222 ഇന്ത്യാക്കാരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരികെയെത്തിച്ചു; രക്ഷാദൗത്യം തുടരും

0

കാബൂള്‍: 222 ഇന്ത്യാക്കാരെ അഫ്ഗാനിസ്ഥാനില്‍ നിന്നും തിരികെ നാട്ടില്‍ എത്തിച്ചു. രണ്ടുവിമാനങ്ങളിലാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്. ഒരു വിമാനം താജിക്കിസ്ഥാന്‍ വഴിയും മറ്റൊരു വിമാനം ദോഹ വഴിയുമാണ് ഡല്‍ഹിയിലെത്തിയത്. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ 135 ഇന്ത്യന്‍ പൗരന്മാരും താജിക്കിസ്ഥാനില്‍ നിന്നുള്ള വിമാനത്തില്‍ 87 ഇന്ത്യന്‍ പൗരന്മാരും 2 നേപ്പാള്‍ പൗരന്മാരുമാണ് ഉണ്ടായിരുന്നത്. രക്ഷാദൗത്യങ്ങള്‍ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

താജിക്കിസ്ഥാനില്‍ നിന്ന് വരുന്ന വിമാനത്തിലുള്ളവര്‍ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം മുഴക്കുന്ന വീഡിയോ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ പങ്കുവെച്ചു. ശനിയാഴ്ച 87 ഇന്ത്യാക്കാരെ പ്രത്യേക വ്യോമസേന വിമാനത്തില്‍ കാബൂളില്‍ നിന്ന് താജിക്കിസ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബെയില്‍ എത്തിച്ചിരുന്നു. അവിടെനിന്നും എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവരെ ഞായറാഴ്ച ഡല്‍ഹിയിലെത്തിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാബൂളില്‍ നിന്ന് ദോഹയിലെത്തിച്ച 135 പേരെയാണ് മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിച്ചത്.

അതേസമയം, കാബൂളില്‍ നിന്ന് 107 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 168 യാത്രക്കാരുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൂടി ഡല്‍ഹിയിലേക്ക് യാത്രതിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ അറിയിച്ചു.

അഫ്ഗാനിസ്താനിലുള്ള മുഴുവന്‍ ഇന്ത്യാക്കാരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.