മലയാളിയുടെ സാംസ്കാരിക ചരിത്രത്തിന്‍റെ, തനതായ വാദ്യ പാരമ്പര്യത്തിന്‍റെ, പുരാതന മാഹാത്മ്യങ്ങളുടെ അടയാളപ്പെടുത്തലാണ് പൂരങ്ങൾ സാധ്യമാക്കുന്നത്. പെരുവനം കുട്ടൻ മാരാരും മട്ടന്നൂരും കേളത്താശാനും പഞ്ചകാലങ്ങളും തീറു കലാശങ്ങളും വലം തലയുടെ പെരുമ്പറ മുഴക്കങ്ങളിൽ, ഇടം തലയുടെ ണകാരപ്പെരുക്കലുകളിൽ കൊട്ടിത്തീർക്കുമ്പോൾ , വേനൽച്ചൂടിന്‍റെ ദാക്ഷിണ്യമില്ലാത്ത കനൽ ശരങ്ങളേറ്റും തളരാതെ പുരുഷാരം പൂര ലഹരിയിൽ ആറാടി നിൽക്കുമ്പോൾ, ഒരു ജനതയുടെ സംസ്ക്കാര തുടർച്ചയുടെ സംരക്ഷണവും കൂടിയാണ് സാധ്യമാകുന്നത്. തൃശ്ശൂർ പൂരത്തിന്‍റെ മാതൃകയിൽ സിംഗപ്പൂരിലും “സിംഗപ്പൂർ പൂരം” എന്നപേരിൽ പൂരം ആഘോഷിക്കാൻ സിംഗപ്പൂരിലെ പ്രവാസി മലയാളികൾ തീരുമാനിച്ചിരിക്കുന്നു. സെപ്റ്റംബർ ഒന്നാം തിയ്യതി പൊങ്കോൾ പാർക്കിൽ (സോഷ്യൽ ഇന്നവേഷൻ പാർക്ക്‌ ) വച്ചു അവതരിപ്പിക്കപ്പെടുന്ന സിംഗപ്പൂർ പൂരത്തിലേക്കു ഭാഷാഭേദമില്ലാതെ, ജാതിഭേദമില്ലാതെ എല്ലാവരെയും സ്വാഗതം ചെയ്യുന്നുണ്ട് ഇതിന്‍റെ സംഘാടകര്‍.

പത്മശ്രീ പെരുവനം കുട്ടൻ മാരാർ. വര്‍ത്തമാനകാലത്തെ വാദ്യകലയുടെ കുലപതിമാരിൽ അഗ്രഗണ്യൻ. പഞ്ചാരിയുടെയും പാണ്ടിമേളത്തിന്‍റെയും മേളപ്പെരുക്കങ്ങളിലൂടെ ആസ്വാദകരെ അനര്‍ഘനിര്‍വൃതിയില്‍  ആറാ ടിപ്പിക്കുന്ന മേളപ്രേമാണി.

തൃശൂര്‍ ജില്ലയിലെ പെരുവനത്ത് പരമ്പരാഗത വാദ്യകലാ കുടുംബത്തിലാണ് കുട്ടന്‍മാരാരുടെ ജനനം. മുത്തച്ഛന്‍ പെരുവനം നാരായണമാരാരും അച്ഛന്‍ അപ്പുമാരാരും പ്രഗല്‍ഭരായ മേളം പ്രമാണിമാര്‍. അഞ്ചു സഹോദരങ്ങളില്‍ മൂത്തവനായ കുട്ടന്‍മാരാര്‍ വാദ്യകലയുടെ അനന്തസാഗരത്തിലേക്ക് കാലെടുത്തുവെച്ചതില്‍ അത്ഭുതപ്പെടാനില്ല. സ്വപിതാവിന്റെയും കുമാരപുരം അപ്പുമാരാര്‍, ശ്രീനാരായണപുരം അപ്പുമാരാര്‍ എന്നീ ഗുരുക്കന്മാരുടെ കീഴിലും വാദ്യകല അഭ്യസിച്ച കുട്ടന്‍മാരാര്‍ തന്‍റെ പത്താംവയസ്സില്‍ ചെണ്ടയില്‍ അരങ്ങേറ്റം കുറിച്ചു.    

കേരളത്തിലെ വിശേഷപ്പെട്ട ഒട്ടുമിക്ക മേളവേദികളിലും തന്‍റെ കഴിവ്  തെളിയിച്ച അനുഗ്രഹീത കലാകാരനാണ് പെരുവനം കുട്ടൻ മാരാർ. തൃശൂർ, പെരുവനം, ചേനക്കത്തൂർ, വൈക്കം, ആറാട്ടുപുഴ  തുടങ്ങിയ വിഖ്യാതമായ പൂരവേദികളിലും, ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ, ഗുരുവായൂര്‍ തുടങ്ങിയ ഉത്സവവേദികളിലും നിറസാന്നിധ്യമാണ് ഇദ്ദേഹം. ലോകമെങ്ങും പേരുകേട്ട ഇലഞ്ഞിത്തറമേളത്തിൽ 1977 മുതല്‍ ഭാഗവാക്കായ കുട്ടൻ മാരാർ കഴിഞ്ഞ ഇരുപത് വർഷമായി മേളത്തിന്റെ പ്രമാണിത്വം വഹിക്കുന്നു.  വാദ്യകാലാരംഗത്തെ പതിറ്റാണ്ടുകള്‍ നീണ്ട സ്തുത്യര്‍ഹമായ സംഭാവനകളെ മാനിച്ച് ഭാരതസര്‍ക്കാര്‍ 2011ല്‍ അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.  

മേളവേദിയില്‍ കുട്ടന്‍മാരാര്‍ എന്നും ഒരു അതികായന്‍ തന്നെയാണ്.  പിതാമഹന്മാർ താളാതിഷ്ഠിതമായി ചിട്ടപ്പെടുത്തിയ അസുരവാദ്യ ത്തിന്ടെ  താളവിന്യാസങ്ങൾ, പഞ്ചാരിയിലും പാണ്ടിയിലും  പതിതാളത്തിൽ തുടങ്ങി മണിക്കൂറുകൾ നീളുന്ന താളഭേദങ്ങളിലൂടെ അദ്ദേഹം കൊട്ടി കലാശം തീർക്കുകയാണ്. സഹകലാകാരന്മാരുടെ കലാനൈപുണ്യവും ശൈലികളും പൂര്‍ണ്ണമായി മനസ്സിലാക്കി, ലിഖിതമായ മേളത്തിന്‍റെ ചട്ടക്കൂടുകളില്‍നിന്നും അനാവാശ്യമായ വ്യതിചലനങ്ങള്‍ ഇല്ലാതെ കുട്ടന്‍മാരാര്‍ കാലങ്ങള്‍ കൊട്ടിക്കയറുന്നു.

തന്‍റെ വാദ്യോപാസനയിലൂടെ മേളാസ്വാദകരെ കോള്‍മയിര്‍ കൊള്ളിച്ച നിമിഷങ്ങള്‍ അനവധിയാണ്. ഒരു കൊല്ലത്തെ ഇലഞ്ഞിത്തറമേളത്തില്‍ കലാശക്കൊട്ടില്‍ ജനസഹസ്രങ്ങള്‍ ആറാടി നില്‍ക്കുമ്പോള്‍, “ഈരാട്ടുപേട്ട അയ്യപ്പന്‍” എന്ന ആനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട്, മേളം ഒരു നിമിഷാര്‍ധത്തിലേക്ക് അലങ്കോലപ്പെടുന്നു. എന്നാല്‍ തന്‍റെ മനസ്ധൈര്യവും ഉപാസനയും കൊണ്ടുമാത്രം അടുത്ത നിമിഷാര്‍ധത്തില്‍ മേളത്തെ പൂര്‍വ സ്ഥിതിയില്‍ എത്തിക്കുവാനും കൊട്ടിക്കലാശം തീര്‍ക്കുവാനും അദ്ദേഹത്തിന് സാധിച്ചു. തൃശൂര്‍ പൂരചരിത്രത്തിലെ ഒരു കറുത്ത എട് ആയെക്കാമായിരുന്ന ആ ദിവസത്തിന്‍റെ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ കുട്ടന്‍ മാരാര്‍ എല്ലാം തന്‍റെ ഗുരുനാഥന്മാര്‍ക്ക് സമര്‍പ്പിക്കുന്നു.

വാദ്യകല ഒരു ജീവിത സപര്യയായി കൊണ്ടുനടക്കുന്ന പെരുവനം കുട്ടന്‍മാരാര്‍ ഈ തലമുറയ്ക്ക് ഒരു പ്രചോദനം തന്നെയാണ്. മേളാസ്വാദ കര്‍ക്ക് വേണ്ടി ഒരായിരം തീരുകലാശങ്ങള്‍ ഇനിയും അദ്ദേഹം കൊട്ടി തീര്‍ക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം…