മുത്തലാഖ് നിരോധന ബില്‍ ഇന്ന് ലോക്‌സഭയില്‍

0

17ാം ലോക്സഭയിൽ രണ്ടാം മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ലായി മുത്തലാഖ് നിരോധന ബില്‍ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ ഡിസംബറില്‍ മുത്തലാഖ് ബില്ല് ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്ല് പാസാക്കാനായില്ല.

പ്രതിപക്ഷം യോജിച്ച് എതിര്‍ത്താല്‍ രാജ്യസഭയില്‍ മുത്തലാഖ് ബില്ല് പാസാക്കുക ഇപ്പോഴും സര്‍ക്കാരിന് വെല്ലുവിളിയാണ്. മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി 2018 ഓഗസ്റ്റ് 22-ന് പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നായിരുന്നു ബില്‍ കൊണ്ടുവന്നത്.

മുത്തലാഖ്, നിഖാഹ് ഹലാല എന്നിവ സാമൂഹ്യ വിപത്താണെന്നും ഇതിനെതിരെ ശക്തമായ നിയമ നിർമാണം നടത്തുമെന്നും ഇന്നലെ നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ബില്ല് വീണ്ടും ലോക സഭയു പരിഗണനയ്ക്കെത്തുന്നത്.

ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് (തലാഖ്ഇബിദ്ദത്ത്) ക്രിമിനല്‍ക്കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. മുത്തലാക്ക് ബില്ലിന് പുറമെ കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രൻ ഉന്നയിച്ച ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നത് ഉൾപ്പെടെ നാല് സ്വകാര്യ ബില്ലുകളും ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുന്നത്.

ശബരിമലയിൽ സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ബില്ലിലെ പ്രധാന ആവശ്യം. ഈ ബില്ലിനെതിരെ കൂടാതെ തൊഴിലുറപ്പ്, ഇഎസ്ഐ, സര്‍ഫാസി നിയമ ഭേദഗതി ബില്ലുകളും ഇന്ന് സഭയിലെത്തും.