വിസിറ്റ് വിസയിലുള്ള വിദേശികളെ ഹജ്ജ് കർമ്മത്തിനനുവദിക്കില്ല: സൗദി അറേബ്യ

1

ജിദ്ദ: വിസിറ്റ് വിസയിലുള്ള വിദേശികള്‍ക്ക് ഹജ്ജ് കര്‍മ്മങ്ങള്‍ അനുവദനീയമല്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്തിനകത്ത് താമസിക്കുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് വാര്‍ഷിക കര്‍മ്മമായ ഹജ്ജിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഏതാനും ദിവസം മുമ്പ്, സൗദി ഹജ്ജ് മന്ത്രാലയം രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 1 ദശലക്ഷം തീര്‍ത്ഥാടകരെ ഇത്തവണ ഹജ്ജ് കര്‍മ്മത്തിനു അനുവദിക്കുമെന്ന് അറിയിച്ചിരുന്നു.

ഈ വര്‍ഷത്തെ ഹജ്ജിന് 65 വയസ്സിന് താഴെയുള്ളവരും, കോവിഡ് വാക്‌സിന്‍ പൂര്‍ണ്ണമായി എടുത്തവരും നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് ഹാജരാക്കിയവരുമായവര്‍ക്കായിരിക്കും യോഗ്യതയുണ്ടായിരിക്കുക എന്ന് സൗദി അധികൃതര്‍ അറിയിച്ചിരുന്നു. കൊറോണ പെട്ടിപ്പുറപ്പെടും മുമ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഏകദേശം 2.5 ദശലക്ഷം വിശ്വാസികള്‍ എല്ലാ വര്‍ഷവും ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചിരുന്നു.