സർക്കാർ കാഴ്ചക്കാരനോ?

0

പാലാ ബിഷപ്പിൻ്റെ നാർക്കോട്ടിക്ക് ജിഹാദ് പ്രസ്താവന കേരളീയ സാമൂഹ്യ മനസ്സിൽ സൃഷ്ടിച്ച വിള്ളലുകളും അകൽച്ചയും അന്തരീക്ഷത്തിൽ നിന്നും തുടച്ചു നീക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. സ്വാഭാവികമായും സംഭവിക്കുന്നത് പോലെ ഇവിടെയും സമൂഹം വിവിധ ചേരികളിലായി അനുകൂലിച്ചും പ്രതികൂലിച്ചും പ്രസ്താവനകളുമായി മാധ്യമങ്ങളിലെ വെള്ളി വെളിച്ചത്തിൽ പ്രശോഭിതരായി പരിലസിച്ചു നില്ക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കുകയായിരുന്നു. മതമേലധ്യക്ഷന്മാരും പുരോഹിതരും സന്യാസിമാരും രംഗം കൊഴുപ്പിക്കാൻ അരയും തലയും മുറുക്കി അങ്കക്കലിയുമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. അവരെല്ലാം മറന്നു പോയ ഒരു യാഥാർത്ഥ്യമുണ്ടായിരുന്നു. തകർന്ന് ശിഥിലമാകുന്നത് കേരളത്തിൻ്റെ സാമൂഹ്യ ഐക്യവും സൗഹൃദവുമാണെന്ന പച്ചയായ വസ്തുത.

കാലങ്ങളായി നാം കാത്തു സൂക്ഷിച്ചിരുന്ന ഈ സാമൂഹ്യ ദൃഢത ചീട്ടു കൊട്ടാരം പോലെ തകരുമെന്നറിഞ്ഞിട്ടും രാഷ്ടീയ ലാഭമുണ്ടാകാനുള്ള വഴിയായിട്ട് ഇതിനെ മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലായിരുന്നു. രാഷ്ട്രീയ കക്ഷികൾ എന്ന യാഥാർത്ഥ്യം അവഗണിക്കാൻ കഴിയുന്നതല്ല. ഭരണാധികാരികൾ ഉണർന്നെഴുന്നേൽക്കേണ്ടത് ഇത്തരം സന്ദർഭങ്ങളിലാണ്. നിർഭാഗ്യകരമെന്ന് പറയട്ടെ അത്തരം അവസരോചിതമായ ഇടപെടലായിരുന്നില്ല സർക്കാറിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. മുറിവേറ്റവരെ ആശ്വസിപ്പിക്കേണ്ടതിന് പകരം വിവാദ പ്രസ്താവന നടത്തിയ ബിഷപ്പിൻ്റെ പാണ്ഡിത്യത്തെപ്പറ്റിയാണ് നമ്മുടെ ഒരു മന്ത്രി ജനതയോട് സംസാരിച്ചത്. കുളം കലക്കി മീൻ പിടിക്കാൻ മറ്റുള്ളവർക്ക് അവസരമുണ്ടാക്കി എന്നത് മാത്രമാണ് ഈ പ്രസ്താവന കൊണ്ടുണ്ടായ നേട്ടം.

പന്ത് മത മേലധ്യക്ഷന്മാരുടെ കളത്തിലേക്ക് ചവിട്ടിക്കൊടുത്ത് നിസ്സംഗരായ കാഴ്ചക്കാരായി മാറി നിൽക്കുന്നത് ഭരണാധികാരികൾക്ക് ഭൂഷണമല്ല. ഇനിയും സമയം വൈകിയിട്ടില്ല. സർക്കാറിൻ്റെ നേതൃത്വത്തിൽ തന്നെ മുറിവുണക്കാനുള്ള പരിശ്രമങ്ങൾ നടത്തുകയും കേരളത്തിന് നഷ്ടപ്പെട്ടു പോകാനിടയുള്ള സാമൂഹ്യ സൗഹാർദവും സഹിഷ്ണുതയും തിരിച്ചു കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. സ്വർഗ്ഗവും നരകവും നിർമിക്കുന്നത് നാം തന്നെയാണെന്ന തിരിച്ചറിവാണ് പ്രധാനം. കേരളം ഒരു ഭ്രാന്താലയമായി മാറിത്തരാൻ അവസരമൊരുക്കുന്നത് വരും തലമുറയോട് ചെയ്യുന്ന കുറ്റകൃത്യമായി കണക്കാക്കേണ്ടതുണ്ട്.