എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം: തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍; കസ്റ്റംസ് എത്തിയത്‌ അറസ്റ്റിനെന്ന് അഭ്യൂഹം

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ പി.ആര്‍.എസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യംചെയ്യാനായി കൊണ്ടുപോകവേ കുഴഞ്ഞുവീണതിനെത്തുടർന്ന് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.മൂന്നുമണിക്കൂറോളം ആശുപത്രിയിൽ തങ്ങിയശേഷമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഉദ്യോഗസ്ഥർ ആശുപത്രിയിൽ തങ്ങിയതോടെ അറസ്റ്റിനുള്ള നീക്കമാണെന്ന് അഭ്യൂഹമുയയർന്നു.

ശിവശങ്കറിന് ഇന്ന് ആൻജിയോഗ്രാം നടത്തും. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാർ കസ്റ്റംസിനെ അറിയിച്ചത്. ഇസിജിയിൽ വ്യത്യാസമുള്ളതുകൊണ്ടാണ് ആൻജിയോ ഗ്രാം നടത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇതിനുശേഷം ഡോക്ടർമാർ ശിവശങ്കറിന്‍റെ ആരോഗ്യനിലയെക്കുറിച്ച് നൽകുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാകും കസ്റ്റംസ് തുടർനടപടികൾ സ്വീകരിക്കുന്നത്. കാർഡിയാക് ഐസിയുവിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. എത്രനാൾ ഇവിടെ അദ്ദേഹം തുടരുമെന്നതിൽ വ്യക്തതയില്ല.

ശിവശങ്കറിന്‍റെ ആരോഗ്യനിലയെ കുറിച്ച് ഇന്ന് വിശദമായ മെഡിക്കൽ ബുള്ളറ്റിനും ആശുപത്രി അധികൃതർ പുറത്തിറക്കും. വെള്ളിയാഴ്ച വൈകീട്ട് 5.30-നാണ് പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിൽ കസ്റ്റംസ് സംഘമെത്തിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് എടുത്ത പുതിയ കേസിൽ ചോദ്യംചെയ്യുന്നതിന് സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടു. ഇക്കാര്യം കൊച്ചിയിലുള്ള അഭിഭാഷകനെ അറിയിച്ചശേഷം ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പം കാറിൽ കയറി. കാർ തൊട്ടടുത്ത ജങ്‌ഷനിൽ എത്തിയപ്പോൾ അദ്ദേഹം നെഞ്ചുവേദനിക്കുന്നതായി പറഞ്ഞു. ശിവശങ്കർ ആവശ്യപ്പെട്ടതുപ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ കരമനയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. ഇ.സി.ജി.യിൽ വ്യതിയാനം കണ്ടതിനെത്തുടർന്ന് ഹൃദ്രോഗതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

ലൈഫ് മിഷൻ സാമ്പത്തിക ഇടപാടുകളിലും സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരുമായുള്ള ബന്ധത്തിന്റെപേരിലും കസ്റ്റംസിന് പുറമെ, എൻ.ഐ.എ.യും ഇ.ഡി.യും ശിവശങ്കറിനെ 90 മണിക്കൂറിലേറെ ചോദ്യംചെയ്തിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിൽ ഈ മാസം 23 വരെ അദ്ദേഹത്തിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ജാമ്യാപേക്ഷ 23-ന് പരിഗണിക്കും. കേസിൽ പ്രതിചേർത്തിട്ടില്ലെങ്കിലും അറസ്റ്റിന് സാധ്യതയുണ്ടെന്നറിഞ്ഞാണ് ശിവശങ്കർ ജാമ്യാപേക്ഷ നൽകിയത്. വ്യാഴാഴ്ചയും അദ്ദേഹത്തെ എട്ടരമണിക്കൂർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യംചെയ്തിരുന്നു.