ആരെയും കുപ്രസിദ്ധരാക്കുന്ന നെറികെട്ട പോലീസ് സംവിധാനങ്ങൾ

1

രാജീവ് അഞ്ചലിന്റെ ‘കാശ്മീര’ത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ ഒരു നടനിൽ നിന്നും സംവിധായകനിലേക്കുള്ള വലിയൊരു വളർച്ചയുടെ കഥ തന്നെ പറയാനുണ്ട് മധുപാലിനെ കുറിച്ച്. യേശു ക്രിസ്തുവിനെ ഓർമ്മിപ്പിക്കും വിധമുള്ള താടിയും മുടിയും ശരീര പ്രകൃതിയുമുണ്ടായിരുന്ന ഒരാൾ വില്ലൻ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ പ്രേക്ഷക പരിചിതനായത് .

ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഇക്കഴിഞ്ഞ വലിയ കാലയളവിൽ സാന്നിധ്യം അറിയിച്ച നടൻ എന്നതിനേക്കാൾ നല്ലൊരു സിനിമാ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ മധുപാലിനെ സഹായിച്ചത് ആദ്യ സംവിധാന സംരംഭമായ ‘തലപ്പാവ്’ തന്നെയാണ്. നക്സൽ വർഗ്ഗീസിന്റെ ജീവിതവും അദ്ദേഹത്തിന്റെ കൊലപാതകവുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒരു കാലത്ത് തന്നെ അതിനൊരു സിനിമാവിഷ്ക്കാരം സമ്മാനിക്കാൻ മധുപാലിന്‌ സാധിച്ചു. ആദ്യ സിനിമയിൽ നിന്നും വ്യത്യസ്തമായി കേരളം പിന്നിട്ട മുപ്പത് നാൽപ്പത് വർഷ കാലയളവുകളിൽ നിലനിന്നിരുന്ന പിന്തുടർച്ചാവകാശങ്ങളുടെ പശ്ചാത്തലത്തിലാണ് ‘ഒഴിമുറി’ ഒരുക്കിയത്.

സ്ത്രീ സ്വാതന്ത്ര്യവും ജാതിയും ആചാരങ്ങളുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന ഈ കാലത്ത് വീണ്ടും ചർച്ച ചെയ്യപ്പെടേണ്ട ഒരു സിനിമ എന്ന നിലക്ക് ഇപ്പോഴും ശ്രദ്ധേയമാണ് ‘ഒഴിമുറി’.  ഒരു സംവിധായകൻ എന്നാൽ സിനിമ നന്നായി സംവിധാനം ചെയ്യാൻ ഉത്തരവാദിത്തപ്പെട്ടവൻ മാത്രമല്ല സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളെ തിരഞ്ഞെടുത്ത് സിനിമയാക്കാനുള്ള മനസ്സും കൂടിയുള്ളവനാകണം എന്ന് ബോധ്യപ്പെടുത്തി തരുന്നതാണ് ‘തലപ്പാവ്’ തൊട്ട് ‘ഒരു കുപ്രസിദ്ധ പയ്യൻ’ വരെയുള്ള മധുപാലിന്റെ സിനിമാ തിരഞ്ഞെടുപ്പുകൾ. 

ആരെയും കുപ്രസിദ്ധരാക്കാൻ പോന്ന പോലീസിന്റെ നെറി കെട്ട നിയമ സംവിധാനങ്ങളെ പൂർണ്ണമായും പ്രതിക്കൂട്ടിൽ നിർത്തുന്ന സിനിമയാണ് ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്ന് ഒറ്റ വാക്കിൽ പറയാം. 2012 കാലത്ത് കോഴിക്കോട് നടന്ന സുന്ദരി അമ്മ കൊലപാതക കേസിനെ ചെമ്പമ്മാൾ കൊലപാതക കേസായി പുനരവതരിപ്പിച്ചു കൊണ്ടാണ് സിനിമ അതിന്റെ ദൗത്യം ഏറ്റെടുക്കുന്നത്. കൊലപാതകം നടന്ന് ഒരു വർഷം കഴിഞ്ഞാണ് എല്ലാവർക്കും സുപരിചിതനായ ജയേഷിനെ ജബ്ബാറെന്ന പേരിൽ അറസ്റ്റ് ചെയ്യുന്നത്. ജബ്ബാർ എന്ന പുതിയ പേരിടൽ ചടങ്ങിനു പിന്നിൽ പോലും ഒരു നീച ഉദ്ദേശ്യം ക്രൈം ബ്രാഞ്ചിനുണ്ടായിരുന്നു. സിനിമയിൽ അത് കാണിക്കുന്ന ഒരു രംഗം തന്നെയുണ്ട്.

യഥാർത്ഥ ജീവിതത്തിലെ ജയേഷ് ജബ്ബാറായപ്പോൾ സിനിമയിൽ അജയൻ അജ്മലായി മാറി. കാശ്മീരില്ലാത്ത ഇന്ത്യയുടെ മാപ് കടയിൽ തൂക്കിയതിന്റെ പേരിൽ ഏതോ കാലത്തുണ്ടായ കോലാഹലങ്ങളെ പരാമർശിച്ചു കൊണ്ട് അജയൻ ജോലിക്ക് നിന്നിരുന്ന കടയുടമയെ കള്ള സാക്ഷി മൊഴി നൽകാൻ പ്രേരിപ്പിക്കുന്ന സീൻ പോലീസ് കുബുദ്ധികളുടെ നേർ പതിപ്പാണ്. പൊതു സമൂഹത്തിന്റെ മനശാസ്ത്രങ്ങളെ പഠിച്ചെടുക്കുക വഴി ആരോപണങ്ങൾ കൊണ്ടും വ്യാജ തെളിവുകൾ കൊണ്ടും സാക്ഷി മൊഴികൾ കൊണ്ടുമൊക്കെ ഒരു നിരപരാധിയെ പഴുതടച്ച കുറ്റ പത്രം കൊണ്ട് കുരുക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ഏതാണ്ട് ഒരു വർഷത്തിലധികം കാലം ജയിലിൽ കിടക്കേണ്ടി വന്ന ജയേഷിനെ കോടതിയുടെ ഇടപെടലുകളിൽ കൂടിയാണ് കുറ്റവിമുക്തനാക്കുന്നത്. വ്യാജ തെളിവുകൾ ഉണ്ടാക്കി ജയേഷിനെ പ്രതിയാക്കിയ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച കോടതി അവർക്കെതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു. ഈ കേസും അന്വേഷണവും ജയിൽ വാസവും ജയേഷ് എന്ന അനാഥന്റെ ജീവിതത്തെ ഏതൊക്കെ വിധത്തിൽ ബാധിച്ചു എന്ന് ഊഹിക്കാവുന്നതാണ്. അത്രയും കാലം താൻ സ്വീകാര്യനായിരുന്ന ഒരിടത്തിൽ നിന്ന് ഒരു സുപ്രഭാതത്തിൽ ആട്ടിയോടിക്കപ്പെട്ടവന്റെ പരിഭവങ്ങളെല്ലാം മറച്ചു കൊണ്ട് ഇന്നും പോലീസിനെ ഭയപ്പെട്ട് കോഴിക്കോട് തെരുവിൽ എവിടെയൊക്കെയോ ജീവിക്കുന്നുണ്ട് ജയേഷ്. 

സുന്ദരിയമ്മ കൊലപാതക കേസും അതുമായി ബന്ധപ്പെട്ട് ജയേഷിന്റെ ജീവിതത്തിലുണ്ടായ പോലീസിന്റെ ക്രൂരമായ കടന്നു  കയറ്റവും പീഡനങ്ങളുമൊക്കെ അതേ പടി പുനരവതരിപ്പിക്കുന്നതോടൊപ്പം സിനിമാപരമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളുമൊക്കെ നടത്തിക്കാണാം ‘ഒരു കുപ്രസിദ്ധ പയ്യനിൽ’. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു മാത്രം കേട്ട് ശീലിച്ച ദുരഭിമാനക്കൊലപാതകങ്ങൾ സമീപ കാലത്തായി കേരളത്തിലും സംഭവിക്കുകയുണ്ടായല്ലോ. അതിന്റെ ഓർമ്മപ്പെടുത്തലെന്നോണം ദുരഭിമാനക്കൊലയുടെ ഒരു ഭീകര നിഴൽ രൂപത്തെ ചെമ്പമ്മാളുടെ ജീവിതവുമായി ബന്ധപ്പെട്ടു കൊണ്ട് കാണാതെ കാണാൻ സാധിക്കും സിനിമയിൽ. ഒരു ക്രൈം ത്രില്ലർ / കോർട്ട് റൂം സിനിമയുടെ കഥാഘടന ഉള്ളപ്പോഴും സമാന ജേർണറിലുള്ള സിനിമകളിലെ പോലെ യഥാർത്ഥ കുറ്റവാളി ആരെന്നുള്ള പോലീസ് അന്വേഷണത്തിന് പിന്നാലെയല്ല ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ സഞ്ചാരം എന്നത് ഒരു വ്യത്യസ്തതയാണ്. കുറ്റം ചെയ്തത് ആരാണെന്ന് കണ്ടു പിടിക്കാനുള്ള പോലീസ് അന്വേഷണങ്ങളല്ല മറിച്ച് പ്രതിയാക്കപ്പെട്ടവന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടിയുള്ള ഒരു വക്കീലിന്റെ അന്വേഷണവും വാദമുഖങ്ങളുമാണ് സിനിമയെ ത്രില്ലിങ്ങാക്കുന്നത്.

പോലീസ് എഴുതിയുണ്ടാക്കിയ കുറ്റപത്രം അതേ പടി വായിച്ചു വിശ്വസിക്കാതെ കേസിന് ആസ്പദമായ സംഭവത്തെ കുറിച്ച് സ്വതന്ത്രമായി അന്വേഷിച്ചു തന്റേതായ രീതിയിൽ തയ്യാറാക്കിയ മറ്റൊരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണം ഒരു വക്കീൽ കോടതിയിൽ തന്റെ വാദമുഖങ്ങളെ അവതരിപ്പിക്കേണ്ടത് എന്ന് ഓർമ്മപ്പെടുത്തുന്നുണ്ട്  സിനിമ .  

കഴിഞ്ഞ രണ്ടു മൂന്നു വർഷത്തെ പത്രങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ പത്തും ഇരുപതും വർഷങ്ങളായി ജയിലിൽ കിടന്നിരുന്ന പലരേയും പരമോന്നത നീതി ന്യായ കോടതി കുറ്റക്കാരല്ലെന്നു കണ്ടെത്തി ജയിൽ മോചിതരാക്കിയ വാർത്തകൾ വായിക്കാൻ സാധിക്കും. ഇതിൽ മിക്കവരും കെട്ടിച്ചമച്ച പോലീസ് കേസുകളുടെ ഇരകൾ മാത്രമാണ്. മനോവീര്യം തകർന്നാലും സാരമില്ല പോലീസ് ഭാഷ്യങ്ങളെ ക്രോസ് വിസ്താരം ചെയ്യുക തന്നെ വേണമെന്ന് അടി വരയിടുന്നതോടൊപ്പം തെറ്റായ പോലീസ് അന്വേഷണങ്ങളും സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളെ എങ്ങിനെയൊക്കെ പ്രതികൂലമായി ബാധിക്കുന്നു എന്നത് കൂടി വ്യക്തമാക്കി തരുന്നുണ്ട് സിനിമ.

Image result for kuprasidha payyan madhupal

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ഇന്ത്യൻ ജുഡീഷ്യറിയുടെ ആപ്തവാക്യത്തെ ആരെക്കാളും കൂടുതൽ ഓർക്കേണ്ടത് പോലീസാണ്. പലപ്പോഴും കോടതികളിൽ നീതി പുലരാതെ പോകുന്നത് നീതിന്യായ വ്യവസ്ഥകളുടെ പ്രശ്നം കൊണ്ടല്ല മറിച്ച് കോടതികളിൽ എത്തപ്പെടുന്ന കേസുകളിൽ പോലീസിന്റെ ഭാഗത്തു നിന്ന് അന്വേഷണ കാലയളവിൽ ഉണ്ടായ വീഴ്ചകളും തിരുമറികളും കൊണ്ടാണ്. അപ്രകാരം മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലും രാഷ്ട്രീയ സമ്മർദ്ദങ്ങളിലും പോലീസ് രചിച്ചുണ്ടാകുന്ന കുറ്റപത്രങ്ങളിൽ കുരുങ്ങി പോകുന്ന നിരപാധികൾക്കുള്ള സമർപ്പണം കൂടിയാണ് ഈ സിനിമ. 

ആകെ മൊത്തം ടോട്ടൽ = വെറുമൊരു സിനിമാക്കഥ എന്ന ലാഘവത്തോടെ കാണാൻ സാധിക്കാത്ത ഒരു സിനിമ. കുറ്റമറ്റ സിനിമയല്ലെങ്കിൽ കൂടി ഒരു യഥാർത്ഥ സംഭവ കഥ എന്ന നിലക്കും പ്രമേയപരമായ പ്രസക്തി കൊണ്ടുമൊക്കെ ഇക്കാലത്ത് കാണേണ്ട സിനിമയാണ് ‘ഒരു കുപ്രസിദ്ധ പയ്യൻ’. അജയനായി ടൊവിനോ തോമസ് ആദ്യ പകുതി വരെ നിറഞ്ഞു നിന്ന സിനിമയെ ഇടവേളക്ക് ശേഷം നിമിഷാ സജയന്റെ ഹന്ന എലിസബത്ത് എന്ന വക്കീൽ കഥാപാത്രം ഹൈജാക്ക് ചെയ്യുകയാണ്. നിമിഷയുടെ കരിയറിലെ മികച്ച കഥാപാത്രമെന്നതിനപ്പുറം ഈ സിനിമയുടെ നട്ടെല്ല് കൂടിയായിരുന്നു നിമിഷയുടെ ഹന്ന. സാധാരണക്കാരനും നിഷ്ക്കളങ്കനുമായ അജയനെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ടൊവിനോയും. തിരക്കഥയിലെ പോരായ്മാകൾ ചില രംഗങ്ങളെ വിരസമാക്കുന്നുണ്ടെങ്കിലും ഒരു നവാഗത തിരക്കഥാകൃത്ത് എന്ന നിലക്ക് ജീവൻ ജോബ് തോമസ് അഭിനന്ദനമർഹിക്കുന്നു. 

Originally Published in സിനിമാ വിചാരണ