എക്‌സിറ്റ് വിസ സമ്പ്രദായം എടുത്തുമാറ്റി ഖത്തര്‍; രാജ്യം വിടാന്‍ ഇനി തൊഴില്‍ ദാതാവിന്റെ അനുമതി വേണ്ട

0

വിസാ ചട്ടങ്ങളില്‍ നിരവധി ഇളവുകളാണ് അടുത്തിടെ ഖത്തര്‍ നടപ്പാക്കിയത്. അതിന് പിന്നാലെ വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചിരിച്ചു ഖത്തര്‍ വീണ്ടും ലോകത്തെ ഞെട്ടിച്ചു.  രാജ്യത്ത് ജനസംഖ്യയില്‍ നാലില്‍ മൂന്ന് വരുന്ന വിദേശികളുടെ ക്ഷേമത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുകയാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി.

വിദേശികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇനി ഖത്തറിന് പുറത്തേക്ക് പോകാമെന്നും തൊഴിലുടമയുടെ അനുമതി ആവശ്യമില്ലെന്നുമുള്ള ഇളവാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഖത്തറിലെ റസിഡന്‍സി നിയമത്തിലാണ് ഇപ്പോള്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. തൊഴില്‍ നിയമത്തില്‍ കാതലായ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ നടപടികള്‍ അന്താരാഷ്ട്ര സമൂഹം സ്വാഗതം ചെയ്തു.

ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തില്‍ പോസിറ്റീവായ സ്വാധീനം സൃഷ്ടിക്കാന്‍ ഈ നിയമത്തിന് കഴിയുമെന്ന് സംഘടന നിരീക്ഷിച്ചു. തൊഴില്‍ പരിഷ്‌കരണത്തിനും മറ്റ് നടപടി ക്രമങ്ങളിലും ഖത്തര്‍ സര്‍ക്കാരിനുള്ള അര്‍പ്പണബോധം വ്യക്തമാക്കുന്നതാണ് എക്‌സിറ്റ് പെര്‍മിറ്റുകള്‍ വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനമെന്നും അന്താരാഷ്ട്ര ലേബര്‍ സംഘടനാ തലവന്‍ ഹൗതാന്‍ ഹുമയൂണ്‍പൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

2022ല്‍ ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ക്ക് വേദിയാകുകയാണ്. ഇതിന്റെ ഒട്ടേറെ ജോലികള്‍ ഖത്തറില്‍ നടക്കുന്നു. തൊഴിലാളികളെ ഖത്തര്‍ ചൂഷണം ചെയ്യുകയാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തുടര്‍ച്ചയായി ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ ആഗോള സമൂഹത്തെ ഞെട്ടിക്കുന്നത്.

സ്വദേശികളെ പോലെ വിദേശികളെയും ഭരണകൂടം പരിഗണിക്കുന്നുവെന്നാണ് പുതിയ നിയമഭേദഗതിയിലൂടെ മനസിലാകുന്നത്. രാജ്യത്തിന്റെ പുരോഗമന നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രവാസികള്‍ പുതിയ പരിഷ്‌കാരം സ്വാഗതം ചെയ്യുമെന്ന് തീര്‍ച്ചയാണ്. യുഎന്‍ തൊഴില്‍ സംഘടനയായ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ ഖത്തറിന്റെ നീക്കം സ്വാഗതം ചെയ്തു.