പനാമ പേപ്പേഴ്സ് കള്ളപ്പണ നിക്ഷേപം: മലയാളി ചാർട്ടേഡ് അക്കൗണ്ടന്റിനെതിരെ ഇഡി നടപടി

0

കൊച്ചി: വിവാദമായ പനാമ പേപ്പേഴ്സ് കള്ളപ്പണ നിക്ഷേപ കേസിൽ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് ജോർജ് മാത്യുവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. ജോർജ് മാത്യുവിനെയും കുടുംബത്തെയും നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞ ഇ ഡി മകനെ ചോദ്യം ചെയ്തു. ഒരു വർഷമായി ജോർജും കുടുംബവും ഇ ഡി യുടെ നിരീക്ഷണത്തിലാണ്.

ജോർജ് മാത്യുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് ഇ ഡി യുടെ നടപടി. വിദേശത്ത് സ്ഥിരതാമസമാക്കിയ ജോർജ് മാത്യുവും കുടുംബവും നാട്ടിലെത്തി മടങ്ങവെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗം തടയുകയായിരുന്നു. ജോർജ് മാത്യുവിന്റെ മകൻ അഭിഷേകിനെ ഇ ഡി ചോദ്യം ചെയ്തു.

2016 ലാണ് പനാമ കേസ് അന്വേഷണം തുടങ്ങിയത്. ലോകത്തെ ആയിരത്തിലധികം പ്രമുഖരായ സമ്പന്നർ നികുതി വെട്ടിക്കുന്നതിനായി പണം മധ്യ അമേരിക്കൻ രാജ്യമായ പനാമയിൽ നിക്ഷേപിച്ചെന്നായിരുന്നു കേസ്. പനാമ പേപ്പേഴ്സിന് നിയമോപദേശം നൽകിയ സ്ഥാപനമായ മൊസാക് ഫൊൻസെകയ്ക്കു വേണ്ടി ജോർജ് മാത്യു പ്രവർത്തിച്ചു എന്ന കേസിലാണ് ഇ ഡി അന്വേഷണം നടക്കുന്നത്. വ്യാജ കമ്പനികളുടെ പേരിൽ കള്ളപ്പണം നിക്ഷേപിക്കാൻ ഇടപാടുകാർക്ക് രേഖകൾ ഉണ്ടാക്കി നൽകിയിരുന്നത് ഈ സ്ഥാപനമാണ്.

കഴിഞ്ഞ വർഷം ഏപ്രിലിൽ ജോർജ് മാത്യുവിന്റെ കൊച്ചിയിലെ വീട്ടിൽ ഇ ഡി നടത്തിയ പരിശോധനയിൽ അറുനൂറോളം ഇടപാടുകാരുടെ വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്നാണ് ജോർജ് മാത്യുവും കുടുംബവും ഇ ഡി നിരീക്ഷണത്തിലായത്. ദുബൈയിൽ സ്ഥിര താമസക്കാരായ മാത്യുവും കുടുംബവും ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തി മടങ്ങുമ്പോഴാണ് വിമാനത്താവളത്തിൽ ഇ ഡി തടഞ്ഞത്.