കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീം കോടതി

0

കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രിംകോടതി. മുൻ ചീഫ് ജസ്റ്റിസുമാർ, നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ എന്നിവരെ വിമർശിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശാന്ത് ഭൂഷണെതിരെ സുപ്രിംകോടതി സ്വമേധയാ കേസെടുത്തത്. . അദ്ദേഹത്തിനെതിരായ ശിക്ഷ സംബന്ധിച്ച വാദം ഓഗസ്റ്റ് 20 ന് കോടതി കേള്‍ക്കും. . ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ജൂണ്‍ 27-നും 29-നും പ്രശാന്ത് ഭൂഷണ്‍ കുറിച്ച രണ്ട് ട്വീറ്റുകളാണ് സുപ്രീംകോടതി നടപടിക്കാധാരം. മോട്ടോര്‍സൈക്കിള്‍ പ്രേമിയായ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ ‌ഡെ നാഗ്പുരില്‍ ആഢംബര ബൈക്കായ ഹാര്‍ലി ഡേവിഡ്‌സണില്‍ ഇരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ജൂണ്‍ 29-ന് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. ‘ജനങ്ങള്‍ക്കു നീതി നിഷേധിച്ചുകൊണ്ട് സുപ്രീംകോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ്, ബി.ജെ.പി. നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കില്‍ ഹെല്‍മെറ്റും മുഖാവരണവുമില്ലാതെ ഇരിക്കുന്നു’ എന്നായിരുന്നു ട്വീറ്റ്.

സംഭവത്തിൽ പ്രശാന്ത് ഭൂഷൺ ഖേദം പ്രകടിപ്പിച്ചെങ്കിലും കോടതി അത് മുഖവിലയ്‌ക്കെടുത്തില്ല. പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കേസിൽ പ്രശാന്ത് ഭൂഷണ്‍ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.