വേടനുള്ള ലൈക്ക് പിൻവലിച്ചു; മാപ്പു ചോദിക്കുന്നു’; പാർവതി

0

ലൈംഗിക അതിക്രമ ആരോപണം ഉയർന്നതിനു പിന്നാലെ മാപ്പ് പറഞ്ഞുള്ള വേടന്റെ പോസ്റ്റിന് ലൈക്ക് ചെയ്തതിൽ മാപ്പുചോദിച്ച് നടി പാർവതി തിരുവോത്ത്. ലൈക്ക് പിൻവലിച്ചതായും താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി. പല പുരുഷൻമാരും മാപ്പു പറയാൻ തയാറാകില്ലെന്നും അതുകൊണ്ടാണ് പോസ്റ്റ് ലൈക്ക് ചെയ്തതെന്നും പാർവതി പറയുന്നു.

‘ആരോപണവിധേയനായ ഗായകൻ വേടനെതിരെ ധീരമായി സംസാരിച്ച അതിജീവിച്ചവരോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. പല പുരുഷന്മാരും തങ്ങൾ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കില്ല എന്നത് കൊണ്ടാണ് ഞാൻ ആ പോസ്റ്റ് ലൈക് ചെയ്തത്. അത് ആഘോഷിക്കേണ്ട ഒന്നല്ലെന്ന് എനിക്ക് അറിയാം. കേസുമായി മുന്നോട്ട് പോകുമ്പോൾ അതിജീവിച്ചവരെ ബഹുമാനിക്കേണ്ടത് മുഖ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ക്ഷമാപണം ആത്മാർഥമല്ലെന്ന് രക്ഷപ്പെട്ട കുറച്ചുപേർ പറഞ്ഞപ്പോൾ ഞാൻ എന്റെ ലൈക്ക് പിൻവലിച്ചു.ക്ഷമിക്കണമോ വേണ്ടയോ എന്നത് അതിജീവിച്ചവരുടെ തീരുമാനമാണ്, ഞാൻ എപ്പോഴും അവരുടെ കൂടെ നിൽക്കും. നിങ്ങളെ നിരാശപ്പെടുത്തിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.’ പാർവതി കുറിച്ചു.

പാർവതിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് സിനിമാമേഖലയിൽ നിന്നുള്ളവരും രംഗത്തുവന്നിരുന്നു.‘ആട്ടിൻതോലിട്ട പുരോഗമന കോമാളികൾ’ എന്നാണ് സംവിധായകൻ ഒമർ ലുലു വിശേഷിപ്പിച്ചത്. ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാർക്കറ്റ്‌ കൂട്ടുകയും ഇഷ്ടക്കാർ പീഡന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ മറ്റ്‌ എന്ത്‌ വിളിക്കണമെന്നും അദ്ദേഹം ചോദിച്ചു.