പുതിയ അധ്യയന വർഷത്തിന് തുടക്കം; കേരളം ഇന്നുമുതൽ പുതിയ വിദ്യാഭ്യാസ രീതിയിലേക്ക്

0

പുള്ളികുടയും, പുതിയ സ്ളേറ്റും കുട്ടികുറുമ്പിന്‍റെ അലമുറകളുമില്ലാതെ ഒരധ്യായന വർഷംകൂടെ ഇന്നാരംഭിക്കുകയാണ്. പരമ്പരാഗതരീതിയിൽ ക്ളാസ് പഠനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതിയ അദ്ധ്യയന രീതിയിലേക്ക് മാറാൻ നിർബന്ധിതമായിരിക്കുകയാണ്.ഓണ്‍ലൈന്‍ പഠനത്തിലൂടെയാണ് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം. തിങ്കളാഴ്ച രാവിലെ എട്ടരയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖ സന്ദേശത്തോടെയാണ് ഓണ്‍ലൈന്‍ ക്ലാസിന് തുടക്കം കുറിച്ചത്.സംസ്ഥാനത്ത് ഇതാദ്യമായാണ് കുട്ടികൾ സ്കൂളിലേക്കെത്താതെ ക്ലാസ് തുടങ്ങിയത്. ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്സ് ചാനലിലൂടെയാണ് പഠനം.

ഓണ്‍ലൈന്‍ ക്ലാസിന്റെ പ്രായോഗികത അധ്യാപകര്‍ നിരീക്ഷിക്കണമെന്നും വിദ്യാര്‍ഥികള്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും ആമുഖ സന്ദേശത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുടങ്ങിയാല്‍ കോവിഡ് വ്യാപനം കൂടുമെന്നും പുതിയ പഠന മാതൃക വിജയകരമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

വീടാണ് ക്ലാസ് മുറി. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുള്ള ഇംഗ്ലീഷ് ക്ലാസോടെയാണ് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയത്. രാവിലെ എട്ടര മുതല്‍ വൈകീട്ട് 5.30 വരെ ക്ലാസ് നടക്കും. രാവിവെ 8.30 മുതല്‍ 10.30 വരെയുള്ള ആദ്യ ക്ലാസ് പ്ലസ് ടു കാര്‍ക്കാണ്. 10.30 മുതല്‍ 11 വരെ ഒന്നാം ക്ലാസുകാര്‍ക്കും 11 മുതല്‍ 12.30 വരെ പത്താം ക്ലാസുകര്‍ക്കുമുള്ള സമയമാണ്. ഒന്ന് മുതല്‍ ഏഴ് വരെ ഉള്ളവര്‍ക്ക് അര മണിക്കൂറാണ് ക്ലാസ്.

ടിവിയോ ഓണ്‍ലൈന്‍ സംവിധാനമോ ഇല്ലാത്തിടങ്ങളിൽ പിടിഎയുടെയും കുടുംബശ്രീയുടെയും സഹായത്തോടെ മറ്റ് സംവിധാനമൊരുക്കും. ക്ലാസുകളുടെ പുന സംപ്രേഷണവും ഉണ്ടാകും. ഓണ്‍ലൈന്‍ ക്ലാസിന് പുറമേ അധ്യാപകര്‍ ഫോണിലൂടെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പഠനം ശ്രദ്ധിക്കും.

ക്ലാസ് മുറിയിലേത് പോലെ കുട്ടികള്‍ക്ക് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാകുമോയെന്ന ആശങ്ക രക്ഷിതാക്കള്‍ക്കുണ്ട്. ആദ്യ ആഴ്ചയിലെ ഓൺലൈൻ ക്ലാസുകൾ വിലയിരുത്തിയ ശേഷം മെച്ചപ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം.

ഇന്നത്തെ ടൈംടേബിള്‍

 • പ്ലസ്ടു: 8.30- ഇംഗ്ലീഷ്, 9.00- ജ്യോഗ്രഫി, 9.30- മാത്തമാറ്റിക്സ്, 10- കെമിസ്ട്രി.
 • പത്താംക്ലാസ്: 11- ഭൗതികശാസ്ത്രം, 11.30- ഗണിതശാസ്ത്രം, 12- ജീവശാസ്ത്രം
 • ഒമ്പതാംക്ലാസ്: 4.30- ഇംഗ്ലീഷ്, 5- ഗണിതശാസ്ത്രം
 • എട്ടാംക്ലാസ്: 3.30- ഗണിതശാസ്ത്രം, 4- രസതന്ത്രം
 • ഏഴാംക്ലാസ്: 3- മലയാളം
 • ആറാംക്ലാസ്: 2.30- മലയാളം
 • അഞ്ചാംക്ലാസ്: 2- മലയാളം
 • നാലാംക്ലാസ്: 1.30- ഇംഗ്ലീഷ്
 • മൂന്നാംക്ലാസ്: 1- മലയാളം
 • രണ്ടാംക്ലാസ്: 12.30- ജനറല്‍
 • ഒന്നാംക്ലാസ്: 10.30- പൊതുവിഷയം

പന്ത്രണ്ടാംക്ലാസിലുള്ള നാലുവിഷയങ്ങളും രാത്രി ഏഴുമുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങള്‍ വൈകുന്നേരം 5.30 മുതലും തിങ്കളാഴ്ചതന്നെ ഇതേ ക്രമത്തില്‍ പുനഃസംപ്രേഷണമുണ്ടാകും. മറ്റു ക്ലാസുകളിലെ വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും.