പ്രധാനമന്ത്രി മോദി ഈ മാസം യുഎഇയും ബഹ്റൈനും സന്ദര്‍ശിക്കും

0

അബുദാബി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൗ മാസം യുഎഇയും ബഹ്റൈനും സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. യുഎഇയുടെ ഏറ്റവും ഉന്നത സിവിലിയൻ ബഹുമതിയായ സായിദ് മെഡൽ സ്വീകരിക്കാനാണ് യുഎഇയിലെത്തുക. ബഹ്റൈനിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. സായിദ് മെഡല്‍ സ്വീകരിക്കുന്ന അദ്ദേഹം അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി കൂടിക്കാഴ്ച നടത്തും.

ഈ മാസം 24 മുതൽ 26 വരെ ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ മോദി പങ്കെടുക്കുന്നുണ്ട്. ഇതിനു മുന്നോടിയായിട്ടായിരിക്കും യുഎഇ, ബഹ്റൈൻ സന്ദർശനങ്ങൾ. ഇൗ മാസം 22 മുതൽ 26 വരെ പ്രധാനമന്ത്രി വിദേശ സന്ദർശനത്തിലായിരിക്കുമെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, യുഎഇ, ബഹ്റൈൻ സന്ദർശന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഇൗ വർഷം ഏപ്രിലിലായിരുന്നു മോദിക്ക് സായിദ് മെഡൽ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചത്.

സായിദ് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് മോദി. പ്രധാനമന്ത്രിയായ ശേഷം ഇത് മൂന്നാമത്തെ തവണയാണ് അദ്ദേഹം യുഎഇ സന്ദർശിക്കുന്നത്. ബഹ്റൈനിൽ ആദ്യത്തേതും. എന്നാൽ ഇരു രാജ്യങ്ങളും ഇവിടങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങളും വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി ഉടൻ തന്നെ ഇന്ത്യയിൽ നിന്നുള്ള പ്രമുഖ വ്യക്തി യുഎഇ സന്ദർശിക്കുമെന്ന് പറഞ്ഞിരുന്നു. ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി മോദി ഓരോ തവണ വീതം സന്ദർശിച്ചു. 2016 ഏപ്രിലിലായിരുന്നു സൗദി സന്ദർശനം.