സൗദിയില്‍ അടുത്ത മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ രാജ്യം വിടണം

0

സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന ഊർജിത സ്വദേശിവത്കരണവും തൊഴില്‍ – സാമ്പത്തിക മേഖലയിലെ പ്രതിസന്ധിയും കാരണം അടുത്ത മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ രാജ്യം വിടുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. പകരം 13,500 സ്വദേശികള്‍ക്കാണ് ജോലി ലഭിക്കുക. സ്വദേശികളുടെ തൊഴിലില്ലായ്മ 12.8 ശതമാനമായി വര്‍ധിച്ചതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണം, തൊഴില്‍ സാമ്പത്തിക രംഗത്തെ പ്രതിസന്ധിയും വിദേശികളെ കാര്യമായി ബാധിച്ചെന്നാണ് കണക്കുകള്‍. മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ രാജ്യം വിടുമെന്നാണ് കണക്ക് . സ്വദേശികള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിലനിന്നിരുന്ന തൊഴിലില്ലായ്മ 11 ശതമാനമായിരുന്നു. ഇത് 12.8 ശതമാനമായി വര്‍ധിച്ചു. ഇതിനൊപ്പം സ്വദേശിവത്കരണം ശക്തമായി നടക്കുമ്പോഴും സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ധിക്കുന്നുണ്ട്. വിവിധ കാരണങ്ങളാല്‍ തൊഴില്‍ നഷ്ടപ്പെട്ടവരില്‍ വിദേശികളാണ് കൂടുതല്‍.

ഈ വര്‍ഷം തുടക്കത്തില്‍ സൗദിയില്‍ ഒരു കോടി 85 ലക്ഷം വിദേശ ജോലിക്കാരുണ്ടായിരുന്നു. രണ്ടാം പാദത്തിലെത്തിയപ്പോള്‍ ജോലി പോയത് അറുപതിനായിരം പേര്‍ക്ക്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 13,400 സ്വദേശികള്‍ പുതുതായി തൊഴിലന്വേഷകരായി എത്തി. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടതാണ് ഈ കണക്ക്. സ്വദേശികളായ 9 ലക്ഷത്തിലേറെപ്പേരുണ്ടായിരുന്നു തൊഴിലന്വേഷിച്ച് 2016 അവസാനത്തില്‍. ഈ വര്‍ഷം രണ്ടാം പാദത്തിലേക്ക് കടന്നപ്പോള്‍ പത്ത് ലക്ഷത്തി എണ്‍പതിനായിരമായി. സ്വദേശി തൊഴിലന്വേഷകരില്‍ ഭൂരിപക്ഷവും 25നും 29നുമിടക്ക് പ്രായമുള്ളവരാണ്. ഇതില്‍ പകുതിയിലധികം പേര്‍ ബിരുദധാരികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.