കൊച്ചിയുള്‍പ്പെടെ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാന്‍ എയര്‍

0

മസ്‌കറ്റ്: മസ്‌കറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍. കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് മസ്‌കറ്റില്‍ നിന്ന് ആഴ്ചയില്‍ 10 വീതം സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കാലയളവിലാണ് ഈ സര്‍വീസുകള്‍ ലഭ്യമാകുക. രാജ്യാന്തര വിപണികളില്‍ മികച്ച സേവനം നല്‍കുന്നതിനും അവധിക്കാലത്ത് യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സമഗ്ര പദ്ധതികളുടെ ഭാഗമായാണ് കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതെന്ന് ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് ആന്‍ഡ് ഏഷ്യ-പസഫിക് വൈസ് പ്രസിഡന്റ് സെയില്‍സ്, ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു.

മസ്‌കറ്റില്‍ നിന്ന് എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ആഴ്ചയില്‍ 122 സര്‍വീസുകള്‍ എയര്‍ലൈന്‍ നടത്തും. ആഴ്ചയില്‍ 18 അധിക സര്‍വീസുകളും ഉണ്ടാകും. ഡല്‍ഹി, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കും ആഴ്ചയില്‍ 10 സര്‍വീസുകളും ബെംഗളൂരു, മുംബൈ, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ ഏഴ് സര്‍വീസുകളും ഗോവയിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളും എയര്‍ലൈന്‍ ഓപ്പറേറ്റ് ചെയ്യും.