കൊല്‍ക്കത്ത ചലച്ചിത്രമേളയിൽ മാറ്റുരയ്ക്കാനൊരുങ്ങി “ഓറഞ്ച് മരങ്ങളുടെ വീട്“

0

ഇരുപത്തിയാറാമത് കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രമേളയില്‍ മാറ്റുരയ്ക്കാനൊരുങ്ങി ഡോ. ബിജു സംവിധാനം ചെയ്യുന്ന ഇൻഡോ-ചൈനീസ് സംയുക്ത സംരംഭമായ ചിത്രം ‘ഓറഞ്ച് മരങ്ങളുടെ വീട്. കൊൽക്കത്ത ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമാ മത്സര വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.

‘വെയില്‍ മരങ്ങള്‍’ എന്ന ചിത്രത്തിന് ശേഷം ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നെടുമുടി വേണു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു മുത്തച്ഛനും ചെറുമകനും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതിരാഷ്ട്രീയവും ബന്ധങ്ങളുമാണ് ചിത്രത്തിലൂടെ എടുത്തുകാട്ടുന്നത്. 2017 ൽ മേള ആരംഭിച്ച വർഷം തന്നെ സൗണ്ട് ഓഫ് സൈലൻസിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരവും ഡോ ബിജുവിനെ തേടിയെത്തിയിരുന്നു. അതുപോലെതന്നെ കൊൽക്കത്ത മേളയിൽ ഇത് ഏഴാമത്തെ തവണയാണ് ബിജുവിന്റെ സിനിമ തിരഞ്ഞെടുക്കപ്പെടുന്നത്.

സിംഗപ്പൂര്‍ കൈരളീ കലാ നിലയത്തിന്‍റെ ചലച്ചിത്ര കൂട്ടായ്മയായ സിംഗപ്പൂര്‍ കൈരളി ഫിലിം ഫോറം (SKFF) ചലച്ചിത്ര നിര്‍മ്മാണ രംഗത്തേയ്ക്ക് എത്തുന്നു എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. “ഓറഞ്ച് മരങ്ങളുടെ വീട്“ (House Of Orange Trees) -ല്‍ പ്രൊഡക്ഷന്‍ സപ്പോര്‍ട്ട് ആയാണ് എസ്.കെ.കെ.എഫ് ഒത്തുചേരുന്നത്. തിരിവനന്തപുരം, ആലപ്പുഴ, വാഗമണ്‍, നാഗ്പൂര്‍ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുന്നത്.

ഈ റോഡ് മൂവി ആദ്യ ഇന്ത്യ-ചൈനാ കോ-പ്രൊഡക്ഷൻ ചിത്രം കൂടിയാണ്. പി.ബാലചന്ദ്രൻ, ജയപ്രകാശ് കുളൂർ, പ്രകാശ് ബാരെ, കൃഷ്ണൻ ബാലകൃഷ്ണൻ, മാസ്റ്റർ ഗോവർദ്ധൻ, ജയറാം എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രത്തില്‍ എസ്.കെ.കെ.എഫ് അംഗങ്ങളും പ്രൊഡക്ഷന്‍റെ ഭാഗമായിട്ടുണ്ട്.