സൗദി അറേബ്യയില്‍ സ്വദേശിയെ കോടികളുടെ കടക്കെണിയിലാക്കി പ്രവാസി രാജ്യം വിട്ടു

1

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശി പൗരനെ ബിനാമിയാക്കി സ്ഥാപനം നടത്തിയ പ്രവാസി, ലക്ഷക്കണക്കിന് റിയാലിന്റെ ബാധ്യതയുണ്ടാക്കി രാജ്യം വിട്ടു. സൗദി വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം സ്വദേശികളെ ബിനാമികളാക്കി മലയാളികളടക്കമുള്ള പ്രവാസികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചുവകരികയാണ്.

സൗദി പൗരന്റെ പേരില്‍ സ്ഥാപനം തുടങ്ങാമെന്ന് അറിയിച്ച് അദ്ദേഹത്തെ സമീപിച്ച പ്രവാസി, സ്‍പോണ്‍സര്‍ക്ക് മാസാമാസം നിശ്ചിത തുക നല്‍കാമെന്ന് വാഗ്ദാനം ചെയ്‍തിരുന്നു. പ്രവാസിക്ക് തന്നെയായിരുന്നു സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല. കുറച്ചുനാളുകള്‍ക്ക് ശേഷം തന്റെ സ്‍പോണ്‍സര്‍ഷിപ്പ് മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നതിന് ഇയാള്‍ റിലീസ് ആവശ്യപ്പെട്ടു. തമ്മിലുള്ള വിശ്വാസം കാരണം സാമ്പത്തിക ഇടപാടുകളൊന്നും പരിശോധിക്കാതെ സ്വദേശി റിലീസ് നല്‍കുകയും ചെയ്‍തു.

പ്രവാസിയുടെ സ്‍പോണ്‍സര്‍ഷിപ്പ് മാറി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സ്ഥാപനത്തിന് കടമായി സാധനങ്ങള്‍ നല്‍കിയവര്‍ പണം അന്വേഷിച്ചെത്താന്‍ തുടങ്ങി. 40 ലക്ഷം റിയാലായിരുന്നു (എട്ട് കോടിയോളം ഇന്ത്യന്‍ രൂപ) ഇങ്ങനെ പലര്‍ക്കായി നല്‍കാനുണ്ടായിരുന്നത്. സൗദി പൗരന്‍ സ്ഥാപനം നടത്തിയ വിദേശിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ അതിനോടകം രാജ്യം വിട്ടിരുന്നു.

നിലവില്‍ നിക്ഷേപക ലൈസൻസ് നേടി മാത്രമേ വിദേശികൾക്ക് രാജ്യത്ത് നിയമാനുസൃതമായി ബിസിനസ് നടത്താൻ അനുവാദമുള്ളൂ. എന്നാൽ പലരും സൗദി പൗരന്മാരുടെ പേരിൽ ലൈസൻസ് നേടി അതിന്റെ മറവിൽ ബിസിനസ് നടത്തുകയാണ് പതിവ്. ഇതിന് മൂക്കുകയറിടുന്നതിനുള്ള ശക്തമായ നടപടികള്‍ അധികൃതര്‍ തുടരുകയാണ്.