പി. സദാശിവൻ അന്തരിച്ചു

0

കൊല്ലം: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ കൊല്ലം ജവഹർ ജംഗ്ഷൻ സിദ ഭവനിൽ പി. സദാശിവൻ(87) അന്തരിച്ചു. ഭാര്യ ബേബി സദാശിവന്റെ 19-ാം ചരമവാർഷിക ദിനമായ ഇന്നലെ രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1935ൽ കൊല്ലം എഴുകോണിലായിരുന്നു ജനനം. ബംഗളൂരുവിലെ രാജീവ് ഗാന്ധി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, സ‌‌ർ എം. വിശ്വേശ്വരയ്യ എഡ്യൂക്കേഷൻ ട്രസ്റ്റ്, കൊല്ലത്തെ രവീന്ദ്രനാഥ ടാഗോർ എഡ്യൂക്കേഷൻ ട്രസ്റ്റ് തുടങ്ങിയവയുടെ സ്ഥാപകനും ചെയർമാനുമാണ്.

കുണ്ടറയിൽ ടാഗോ‌ർ കോളേജ് സ്ഥാപിച്ച് വിദ്യാഭ്യാസ രംഗത്തേക്കു വന്ന സദാശിവൻ കഠിന പ്രയത്നത്തിലൂടെയാണ് ക‌ർണാടകയിലും കേരളത്തിലുമായി നിരവധി വിദ്യാഭ്യസ സ്ഥാപനങ്ങളുടെ അധിപനായത്. അദൃശ്യശക്തിയുടെ നിലാവിൽ, സരയു സാക്ഷിയാണ്, ജീവിതമുദ്രകൾ, ബ്ലാക്ക് മണി, കൊവിഡ്-19 കാസ് ‌ആൻഡ് റെമഡീസ്, എ ജേണി ത്രു ദി ലാൻഡ് ഒഫ് എൻഷ്യന്റ് ഋഷീസ്‌ തുടങ്ങി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്.

മക്കൾ: ഡോ.ജൂനോ സദാശിവൻ, അഡ്വ. സുനിൽ സദാശിവൻ, ബജോർ സദാശിവൻ, ഡോ. സിദ ടാഗോർ. മരുമക്കൾ: ഡോ. സ്മിത ജൂനോ, അമ്പിളി സുനിൽ, ലെത്തീഷ്യ ബജോർ, ഡോ. അരുൺ ശശിധരൻ(ഖത്തർ). സംസ്കാരം ഇന്നു രാവിലെ 10.30ന് കൊല്ലം ജവഹർ ജംഗ്ഷനിലെ വീട്ടുവളപ്പിൽ (സിദ ഭവൻ, JNRA-38) നടക്കും.