ഇന്ത്യയിലേക്ക് യാത്രയ്ക്ക് ആർടിപിസിആർ വേണ്ട; യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് ഇളവ്

0

ദുബായ്/ ജിദ്ദ ∙ ഇന്ത്യയിലേയ്ക്ക് യാത്രചെയ്യുന്നവർക്ക് കോവിഡ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടെന്ന പ്രഖ്യാപനം സൗദിയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക്‌ ആശ്വാസം. അതേസമയം, യുഎഇ പട്ടികയിൽ ഇടം നേടിയിട്ടില്ല. ഇൗ മാസം 14 മുതൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ഇളവ് പ്രാബല്യത്തിലുണ്ടാവുക. വിദേശത്ത് നിന്നെത്തുന്നവർക്ക് നിർദേശിച്ചിരുന്ന ഏഴ് ദിവസത്തെ ക്വാറന്റീനും ഒഴിവാക്കി. 14 ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് പുതിയ നിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ ഭേദഗതി പുറത്തിറക്കിയത്.

യുഎഇ പ്രവാസികൾ ഇന്ത്യയിലേയ്ക്ക് പോകുമ്പോൾ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർടിഫിക്കറ്റ് കരുതണം. സൗദി കൂടാതെ ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് വരുന്നവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. 82 രാജ്യങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ മാർഗ നിർദേശത്തിലാണ് പ്രവാസികൾക്കടക്കം ആശ്വാസം പകരുന്ന പുതിയ നടപടികൾ പ്രഖ്യാപിച്ചത്. പ്രവാസികൾ വാക്സീൻ സർട്ടിഫിക്കറ്റുകൾ കൈവശം കരുതിയാൽ മതി. എന്നാൽ എയർ സുവിധയിൽ ഇത്‌ അപ്‌ലോഡ് ചെയ്യണം.

നിലവിൽ 72 മണിക്കൂർ ഉള്ളിലെ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നതിനാൽ അത്യാവശ്യങ്ങൾക്കായി നാട്ടിലേയ്ക്ക് തിരിക്കാൻ പ്രവാസികൾക്ക് സാധിച്ചിരുന്നില്ല. ഇതോടെ ആ പ്രശ്നത്തിനു പരിഹാരമായി.

യുഎസ്എ, യുകെ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, സ്പെയിൻ, സിംഗപ്പൂർ, ന്യൂസിലൻഡ്, മെക്സിക്കോ, മാലിദ്വീപ്, മലേഷ്യ, അയർലൻഡ്, ഫിൻലൻഡ്, ഹോങ്ങ്കോങ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും പട്ടികയിൽ ഉൾപ്പെടും.