ചരിത്രമെഴുതി രോഹിത്: ലോകകപ്പിൽ കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റൻ

0

അഹമ്മദാബാദ്∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനൽ പോരാട്ടത്തില്‍ 47 റൺസെടുത്ത് പുറത്തായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ലോകകപ്പിന്റെ ഒരു എഡിഷനിൽ കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡുമായാണ് രോഹിത് ശർമ ഗ്രൗണ്ട് വിട്ടത്. 2023 ലോകകപ്പിലെ 11 ഇന്നിങ്സുകളിൽനിന്ന് 597 റൺസാണു രോഹിത് ശർമ നേടിയത്. 31 സിക്സുകളുമായി ഒരു ലോകകപ്പില്‍ കൂടുതല്‍ സിക്സുകൾ നേടിയ താരമെന്ന റെക്കോർ‍ഡും രോഹിത് ശർമയുടെ പേരിലാണ്.

ലോകകപ്പിൽ ഒരു സെഞ്ചറിയും മൂന്ന് അർധ സെഞ്ചറികളും രോഹിത് സ്വന്തമാക്കി. ഫൈനലിൽ 31 പന്തുകളിൽനിന്നാണ് താരം 47 റൺസെടുത്തത്. മൂന്ന് സിക്സുകളും നാല് ഫോറുകളും നേടി. പത്താം ഓവറിൽ സ്പിന്നർ ഗ്ലെന്‍ മാക്‌സ്‍വെല്ലിന്റെ പന്തിൽ ട്രാവിസ് ഹെഡ് തകർപ്പനൊരു ക്യാച്ചിലൂടെ ഇന്ത്യൻ ക്യാപ്റ്റനെ പുറത്താക്കുകയായിരുന്നു.

ന്യൂസീലൻഡിനെതിരായ സെമി ഫൈനൽ പോരാട്ടത്തിലും രോഹിത് ശർമ 47 റൺസെടുത്താണു പുറത്തായത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ 29 പന്തുകൾ നേരിട്ട രോഹിത് നാലു വീതം സിക്സുകളും ഫോറുകളും നേടിയിരുന്നു. ടിം സൗത്തിയുടെ പന്തിൽ കെയ്ൻ വില്യംസൻ ക്യാച്ചെടുത്തായിരുന്നു രോഹിത് ശർമയെ പുറത്താക്കിയത്.

ഓസീസിനെതിരായ ഫൈനൽ പോരാട്ടത്തോടെ ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിലെ മികച്ച പാർട്ണർഷിപ്പ് സ്കോറെന്ന റെക്കോര്‍ഡിൽ രോഹിത് ശർമയും ശുഭ്മൻ ഗില്ലും രണ്ടാമതെത്തി. ഇരുവരും ഒരുമിച്ച് 1523 റൺസാണ് ഈ വർഷം അടിച്ചുകൂട്ടിയത്. 1635 റൺസുകളുമായി സച്ചിൻ തെൻഡുൽക്കറും സൗരവ് ഗാംഗുലിയുമാണ് ഇക്കാര്യത്തിൽ ഒന്നാമതുള്ളത്. 1998ലായിരുന്നു ഇരുവരുടേയും പ്രകടനം.