ദിലീപ് പുറത്തേക്കിറങ്ങുന്നത് ആഘോഷമാക്കാന്‍ ആരാധകര്‍; അന്ന് കൂക്കിവിളിച്ചു; ഇന്ന് മാലയിടാന്‍ കാത്തിരിക്കുന്നു; റോഡ് ഷോ നടത്താനൊരുങ്ങി ആരാധകർ

0

നടൻ ദിലീപിന് ജാമ്യം ലഭിച്ചതോടെ റോഡ് ഷോ നടത്താനൊരുങ്ങി ആരാധകർ. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തടവില്‍ കഴിഞ്ഞു വന്നിരുന്ന നടന്‍ ദിലീപിന് ജാമ്യം ലഭിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ആലുവ സബ് ജയിലിന് മുന്നിലേയ്ക്ക് വന്‍ ആരാധക പ്രവാഹമാണ്. അറസ്റ്റിലായ സമയത്ത് ദിലീപിനെ കൂക്കിവിളിച്ചും ചീത്ത പറഞ്ഞും തടിച്ചുകൂടിയ ജനക്കൂട്ടം ഇന്ന് മധുരം വിളമ്പി പൂമാലയിട്ട് സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. പുറത്തിറങ്ങുന്ന ദിലീപിനെ ആലുവ സബ്ജയിലിൽ നിന്ന് നേരിട്ട് ആരാധകരുടെ അകമ്പടിയോടെ ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ റോഡ്‌ഷോ നടത്താനാണ് ഫാന്‍സുകാര്‍ ഒരുക്കം നടത്തുന്നത്.

85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് നടി അക്രമിക്കപെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിക്കുന്നത്. ‘കഴിഞ്ഞ 25 കൊല്ലമായി ഞങ്ങള്‍ക്കൊപ്പമുണ്ട് ഇപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്…’  എന്നെഴുതിയ കൂറ്റന്‍ ബാനറും ജയിലിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ജൂലായ് പത്തിന് അറസ്റ്റിലായ ദിലീപിനെ ആലുവ നഗരത്തിലൂടെ ജനക്കൂട്ടം കൊണ്ടുപോയത് കൂക്കുവിളികളോടെയായിരുന്നു. കോടതിയില്‍ ഹാജരാക്കുന്ന വേളയിലും തെളിവെടുപ്പിന് കൊണ്ടുപോകുന്ന സമയത്തും തെരുവുകളില്‍ ജനം നടനെ കൂക്കിവിളിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് പലരുടെയും പ്രതികരണം. ദിലീപിനെ അനുകൂലിച്ച് സിനിമയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ശക്തമായ വാദങ്ങള്‍ ഉയര്‍ന്നതും ജനങ്ങളുടെ മനോഭാവം മാറ്റിമറിച്ചു. ദിലീപിന് വേണ്ടി വന്‍ പിആര്‍ വര്‍ക്കുകള്‍ വരെ നടന്നു എന്നും ആരോപണമുണ്ട്. കാര്യം എന്ത് തന്നെ ആയാലും കേസിന്റെ നാള്‍വഴികള്‍ അവസാനിക്കാന്‍ ഇനിയും സമയം ബാക്കിയാണ്. ദിലീപിന് എതിരെയുള്ള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് പോലിസ്.