏതെങ്കിലും നടൻ അങ്ങനെയുള്ള സിനിമകൾ വേണ്ടെന്ന് വെച്ചത് കൊണ്ടോ മലയാള സിനിമയുടെ ആണ്കോയ്മയും ആൺചായ്‌വും ഇല്ലാതാകുകയില്ല. വർത്തമാനകാല സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്താനും മാറ്റങ്ങൾ ഉണ്ടാക്കാനും കഴിയുന്ന കലാരൂപം തന്നെയാണ് സിനിമ. അത് കേവലം വിനോദോപാധി എന്ന നിലയിൽ മാത്രം കാണുകയും അതിനായി തട്ടിക്കൂട്ടുന്ന സംഗതികൾ ആവിഷ്കരിച്ചു ഇതാണ് സിനിമ എന്ന് വിടുവായത്തം പറയുകയും ചെയ്യുന്നവരിൽ നിന്ന് സിനിമയെ തിരിച്ചു പിടിക്കാനും ഈ മാധ്യമത്തെ ഗുണപരമായ രീതിയിൽ ഉപയോഗപ്പെടുത്താനും കഴിവും പ്രാപ്തിയും ഉള്ള വനിതകൾ മലയാള സിനിമയുടെ സകല മേഖലകളിലും എത്തേണ്ടതുണ്ട്. നിർമ്മാതാവും സംവിധായികയും തിരക്കഥാകൃത്തും ക്യാമറപ്പേഴ്‌സണും സംഗീത സംവിധായികയും എഡിറ്ററും മുതൽ വിതരണക്കാർ വരെ വനിതകളും ഉണ്ടാവുമ്പോഴാണ്  ഇവിടെ നല്ല സിനിമകൾ പിറവിയെടുക്കുക. അതിനായി ഉണർന്നു ചിന്തിക്കട്ടെ യഥാർത്ഥ സിനിമാ പ്രേമികളും സ്ത്രീ ശാക്തീകരണ വാദികളും.
അതല്ലെങ്കിൽ പെണ്ണിന്റെ മനസ്സും ചിന്തയും ഇടപെടലുകളും ഇല്ലാത്ത,  കരച്ചിലും പിഴിച്ചിലും പ്രണയവും അല്ലാതെ വേറൊന്നിനും കൊള്ളാത്ത പെൺ രൂപങ്ങൾ മാത്രമുള്ള സിനിമകൾ കണ്ട് നമുക്ക് കൈയടിക്കാം. പിന്നീട് ആ സിനിമകളിലെ താര ഡയലോഗുകളിലെ പെൺ വിരുദ്ധത ചികഞ്ഞു പിടിച്ചു്‌ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യാം. സിനിമ ഈ കാലഘട്ടത്തിന്റെ ശക്തമായ മാധ്യമം ആണ് എന്ന് ബോധമുള്ളവർ, ഈ കലാരൂപത്തെ സ്നേഹിക്കുന്നവർ സിനിമയുടെ പിന്നണിയിലേക്ക് പ്രതിഭകളായ സ്ത്രീകളെ എങ്ങനെ കൊണ്ടുവരാം എന്ന് ചിന്തിക്കട്ടെ. സ്ത്രീകളുടെ വ്യക്തിത്വ പ്രകാശനത്തിനും പെണ്ണനുഭവങ്ങളുടെ ആവിഷ്കാരത്തിനും ഇത്രയും ശക്തമായ ഒരു മാധ്യമവും കലാരൂപവും ഇല്ല എന്ന് എപ്പോഴാണ് നാം ഗൗരവപൂർവ്വം ഉൾക്കൊള്ളുക.
കടപ്പാട്-നജീബ് മൂടാടി
( പ്രവാസി മലയാളിയും, എഴുത്തുകാരനും, സാമൂഹികപ്രവര്‍ത്തകനുമാണ്  ശ്രീ നജീബ് മൂടാടി)
palacharakkukada.blogspot.com