നിങ്ങളുടെ കാറിനടുത്ത്‌, ചപ്രത്തലയും, വിളറിയ മുഖവുമായിഭിക്ഷ യാചിക്കുന്ന ആ കുഞ്ഞിന്, നാണയത്തുട്ടുകള്‍ എറിഞ്ഞു കൊടുക്കുമ്പോള്‍, അത്‌ വലിയൊരു യാചക റാക്കറ്റിന്‍റെ  കീശയിലേക്കാണു വീഴുന്നത്‌ എന്നു അറിയുക. മറ്റൊരു കുട്ടിയേയും കൂടി അപഹരിച്ചു, ഭിക്ഷ യാചിക്കുന്ന  തൊഴിലിലേക്കു തള്ളിവിട്ട്‌ പണം സമ്പാദിക്കുന്ന അധമരെ വളര്‍ത്താനും കൂടിയാണു അത് ഉപകരിക്കുക.

കയ്യില്‍ തളര്‍ന്നുറങ്ങുന്ന കുഞ്ഞിനേയും കൊണ്ടുവരുന്ന വിഷാദ ഛായയുള്ള ആ സ്ത്രീയ ടെ കുഞ്ഞല്ല അത്‌ എന്നറിയുക. പിഞ്ചു കുഞ്ഞുങ്ങളെ വാടക്കക്കെടുത്ത്‌, ഫെനര്‍ഗ്ഗാന്‍, ഓപ്പിയം തുടങ്ങിയ മയക്കു മരുന്നുകള്‍ കൊടുത്തു മയക്കിക്കിടത്തി ഭിക്ഷയാചിക്കുന്നു. ഏത്‌ തിരക്കിലും ബഹളത്തിലും, കുഞ്ഞുങ്ങള്‍ സദാ ഉറങ്ങുന്നത്‌ എങ്ങിനെയാണെന്നൊന്നും നാം ചിന്തിക്കാറില്ല.

ഓരോ ഉത്സവങ്ങള്‍ക്കും, പെരുന്നാളുകള്‍ക്കും, നൂറുകണക്കിനു കുട്ടികളെ നേരിയ തോതില്‍ മയക്കു മരുന്നും മറ്റും കൊടുത്ത്‌ തെരുവില്‍ ഇറക്കുന്നു. വാഹനങ്ങള്‍ക്കിടയിലൂടെ അപകടകരമാം വിധം അഭ്യാസങ്ങള്‍ കാണിച്ച്,  പിന്നീട്‌ കൈ നീട്ടുന്ന കൊച്ചു കുട്ടികള്‍ അപഹരിക്കപ്പെട്ടതാകാം. അല്ലെങ്കില്‍ ഒരു നിയന്ത്രണവുമില്ലാതെ ജനിച്ചു പോകുന്ന കുട്ടികളെ, അവരുടെ സംരക്ഷ ണക്കോ, സുരക്ഷിതത്തിനോ ഒരു വിലയും കല്‍പ്പിക്കാത്ത മദ്യപാനികളായ മാതാപിതാക്കന്മാര്‍ ഇത്തരം കച്ചവടക്കാര്‍ക്കു വില്‍ക്കുന്നു. ലൈംഗിക വൃത്തിക്കും ഈ കുട്ടികളെ ഉപയോഗിച്ചു പണം ഉണ്ടാക്കുന്നു.

മാതൃ സ്നേഹത്തിന്‍റെ പര്യായങ്ങളായ സ്ത്രീകളും ഇതില്‍ പങ്കാളികളാണെന്നതാണ്  ഖേദകരം. വാസ്തവത്തില്‍ ഉത്തരവാദിത്വമില്ലാതെ മക്കളെ ഇത്തരം സാഹചര്യത്തിലേക്കു തള്ളിവിടുന്ന രക്ഷിതാക്കളെ ശിക്ഷിക്കാന്‍ നിയമം ഉണ്ടാവണം. കുപ്രസിദ്ധമായ നിതാരി കൊല പരമ്പരയില്‍ ഇത്രയധികം കുട്ടികള്‍ മരിക്കുന്നതുവരെ അറിയാതെ പോയതും ഇങ്ങിനെയാണു. “ആഫ്റ്റര്‍ ആള്‍ ഹൂസ്‌ ചില്‍ഡ്രന്‍ ആര്‍ ദേ എനി വേ.!”…..

ബാംഗളൂരിലെ ഒരു സോഫ്റ്റ്‌ വെയര്‍ പ്രൊഫഷണല്‍ ദമ്പതികളുടെ കുഞ്ഞിനെ വേലക്കാരി ദിവസവാടകക്കു ഭിക്ഷക്കാര്‍ക്കു നല്‍കിയതും കേസായിരുന്നു.  ഇഴഞ്ഞു കയറുന്ന സര്‍പ്പത്തെ ഭയന്നു ചിറകിനടിയില്‍ കുഞ്ഞുങ്ങളെ ഒളിപ്പിക്കുന്ന തള്ളപ്പക്ഷിയെപ്പോലെയാണ് നാമും. ചെയില്‍ഡ്‌ ട്രാഫിക്കിംഗ്‌ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ദുരന്തത്തിന് നാം വെറും കാഴ്ചക്കാരാവരുത്‌.

ഇപ്പോള്‍ ഫെയിസ്‌ ബുക്കില്‍ ഒരു കൂട്ടായ്മയുണ്ട്‌, www.nomoremissing.com . സംശയാസ്പദമായി കുട്ടികളെ കാണുമ്പോള്‍ ഒരു ഫോട്ടോ എടുത്ത്‌ ആ സ്ഥലത്തിന്‍റെ പേരോട്‌ കൂടി പോലീസിനു അയക്കുന്ന ഒരു ചെറിയ കാര്യം ചെയ്യുമ്പോള്‍ ഒരു പക്ഷെ നിങ്ങള്‍ ഒരു കുട്ടിയെ രക്ഷിക്കുകയായിരിക്കും. ഡോണ്‍ ബോസ്കോയുടെ കീഴില്‍
ബാംഗളൂരില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മല ഭവന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സ്ഥലം പോലീസുമായി ചേര്‍ന്നു ഇങ്ങിനെ നഷ്ടപ്പെടുന്ന  കുട്ടികളെ മാതാപിതാക്കളെ കണ്ടെത്തുവാന്‍ സഹായിക്കുന്നു. ദാരിദ്ര്യമാണ് കാരണമെങ്കില്‍ മാതാപിതാക്കള്‍ ജീവിച്ചിരുപ്പുണ്ടെങ്കിലും അവരെ സംരക്ഷിച്ചു വിദ്യാഭ്യാസം നല്‍കുന്നു.

കുട്ടികള്‍ക്കു ഭിക്ഷ നല്‍കാതെ അവര്‍ക്കു വിദ്യാഭ്യാസം നല്‍കി സംരക്ഷിക്കുന്ന ഏതെങ്കിലും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം. നിങ്ങള്‍ക്കു ചുറ്റുമുള്ള അശരണരായ കുട്ടികള്‍ക്കു അവരുടെ അവകാശമായ ഒരു നല്ല ജീവിതം കണ്ടെത്താന്‍ ശ്രമിക്കാം.

സാധാരണ ജനത്തിനു മനസ്സിലാവുന്നതിനപ്പുറത്താണു  ഈ യാചക റാക്കറ്റ്‌.! ഗോവിന്ദച്ചാമി ജയിലില്‍ സുന്ദരപുരുഷനായി വിലസുന്നത്‌ ഇത്തരം പണം പറ്റുന്ന ഒരു വക്കീലിന്‍റെ മിടുക്കാണെന്നു പറയുന്നു.

ഏതായാലും, നിഷ്കളങ്കരായ കുട്ടികളുടെ ജീവിതത്തില്‍ ഒരു മാറ്റം വരുത്തുന്നതില്‍ നമുക്കും ഒരു ചെറിയ പങ്കു വഹിക്കാം.