30 കോടി പിന്നിട്ട മലയാള ചിത്രം എന്ന ബഹുമതി ഒപ്പത്തിനു സ്വന്തം

0

മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമ മുപ്പതുകോടി കളക്ഷന്‍ നേടി. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ട്കെട്ടില്‍ പുറത്തിറങ്ങിയ ഒപ്പം ആണീ നേട്ടം കൈക്കലാക്കിയത്.ദൃശ്യം നേടിയ സര്‍വകാല കളക്ഷന്‍ റെക്കോര്‍ഡ് ആണ് ഒപ്പം തകര്‍ത്തത്.

റിലീസ് ചെയ്ത് 22 ദിവസം കൊണ്ടാണ് ഒപ്പം 30 കോടി ഗ്രോസ് കളക്ഷനായി നേടിയത്. പതിനൊന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി മോഹന്‍ലാലിന്റെ മലയാളം റിലീസായിരുന്നു ഒപ്പം.

കേരളത്തിനകത്തും പുറത്തുമുള്ള റിലീസ് കേന്ദ്രങ്ങളിലും വിദേശ റിലീസിലൂടെയും ചിത്രം 15 ദിവസം കൊണ്ട് 23 കോടി 70 ലക്ഷം ഗ്രോസ് കളക്ഷനായി നേടി. തിയറ്ററുകളിലെ പ്രദര്‍ശനം പൂര്‍ത്തിയാകുമ്പോള്‍ ദൃശ്യത്തിന് ശേഷം ഏറ്റവും മികച്ച കളക്ഷന്‍ നേടിയ മോഹന്‍ലാലിന്റെ മലയാള ചിത്രമായി ഒപ്പം മാറുമെന്നാണ് വിലയിരുത്തല്‍. കൊച്ചി മള്‍ട്ടിപ്ളെക്സിലും ഒപ്പം മികച്ച പ്രദര്‍ശന വിജയമാണ് നേടിയത്. ഓണച്ചിത്രങ്ങളില്‍ ഒരു കോടി പിന്നിട്ട ഏക ചിത്രം ഒപ്പമാണ്. 17 ദിവസം കൊണ്ട് 1 കോടി 34 ലക്ഷമാണ് ഒപ്പം ഗ്രോസ് കളക്ഷനായി നേടിയത്. 6 കോടി 75 ലക്ഷം രൂപാ ബജറ്റിലൊരുക്കിയ ഒപ്പം സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത് ഏഷ്യാനെറ്റാണ്. പതിനഞ്ച് ദിവസം കൊണ്ട് 10 കോടി 80 ലക്ഷം നിര്‍മ്മാതാവിനുള്ള ഷെയര്‍ ആയി ഒപ്പം നേടിയെന്നും വിവിധ ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒപ്പം നിര്‍മ്മിച്ചത്.