ക്രിക്കറ്റിലും ചുവപ്പ് കാര്‍ഡ് വരുന്നു

0

ഫുട്‌ബോളില്‍ ചുവപ്പ് കാര്‍ഡ് കാണിച്ച് കളിക്കാരനെ പുറത്താക്കുന്നതു നമ്മള്‍ കണ്ടിട്ടുണ്ട് .എന്നാല്‍ ഇനി ക്രിക്കറ്റ്‌ കളിയിലും ചുവപ്പ് കാര്‍ഡ്‌ വരുന്നു .ഫുട്‌ബോളില്‍ ചുവപ്പ് കാര്‍ഡ് കാണിച്ച് കളിക്കാരനെ പുറത്താക്കുന്നതുപോലെ ക്രിക്കറ്റ് അമ്പയര്‍ക്കും കാര്‍ഡ് കാണിച്ച് കളിക്കാരനെ പുറത്താക്കാനുള്ള അധികാരം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്.

മത്സരത്തിനിടെ അമ്പയറെ ഭീഷണിപ്പെടുത്തുക, കളിക്കാര്‍ തമ്മില്‍ ശാരീരികമായി നേരിടുക എന്നിവയുള്‍പ്പെടുന്ന ഏത് അക്രമ സാഹചര്യത്തിലും ചുവപ്പ് കാര്‍ഡ് പുറത്തെടുക്കാന്‍ അമ്പയര്‍ക്ക് അനുവാദം ലഭിക്കും.വിവിധ രൂപകല്പനയിലുള്ള ബാറ്റുകളുടെ ഉപയോഗം തടയുന്നതിനും നടപടികള്‍ സ്വീകരിച്ചേക്കും.നിലവില്‍ വ്യത്യസ്ത മാനദണ്ഡങ്ങളിലുള്ള ബാറ്റുകളാണ് ബാറ്റ്‌സ്മാന്‍മാര്‍ മത്സരത്തില്‍ ഉപയോഗിച്ച് വരുന്നത്. ഇതിലൂടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പലപ്പോഴും മത്സരത്തില്‍ ആധിപത്യം നേടുന്നുണ്ടെന്ന് വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റി നിരീക്ഷിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ചേര്‍ന്ന മെരിലെബോണ്‍ ക്രിക്കറ്റ് ക്ലബ് (എംസിസി) വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റി ചേര്‍ന്ന യോഗത്തിലാണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ശുപാര്‍ശകള്‍ എംസിസി മെയിന്‍ കമ്മിറ്റി അംഗീകരിക്കുന്നതോട് കൂടി നിയമം പ്രാബല്യത്തില്‍ വരും.