നിത്യ മേനന്‍, എന്നെ വിട്ടേക്കൂ, നിങ്ങൾ എന്നെ അർഹിക്കുന്നില്ല: സന്തോഷ് വർക്കി

0

നിത്യ മേനന് തന്നെ വിവാഹം കഴിക്കാൻ അർഹതയില്ലെന്ന് സോഷ്യൽ മീഡിയയിൽ സിനിമാ നിരൂപണങ്ങൾ ചെയ്തു വൈറലായ സന്തോഷ് വർക്കി. അഭിമുഖങ്ങളിലൂടെ നിത്യ മേനോൻ തന്നെ അപമാനിച്ചുവെന്ന് സന്തോഷ് വർക്കി പറയുന്നു. സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളെ വിശ്വസിക്കാൻ കൊള്ളില്ല. സമൂഹത്തിൽ ഒരു വിലയും ഇല്ലാത്ത ആൾക്കാരാണ് സിനിമാനടികൾ എന്നും അത്തരം ഒരു സ്ത്രീയെ കല്യാണം കഴിക്കേണ്ട ഗതികേട് തനിക്കില്ല എന്നും സന്തോഷ് വർക്കി പറഞ്ഞു. ഇനി നിത്യയുമായി ഒരു ബന്ധവുമില്ലെന്നും തന്നെ വെറുതെ വിടണമെന്നും സന്തോഷ് വർക്കി വിഡിയോയിൽ പറയുന്നു.

‘‘നിത്യ മേനൻ എന്നെക്കുറിച്ച് പല അഭിമുഖത്തിലും പറയുന്നതുകേട്ടു. വളരെ വിഷമം തോന്നുന്നുണ്ട്. നിത്യാ മേനനോട് എനിക്കു പറയാനുള്ളത് എന്നെ വിട്ടേക്കുക എന്നാണ്. എന്റെ അച്ഛൻ മരിച്ചുപോയി. 72 വയസ്സായ എന്റെ അമ്മയ്ക്കു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. നിങ്ങളെ ആത്മാർഥമായി സ്നേഹിക്കുകയല്ലാതെ ഞാൻ വേറൊരു തെറ്റും ചെയ്‌തിട്ടില്ല. അനുഭവിക്കാനുള്ളത് മാക്സിമം ഞാൻ അനുഭവിച്ചു. ഇനി എന്റെ ഗവേഷണത്തിൽ ശ്രദ്ധിക്കാൻ പോവുകയാണ്. സിനിമയുമായുള്ള ബന്ധവും ഞാൻ കുറയ്ക്കാൻ പോവുകയാണ്. മനുഷ്യത്വം എന്നത് സിനിമാ ഫീൽഡിൽ ഇല്ല. കിരീടവും ഭരതവുമൊക്കെ കാണുമ്പോ നമ്മൾ വിചാരിക്കും ഇവർ നല്ല മനുഷ്യരാണെന്ന്. ഇവർക്കൊന്നും ഒരു മനുഷ്യത്വവും ഇല്ല. എല്ലാം കച്ചവടമാണെന്ന് എന്നോട് സീനിയർ ആക്ടർ മധു സർ പറഞ്ഞിട്ടുണ്ട്.

എനിക്ക് അവരെ വേണ്ട. എന്റെ ഫാമിലി അക്കാദമിക് ഫാമിലി ആണ്. എന്റെ ഫാമിലിയും അവരുടെ ഫാമിലിയുമായി ചേരില്ല. എന്റെ ഫാദർ എഎംഐ എന്ന വലിയൊരു എക്സാം എഴുതിയെടുത്ത വലിയൊരു മനുഷ്യനാണ്. എന്റെ അമ്മ സൈക്കോളജിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ആണ്. എന്റെ മൂത്ത സിസ്റ്റർ യുഎസിൽ ഡോക്ടറാണ്. ഭർത്താവ് ശാസ്ത്രജ്ഞൻ ആണ്. രണ്ടാമത്തെ സിസ്റ്റർ ബെംഗളൂരുവിൽ മൈക്രോസോഫ്റ്റിൽ വർക്ക് ചെയ്യുന്നു.

കാഞ്ചനമാലയിലെ കാഞ്ചനയുടെ മെയിൽ വേർഷനാണ് ഞാൻ. ശ്രീദേവിയെ വിവാഹം കഴിക്കാൻ ബോണി കപൂർ പുറകെ നടന്നത് 12 വർഷമാണ്. അതുപോലെ ആത്മാർഥമായാണ് ഞാനും പ്രണയിച്ചത്.

എന്റെ ഒരുപാടു സമയവും പരിശ്രമങ്ങളും വെറുതെയായി ഇനി എനിക്ക് അവരെ വേണ്ട. ഇനി എനിക്ക് അവരുമായി ഒരു ബന്ധവുമില്ല. അവർ ആരാണെന്ന് ഇന്നലെയാണ് എനിക്കു മനസ്സിലായത്. അവർക്ക് ഇത് തമാശയാണ്. എനിക്ക് തമാശയല്ല. എനിക്കെതിരെ അവർ എഫ്ഐആർ ഇട്ടു, ഐപിഎസ് ഓഫിസർ നല്ല മനുഷ്യൻ ആയതുകൊണ്ട് എന്നെ വെറുതെ വിട്ടതാണ്. അല്ലെങ്കിൽ എന്റെ ജീവിതം പോയേനെ. നോ എന്ന് ഇവർക്ക് നേരത്തേ പറയാമായിരുന്നു. അതാണ് പ്രശ്നമായത്. നിത്യയെ കാണാൻ ബെംഗളൂരു വരെ പോയിട്ടുണ്ട്. പക്ഷേ അന്ന് കാണാൻ കഴിഞ്ഞില്ല. അന്ന് നിത്യയുടെ വീട്ടുകാർ എനിക്കെതിരെ കേസ് കൊടുത്തു. ഇവരുടെ പരാതിയെ തുടർന്ന് ബെംഗളൂരു പൊലീസ് കമ്മിഷണർ എന്നെ വിളിച്ച് 24 മണിക്കൂറിനുള്ളിൽ ഇവിടെനിന്നു പോകണമെന്നു പറഞ്ഞു. മുപ്പത് സിമ്മിന്റെ കാര്യം പറയുന്നു, മുപ്പത് സിം ഒന്നും എന്റെ കയ്യിൽ ഇല്ല. അവരെ പലരും വിളിക്കുന്നുണ്ടാകും. ഞാൻ എത്രമാത്രം കഷ്ടപ്പെട്ടു. ഇനി ഞാൻ ഒന്നിനും ഇല്ല. എന്റെ ജീവിതം ഫിലോസഫിക്കു വേണ്ടി മാറ്റിവയ്ക്കുകയാണ്.

എനിക്ക് സിനിമാനടിയെ കല്യാണം കഴിക്കേണ്ട ഒരാവശ്യവുമില്ല. സമൂഹത്തിൽ ഒരു വിലയും ഇല്ലാത്ത ആൾക്കാരാണ് സിനിമാനടികൾ. കഴിഞ്ഞ നാലു മാസമായി നിങ്ങൾ എന്റെ മനസ്സിൽ ഇല്ല. ഇപ്പൊ ഇവർ എന്താണ് ഇങ്ങനെ പറയുന്നതെന്ന് എനിക്ക് അറിയില്ല. കഴിഞ്ഞ ആറു മാസമായി ഞാൻ ഇവരെ വിളിച്ചിട്ടില്ല. ഇതിലെല്ലാം മീഡിയയുടെ കളിയാണ്. ഏറ്റവും വലിയ കള്ളന്മാർ മീഡിയക്കാർ ആണ്. എന്നെ വിറ്റ് അവർ എത്ര കാശ് ഉണ്ടാക്കി. എനിക്ക് ഇനിയൊരു കല്യാണവും വേണ്ട. എന്നെ ആളുകൾ സൈക്കോ എന്ന് വിളിക്കുന്നു. അവർക്കെതിരെ വേണമെങ്കിൽ എനിക്ക് കേസ് കൊടുക്കാം. സൈക്കോ ആണ് ആസിഡ് അറ്റാക്കും റേപ്പും ഒക്കെ ചെയുന്നത്. ഞാൻ അത് ചെയ്തോ? ഞാൻ ആത്മാർഥമായി അവരെ സ്നേഹിച്ചു. അതാണ് എന്റെ തെറ്റ്. 2009 ൽ തുടങ്ങിയ സ്നേഹമാണ്. ഇത്രയും നാൾ അത് നിന്നതു ട്രൂ ലവ് ആയതുകൊണ്ടാണ്.’’-സന്തോഷ് വർക്കി പറഞ്ഞു.