ഫെയ്‌സ്ബുക്കില്‍ കൂട്ടുകാരോട് പിണങ്ങണോ?; എന്നാല്‍ ഇതാ പുതിയ ഫീച്ചര്‍ എത്തിപ്പോയി

0

ലൈക്‌ അടിക്കാനും സ്മൈലി ഇടാനും മാത്രമല്ല കൂട്ടുകാരോട് പിണങ്ങാനും ഇനി ഫേസ്ബുക്ക് സഹായിക്കും. അതെ സംഗതി എത്തിപ്പോയി. ഇതിനായി പ്രത്യേകം ‘സ്‌നൂസ് ബട്ടന്‍’ ആണ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്. സുഹൃത്തുക്കളില്‍ നിന്നും പേജുകളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നുമെല്ലാമുള്ള പോസ്റ്റുകളെ താല്‍കാലികമായി അകറ്റി നിര്‍ത്താനാണ്  ഫെയ്‌സ്ബുക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.

30 ദിവസം വരെ ഫെയ്‌സ്ബുക്ക് പേജുകളെയും, സുഹൃത്തുക്കളേയും, ഗ്രൂപ്പുകളെയും നിശബ്ദമാക്കി നിര്‍ത്താന്‍ ഇതുവഴി നിങ്ങള്‍ക്ക് സാധിക്കും. ഇതിനായി ഒരോ ഫെയ്‌സ്ബുക്ക് പോസ്റ്റിനും മുകളില്‍ വലതുഭാഗത്തായുള്ള ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ സ്‌നൂസ് എന്ന ഓപ്ഷനും ഉണ്ടാവും. അതില്‍ ക്ലിക്ക് ചെയ്താല്‍ 30 ദിവസത്തേക്ക് ആ പോസ്റ്റിനുടമയായ ഗ്രൂപ്പില്‍ നിന്നോ പേജില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ഉള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ നിങ്ങള്‍ കാണില്ല. നിങ്ങള്‍ക്ക് ആഗ്രഹമുള്ള സമയത്ത് സ്‌നൂസ് നിര്‍ത്താവുന്നതുമാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉടമകളെ താല്ക്കാലികമായി അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യം മാത്രമാണ് ഈ ഫീച്ചറിനുള്ളത്.