ഇന്തൊനേഷ്യയിലേക്കുള്ള യാത്രാനിരോധനം സൗദി അറേബ്യ പിന്‍വലിച്ചു

1

റിയാദ്: സൗദി പൗരന്മാരുടെ ഇന്തൊനേഷ്യന്‍ യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിരീക്ഷിച്ചും സൗദി ആരോഗ്യ വകുപ്പുകള്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലുമാണ് ഇന്തൊനേഷ്യയിലേക്ക് നേരിട്ടും അല്ലാതെയും യാത്ര പോകുന്നതിന് സൗദി പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

തീരുമാനം തിങ്കള്‍ മുതല്‍ പ്രാബല്യത്തില്‍ വന്നു. 2021 ജൂലൈ 12നാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി പൗരന്മാര്‍ക്ക് ഇന്തൊനേഷ്യയിലേക്കുള്ള യാത്ര നിരോധിച്ചത്.

എന്നാല്‍ ഇന്ത്യ, ലബനന്‍, തുര്‍ക്കി, യെമന്‍, സിറിയ, ഇറാന്‍, അര്‍മേനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ബെലാറസ്, വിയറ്റ്‌നാം, സൊമാലിയ, വെനസ്വേല എന്നീ രാജ്യങ്ങളിലേക്കുള്ള വിലക്ക് തുടരും. അടിയന്തര ആവശ്യങ്ങള്‍ക്കായി ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ സൗദി പൗരന്മാര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണം.