കന്നി ഒളിമ്പിക്സിലെ പെണ്‍ക്കരുത്ത് സാക്ഷി മാലിക്ക്

0

ഒരു ഒളിമ്പിക് മെഡലിനായി ഇന്ത്യ കാത്തിരുന്നത് പന്ത്രണ്ടു നാളുകള്‍.ഒടുവില്‍ ഇന്ത്യയുടെ മാനം കാത്തു  സാക്ഷി മാലിക്കിന്റെ വെങ്കല മെഡല്‍ ഇന്ത്യക്ക് സ്വന്തം . മെഡല്‍ നേടുമെന്ന് പ്രതീക്ഷ പുലര്‍ത്തി കാത്തിരുന്ന മത്സരങ്ങളെല്ലാം സമ്മാനിച്ചത് നിരാശയായപ്പോഴാണ് അപ്രതീക്ഷിതമായൊരു മെഡല്‍നേട്ടമുണ്ടായത്.അതും ഒട്ടും പ്രതീക്ഷയില്ലാത്ത വനിതാ ഗുസ്തിയില്‍ നിന്നും.

വനിതകളുടെ 58 കിലോഗ്രാം ഗുസ്തി ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് സാക്ഷി മാലിക്കിന്റെ അപ്രതീക്ഷിത വെങ്കല നേട്ടം. കിര്‍ഗിസ്ഥാന്റെ ഐസുലു ടിനിബെക്കോവയെ 8-5നു മലര്‍ത്തിയടിച്ചാണു സാക്ഷിയുടെ വെങ്കലത്തിലെത്തിയത്. 5-0നു എതിരാളി മുന്നിലെത്തിയ ശേഷം ശക്തമായി തിരിച്ചടിച്ചാണ് സാക്ഷിയുടെ ജയം. ഒളിമ്പിക്‌സ് വനിതാ ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ് സാക്ഷി.

ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായ സാക്ഷി റെപ്പഷാജെ മല്‍സരത്തിലൂടെയാണ് ജേതാവായത്. ക്വാര്‍ട്ടറില്‍ സാക്ഷിയെ തോല്‍പിച്ച റഷ്യന്‍ താരം വലേറിയ ഫൈനലില്‍ കടന്നതോടെ സാക്ഷിക്ക് റെപ്പഷാജെയിലേക്ക് വഴിതെളിഞ്ഞു. റെപ്പഷാജെയുടെ ആദ്യ റൗണ്ടില്‍ മംഗോളിയയുടെ ഒര്‍ഖോണ്‍ പുറെഡോര്‍ജിനെ 12-3ന് തോല്‍പിച്ചതോടെയാണ് സാക്ഷി വെങ്കല പോരാട്ടത്തിന് യോഗ്യത നേടിയത്. സാക്ഷിക്ക് 12 പോയിന്റും മംഗോളിയന്‍ താരത്തിന് മൂന്ന് പോയിന്റും കിട്ടി.ഒമ്പതാം വയസില്‍ ഗുസ്തി രംഗത്തേക്ക് കടന്നുവന്ന സാക്ഷി ഹരിയാനയില്‍ നിന്നുള്ള താരമാണ്. 2014 ഗ്ലാസ്്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും 2014 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടിയ ശേഷമാണ് 23കാരിയായ സാക്ഷി റിയോയിലെത്തിയത്.

ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുന്ന നാലാമത്തെ വനിതാ താരമാണ് സാക്ഷി. കര്‍ണം മല്ലേശ്വരി, സൈന നെഹ്‌വാള്‍, മേരി കോം എന്നിവരാണ് സാക്ഷിയുടെ മുന്‍ഗാമികള്‍. 2000ലെ സിഡ്‌നി ഒളിംപിക്‌സില്‍ 69 കിലോഗ്രം വിഭാഗം ഭാരോദ്വഹനത്തില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിയാണ് ഒളിംപിക്‌സ് മെഡല്‍ നേടിയ ആദ്യ ഇന്ത്യ വനിത. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ബാഡ്മിന്റന്‍ സിംഗിള്‍സ് വിഭാഗത്തില്‍ സൈന വെങ്കലം നേടിയപ്പോള്‍, 51 കിലോഗ്രം വിഭാഗം ബോക്‌സിങ്ങിലാണ് മേരി കോം വെങ്കലം സ്വന്തമാക്കിയത്.

‘ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തിതാരമാകുമെന്ന് താന്‍ കരുതിയിരുന്നില്ല’ എന്നാണ് സാക്ഷി മെഡല്‍ നേട്ടത്തിനു പിന്നാലെ പറഞ്ഞത്. ഒരു പെണ്ണ് കായികമേഖലയിലേക്ക് കടന്നുവരുന്നത് അംഗീകരിക്കാനാവാത്ത ഒരു വിഭാഗത്തിനോട് ഏറെ പൊരുതി നേടിയ ഈ മെഡലിന് സത്യത്തില്‍ സ്വര്‍ണത്തേക്കാള്‍ തിളക്കമുണ്ട് . 2002 മുതല്‍ സ്വന്തം കഴിവില്‍ വിശ്വസിച്ചു അര്‍പ്പണ ബോധത്തോടെയുളള പരിശീലനത്തിന്റെ പ്രതിഫലം കൂടിയാണ് ഈ ചരിത്ര നേട്ടം .1992 സെപ്തംബര്‍ മൂന്നിന് ഹരിയാനയിലെ റോഥക്കിലാണ് സാക്ഷി ജനിച്ചത്. അച്ഛന്‍ സുദേശും അമ്മ സുഖ്ബീറും നല്‍കിയ പ്രചോദനമായിരുന്നു ഗോദയില്‍ സാക്ഷിയുടെ കരുത്ത്.പരിശീലകനായ ഈശ്വര്‍ ദഹിയ ഗ്രാമത്തിലെ ആണ്‍കുട്ടികളോടൊപ്പം അടി കൂടിച്ചാണ് സാക്ഷിയെ ഒരൊന്നാന്തരം ഗുസ്തി താരമാക്കി മാറ്റിയത് .  സാക്ഷിയുടെ വിജയത്തിന്റെ ക്രഡിറ്റ് കോച്ച് ഇശ്വാര്‍ സിങ് ദഹിയയ്ക്കുകൂടി അവകാശപ്പെട്ടതാണ് എന്നതില്‍ സംശയമില്ല.

കന്നി ഒളിമ്പിക്സില്‍ സാക്ഷി നേടിയ ഈ വിജയം കായിക ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം കുറിക്കുകയാണ്. പക്ഷെ സാക്ഷിയുടെ വിജയം ഇന്ത്യക്ക് തല്‍ക്കാലം അഭിമാനിക്കാന്‍ വക നല്‍കുമെങ്കിലും കായിക രംഗത്ത് ഇന്ത്യ ഇനിയും ഏറെ ദൂരം പിന്നിടാന്‍ ഉണ്ടെന്നത് മറ്റൊരു വസ്തുത.