‘എസ് ദുര്‍ഗ്ഗ’ ഒരു തുറന്ന കണ്ണാടി

0

റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ ഗോള്‍ഡന്‍ ടൈഗര്‍ പുരസ്കാരം അടക്കം പല അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും പുരസ്കാരങ്ങള്‍ വാരികൂട്ടിയ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനവും ചിത്രസംയോജനവും ചെയ്ത ‘എസ് ദുര്‍ഗ്ഗ’ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ആവുന്നത്. പരമ്പരാഗത വിതരണ ശൈലി സാദ്ധ്യമാകാത്തതിനാല്‍ കേരളത്തിലങ്ങോളമുള്ള ചലച്ചിത്ര ആസ്വാദകരുടെ കൂട്ടായ്മകളാണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലാണ് ചിത്രം കേരളത്തിലെത്തിയതും. സെക്സി ദുർഗയിൽ നിന്നും എസ് ദുർഗ്ഗ വരെ എത്തി കഥകള്‍ നമ്മള്‍ അറിഞ്ഞതാണ്.

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജശ്രീ, കണ്ണൻ നായർ, സുജീഷ് കെ.എസ്.,ബൈജു നെറ്റോ,അരുൺ സോൾ,വേദ്,ബിലാസ് നായർ,നിസ്താർ അഹമ്മദ്,സുജിത്ത് കോയിക്കൽ,വിഷ്ണു ജിത്ത് തുടങ്ങി ഒരു പറ്റം പുതുമുഖ താരങ്ങള്‍ ആണ് ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്.

ചിത്രം പറയുന്ന വിഷയവും അത് അവതരിപ്പിച്ചിരിക്കുന്ന രീതിയും തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണവും പ്രത്യേകതയും. പാരലൽ അല്ലെങ്കിൽ ഇൻഡിപെൻഡന്റ് സിനിമകളിലെ ഒരു റോഡ് മൂവി എന്ന് വേണമെങ്കിൽ എസ് ദുർഗ്ഗയേ വിശേഷിപ്പിക്കാം.സംവിധായകന്റെയും നായകന്റെയും വാക്കുകൾ കടമെടുത്താൽ.. ഇന്ത്യയ്ക്ക് പുറത്തു അവാർഡുകളും ഇന്ത്യയിൽ തെറികളും ലഭിച്ച സിനിമ എന്ന് എസ് ദുര്‍ഗ്ഗയെ കുറിച്ചു പറയേണ്ടി വരും.

കബീർ, ദുർഗ എന്നീ രണ്ടു കഥാപാത്രങ്ങളുടെ ചുറ്റുമാണ് പ്രധാനമായും ഈ ചിത്രം വികസിക്കുന്നത്. ദുർഗ ദേവിയുടെ ഒരു പ്രതിമ കത്തിച്ചു കളയുന്ന ഒരു ചടങ്ങിൽ നിന്ന് തുടങ്ങുന്ന ഈ ചിത്രത്തിന്റെ കഥ പിന്നീട് കാണിക്കുന്നത് അതേ നഗരത്തിൽ അന്ന് രാത്രി നടക്കുന്ന ചില സംഭവങ്ങലിലെക്ക് പോകുകയാണ് ദുർഗ്ഗ എന്ന പെൺകുട്ടിയും കബീർ എന്ന യുവാവും.

കേരളത്തിന്റെ പുറംതോടിനുള്ളിലെ ജീര്‍ണ്ണതകളാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. അത് മതപരമാണ്, സാംസ്‌കാരിക പരമാണ്, രാഷ്ട്രീയപരവുമാണ്. വെളിച്ചത്തില്‍ ഒരു സ്വഭാവവും ഇരുട്ടില്‍ മറ്റൊരു സ്വഭാവവുമെന്ന കാപട്യമാണ് കേരളത്തിന്റെ പ്രത്യേകത. അതാകട്ടെ സ്ത്രീകളെ സംബന്ധിച്ച പുരുഷന്റെ കാഴ്ചപ്പാടുമായ് ബന്ധപ്പെട്ടിരിക്കുന്നതുമാണ്. രാത്രിയുടെ നിശബ്ദതയില്‍ ആളൊഴിഞ്ഞ റോഡില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ഒളിച്ചോട്ടത്തില്‍ ഉത്തരേന്ത്യക്കാരിയായ ദുര്‍ഗ്ഗയേയും കബീറിനേയും കാറില്‍ കയറ്റി സഹായിക്കാനെത്തുന്ന ആയുധകടത്തുകാരായ സംഘത്തിന്റെ ക്രൂര വിനോദങ്ങളിലാണ് പിന്നീടുള്ള കഥ പുരോഗമിക്കുന്നത്. ഹിംസയും നര്‍മവും തമ്മിലുള്ള നേരിയ, വെളിച്ചമടഞ്ഞ പാതയിലൂടെ അവരുടെ യാത്ര പുരോഗമിക്കുകയായ്. പൗരുഷത്തിന്റെ ആ ആഘോഷം തിയേറ്ററില്‍ ചെലവിടേണ്ടി വരുന്ന എണ്‍പത്തിയഞ്ച് മിനുട്ടും നമ്മില്‍ ആന്തരികമായൊരു ഭയം നിലനിര്‍ത്തുന്നുണ്ട്. രണ്ട് ദുര്‍ഗ്ഗമാരെയാണ് സിനിമ കാണിക്കുന്നത്. ഒന്ന് കാളിയാണ്, രണ്ട് ദുര്‍ഗ്ഗ തന്നെയും. ആദ്യത്തേതില്‍ അവള്‍ ആദരിക്കപ്പെടുകയാണ് എങ്കില്‍ രണ്ടാമതില്‍ ക്രൂശിക്കപ്പെടുകയാണ്. ഒരു റോഡ് മൂവി എന്നോ റോഡ് ത്രില്ലെർ എന്നൊക്കെയോ ഒരർഥത്തിൽ ഈ ചിത്രത്തെ നമ്മുക്ക് വിശേഷിപ്പിക്കാവുന്നതാണ്.ചിത്രത്തിന്‍റെ വിഷയം ഗൌരവമുള്ളതും അതിന്റെ അവതരണവും കയ്യടക്കവും സിനിമാലോകത്തിനു തന്നെ പുതുമ നല്‍കുന്നതുമാണ്.

എന്തായാലും ദുർഗ്ഗാ ഒരു തുറന്ന കണ്ണാടി ആണ്. വിവിധ ചലച്ചിത്ര മേളകളിൽ ചർച്ച ചെയ്യപ്പെട്ട സിനിമ നമ്മുടെ നാട്ടിലും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഉണ്ടായ വിവാദങ്ങളൊക്കെയും അനാവശ്യമെന്ന് പറയുന്നതോടൊപ്പം തന്നെ മലയാളത്തില്‍ എക്കാലത്തും എണ്ണപ്പെടെണ്ട സിനിമകളില്‍ ഒരു സൃഷ്ടിയായ് ‘എസ് ദുര്‍ഗ്ഗ’ അടയാളപ്പെടുത്തേണ്ടതുണ്ട്.