ചരിത്രം തിരുത്തിയെഴുതുമ്പോൾ രക്തസാക്ഷികൾ കുറ്റവാളികളാകുന്നുവോ?

0

1921ലെ ചരിത്രപ്രസിദ്ധമായ. മലബാർ കലാപത്തിൻ്റെ ശതാബ്ദി ആഘോഷിക്കേണ്ട വേളയിൽ കലാപത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചവരെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിൻ്റെ രാഷ്ട്രീയ തീരുമാനമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

ചരിത്ര സത്യങ്ങൾ ആർക്കും എപ്പോഴും എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാനുള്ള ഭാവനാസൃഷ്ടിയാണെന്ന സങ്കല്പം ഉണ്ടാകാൻ പാടില്ലാത്തതാണ്. ഭരണാധികാരികളുടെ ഇച്ഛക്കനുസരിച്ച് വളച്ചൊടിക്കാനുള്ള കെട്ടുകഥയല്ല ചരിത്രം എന്ന ലളിതമായ ബോധമെങ്കിലും ഭരണാധികാരികൾക്ക് ഉണ്ടായിരിക്കണം. അല്ലെങ്കിൽ അത് വരാനിരിക്കുന്ന തലമുറകൾക്ക് തെറ്റായ സന്ദേശമായിരിക്കും കൈമാറുന്നത്.

സ്വാതന്ത്ര്യ സമര നാളുകളിൽ അതിൻ്റെ ഭാഗമായി രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും കർഷകരുടെ സമരവും അരങ്ങേറിയിരുന്നത് ചരിത്ര യാഥാർത്ഥ്യം തന്നെയാണ്. മഹാത്മജി പോലും ഇന്ത്യൻ രാഷ്ടീയത്തിൽ സജീവമായി ഇറങ്ങിയത് ചമ്പാരനിലെ കർഷക സമരത്തോട് കൂടിയാണ്. വടക്കൻ മലബാറിലെ കയ്യൂരിലെയും കരിവെള്ളൂരിലെയും കർഷക പ്രസ്ഥാനത്തിൻ്റെ മുന്നേറ്റം ഇതിൻ്റെ ജ്വലിക്കുന്ന തെളിവുകൾ തന്നെയാണ്. കയ്യുരിലെയും കരിവെള്ളൂരിലെയും ധീരരായ പോരാളികളെ, അതിൻ്റെ പേരിൽ തൂക്കുകയർ ഏറ്റുവാങ്ങിയവരെ ധീരരായ ദേശാഭിമാനികളായും സ്വാതന്ത്യത്തിന് വേണ്ടി ജീവൻ ത്യജിച്ച രക്തസാക്ഷികളായും തന്നെയാണ് ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത്.

ഏറനാടിൽ അരങ്ങേറിയ കർഷക സമരവും ചരിത്രത്തിൽ രേഖപെടുത്തിയിട്ടുള്ളത് ഇതേ രീതിയിൽ തന്നെയാണ്. എന്നാൽ ഏറനാടിലെ കർഷകകലാപം അതിൻ്റെ ഗതിവിഗതിയിൽ വഴി മാറി വർഗ്ഗീയ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു എന്നതും ചരിത്ര യാഥാർത്ഥ്യം തന്നെയാണ്. എന്നാൽ ബ്രിട്ടീഷുകാരുടെ തോക്കിന് മുന്നിൽ വിരിമാറ് കാണിച്ച വാരിയൻ കുന്നൻ്റെ രക്തസാക്ഷിത്വം അതിൻ്റെ പേരിൽ മറ്റൊരു തരത്തിൽ മുദ്രകുത്തപ്പെടുന്നത് ചരിത്ര നിഷേധമാണ്, ദുർവ്യാഖ്യാനമാണ്.

വടക്കൻ പാട്ടുകളിലെ ചരിതങ്ങളെ വ്യാഖ്യാനിച്ച് പ്രതിനായകരെ നായകരാക്കാനും വീര പരിവേഷം നൽകാനും ഏത് സാഹിത്യകാരനും സ്വാതന്ത്ര്യമുണ്ട്. മഹാഭാരതം പോലുള്ള ഇതിഹാസങ്ങളും ഇത്തരത്തിൽ പുനസൃഷ്ടിക്കപ്പെട്ടിട്ടുണ്ട് സാഹിത്യകൃതികൾക്ക് അത്തരം സ്വാതന്ത്ര്യം അനുവദനീയമാണ്.
എന്നാൽ ചരിത്രം വളച്ചൊടിക്കാൻ പ്രഗത്ഭരായ ചരിത്രകാരന്മാർക്ക് പോലും സ്വാതന്ത്ര്യമോ അവകാശമോ ഇല്ല. കാരണം ചരിത്രം കൂടുതൽ സ്വീകാര്യമായ കെട്ടുകഥകളല്ല.

ഇന്നലെകളുടെ സംഭവങ്ങളുടെ സത്യസന്ധമായ സഞ്ചിത സമാഹാരമാണ്. ഭരണാധികാരികളല്ല എവിടെയും ചരിത്രം രചിച്ചിട്ടുള്ളത്. നാളെ മറ്റൊരു ഭരണാധികാരി മറ്റൊരു രീതിയിൽ ചിന്തിച്ച് ചരിത്രം വളച്ചൊടിക്കാൻ പാടില്ല അത് അനുവദിച്ചു കൂടാ. അങ്ങിനെയാകുമ്പോൾ മഹാത്മജി പോലും നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെ ഭാഗമല്ലാതായിത്തീരും. ഗാന്ധിജിയെ പോലും തമസ്കരിക്കാൻ ശ്രമിക്കുന്ന ഭരണാധികാരികൾ നാളെ ഗാന്ധിജിയെ രക്തസാക്ഷി പട്ടികയിൽ നിന്നും സ്വാതന്ത്യ സമര സേനാനികളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്താലും അത്ഭുതപ്പെടേണ്ടതില്ല.

ചരിത്രം ചിലപ്പോൾ വളച്ചൊടിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ ഇന്നലെകളെ ഇല്ലാതാക്കാൻ ആർക്കും കഴിയല്ല. മനുഷ്യ മനസ്സുകളിൽ മായ്ക്കാൻ കഴിയാത്ത വിധം രേഖപ്പെടുത്തപ്പെട്ടതാണ്.കാരണം സംഭവിച്ചു കഴിഞ്ഞത് സംഭവിച്ചു കഴിഞ്ഞത് തന്നെയാണ്.