കണ്ണകിയുടെ പ്രതിരൂപമായി ജീവജ്യോതി; അഴിയെണ്ണി ‘മസാലദോശയുടെ തലതൊട്ടപ്പൻ

1

ജീവ ജ്യോതി എന്ന പെൺ മനസിന്റെ നിശ്ചയ ദാർഢ്യത്തിനു മുൻപിൽ, പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന ചൊല്ലിനു ചെറിയൊരു തിരുത്ത് ആവശ്യമാണ്. ലോകമെമ്പാടും അറിയപ്പെടുന്ന ശരവണഭവന്‍ ഹോട്ടല്‍ ശൃംഗലയുടെ ഉടമ പി. രാജഗോപാലാണ് ജീവ യുടെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ തോറ്റ് തുന്നംപാടിയത്.

ആഗ്രഹിച്ചതെന്തും സ്വന്തം കൈവെള്ളയിലാക്കുന്ന ശീലമായിരുന്നു പി രാജഗോപാലിന്റേത്. അതുകൊണ്ടുതന്നെ സസ്യാഹാര വിപണനരംഗത്ത് തന്റേതായ വ്യക്തിമുദ്രപതിപ്പിക്കാൻ അദ്ദേഹത്തിന് വളരെ പെട്ടന്ന് തന്നെ സാധിച്ചു. ഈ മേഖലയിൽ രാജഗോപാൽ നടത്തിയ മുന്നേറ്റം സമാനതകൾ ഇല്ലാത്തതായിരുന്നു. വ്യവസായവൃത്തങ്ങളില്‍ അണ്ണാച്ചി എന്നറിയപ്പെടുന്ന രാജഗോപാലിന് ‘മസാലദോശയുടെ തലതൊട്ടപ്പൻ’ എന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത്.

ഇന്ത്യയിൽമാത്രം 25 ശാഖകളുള്ള ശരവണഭവന് യു.എസ്., ബ്രിട്ടൻ, ഓസ്‌ട്രേലിയ അടക്കം 20 രാജ്യങ്ങളിൽ ശാഖകളുണ്ട്. ഈ സാമ്രാജ്യങ്ങൾ മുഴുവൻ വെട്ടിപ്പിടിക്കാൻ രാജഗോപാലിനൊരു മാർഗ ദർശിയുണ്ടായിരുന്നു. മടിപ്പാക്കം സ്വദേശി രവിയെന്ന ജ്യോതിഷിയായിരുന്നു അത്. ജിവജ്യോതിയെ കല്യാണം കഴിച്ചാൽ ലോകത്തെ ഏറ്റവും വലിയ പണക്കാരനാകും രാജഗോപാലെന്നു രവി അയാളെ വിശ്വസിപ്പിച്ചു. പൊതുവെ സ്ത്രീവിഷയത്തില്‍ കമ്പമുണ്ടായിരുന്ന രാജഗോപാലിന്റെ കണ്ണ് ജീവജ്യോതിയില്‍ പതിയുകയും ചെയ്തു. ഒടുവിൽ അത് ജീവയുടെ ഭർത്താവിന്റെ കൊലപാതകത്തിൽ ചെന്നെത്തി. ഇവിടന്നങ്ങോട്ടാണ് കഥയുടെ ഗതി മാറിയത്.

ശരവണ ഭവൻ എന്ന സാമ്രാജ്യത്തിന്റെ അടിവേരിളക്കിയ 20 വർഷങ്ങൾക്കുമുൻപ് തുടങ്ങിയ ഈ കഥ ഇപ്പോൾ രാജഗോപാലിന്റെ ജീവ പര്യന്തം എന്ന ക്ലൈമാക്സിൽ എത്തിനിൽക്കയായാണ്. സുപ്രീംകോടതി ഇയാള്‍ക്ക് ശിക്ഷ വിധിക്കുമ്പോള്‍ സ്ത്രീകളുടെ മാനത്തിനു വിലയിടുന്നവര്‍ക്കെതിരേയുള്ള ഒരു വിധി കൂടിയത് മാറുന്നു.

1981 ല്‍ ചെന്നൈ കെ.കെ. നഗറിലെ ചെറിയ ഹോട്ടലില്‍നിന്നായിരുന്നു രാജഗോപാലിൽനിന്നും അണ്ണാച്ചിയിലേക്കുള്ള തുടക്കം. പിന്നങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. തൂത്തുക്കുടിയിലെ കര്‍ഷകന്റെ മകനായി ജനിച്ച രാജഗോപാലിന്റെ ഈ വളർച്ചയെ വളരെയധികം ആവേശത്തോടും ആദരവോടും കൂടിയാണ് തമിഴ്‌നാട്ടുക്കാർ നോക്കികണ്ടത്.

ഇതിനിടെയാണു ശരവണഭവനിലെ തന്നെ ജീവനക്കാരനായ രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയെ പരിചയപ്പെടുന്നത്‌. അപ്പോള്‍ രാജഗോപാലിനു രണ്ട്‌ ഭാര്യമാര്‍ ഉണ്ടായിരുന്നു. പലതവണ പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും ജീവജ്യോതി വഴങ്ങിയില്ല. ജീവജ്യോതിയുടെ സൗന്ദര്യത്തേക്കാൾ അവരിലൂടെ തനിക്കു വന്നുചേരുന്ന സൗഭാഗ്യങ്ങളിലായിരുന്നു രാജഗോപാലിന്റെ കണ്ണ്.

ഈ സമയം ജീവ പ്രിൻസ് ശാന്തകുമാർ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. പ്രിൻസ് ഒരു ക്രിസ്ത്യാനി ആയതിനാൽ ജീവയുടെ പിതാവിന് അവരുടെ ബന്ധത്തിൽ താല്പര്യം ഉണ്ടായിരുന്നില്ല. 1999ല്‍ ഇരുവരും രാമസ്വാമിയുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരായി. വിവാഹശേഷം സാമ്പത്തീകമായി അടിത്തറയുണ്ടാക്കാൻ ഇവർ സഹായവുമായി രാജഗോപാലിന്റെ അടുത്തെത്തിയതോടെ ഇയാൾ അവസരം മുതലാക്കുകയായിരുന്നു. ശാന്തകുമാറിനു ശരവണഭവനില്‍ ജോലി നല്‍കിയായിരുന്നു രാജഗോപാലിന്റെ അടുത്ത കരുനീക്കം. 2001 ലാണ്‌ അദ്ദേഹം ജോലി സ്വീകരിച്ചത്‌. പ്രിൻസുമായി അടുപ്പം കാണിച്ചടുത്തുകൂടി അയാളോട് ജീവയുമായുള്ള ബന്ധം പിരിയാൻ നിർബന്ധിച്ചു.

വിലയേറിയ സമ്മാനങ്ങള്‍ നല്‍കി ജീവജ്യോതിയെ പാട്ടിലാക്കാനായിരുന്നു ആദ്യശ്രമം. അതു ഫലിക്കാതെ വന്നപ്പോള്‍പ്രിൻസിന് എയ്ഡ്‌സ് ഉണ്ടെന്നു വരുത്തിത്തീര്‍ക്കാനും ശ്രമം നടത്തി. ഇതോടെ ഇനി ശല്യം ചെയ്താല്‍ പോലീസിനെ സമീപിക്കുമെന്ന് ജീവജ്യോതി തീര്‍ത്തു പറഞ്ഞു. ഇതിനിടയ്ക്ക് ഭാര്യയെ വിട്ടു തരണമെന്ന് പ്രിൻസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചെന്നൈയിലെ ജീവിതം അപകടകരമാണെന്നു മനസ്സിലാക്കിയ പ്രിൻസും ജീവജ്യോതിയും നാടുവിടാന്‍ ശ്രമിച്ചെങ്കിലും ഈ നീക്കം മണത്തറിഞ്ഞ അണ്ണാച്ചിയുടെ ഗുണ്ടകള്‍ അവരെ തടയുകയുംപ്രിൻസിന്റെ കൈയും കാലും ബന്ധിച്ച് റെയില്‍വേ ട്രാക്കില്‍ തള്ളുകയും ചെയ്തു.

തുടര്‍ന്ന് ജീവജ്യോതിയെ തട്ടിക്കൊണ്ടു പോയി ദുര്‍മന്ത്രവാദത്തിലൂടെ മനസ്സു മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെയ രക്ഷപ്പെട്ടു വന്ന പ്രിൻസ് ഭാര്യയെ കണ്ടെത്തുകയും ഇരുവരും തിരുച്ചെണ്ടൂരീലേക്കു തിരിക്കുകയും ചെയ്തു. എന്നാല്‍ രാജഗോപാലിന്റെ ഗുണ്ടകള്‍ പ്രിൻസിനെ വീണ്ടും തട്ടിക്കൊണ്ടുപോയി. വിവാഹബന്ധം വേര്‍പെടുത്താന്‍ രാജഗോപാല്‍ തുടരെ നിർബന്ധിക്കുന്നതിനാൽ 2001–ൽ പൊലീസിന് പരാതി നൽകിയതിനു തൊട്ടു പിന്നാലെയാണ് തട്ടികൊണ്ടുപോയി കൊന്നത്. കേസിലെ രണ്ടാംപ്രതി ഡാനിയൽ ആണ് പോലീസിനോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പ്രിൻസിന്റെ മൃതദേഹം കൊടൈക്കനാലിനു സമീപമുള്ള കാട്ടില്‍ നിന്നു കിട്ടി. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമായിരുന്നു.

ശാന്തകുമാര്‍ പണം വാങ്ങി മുങ്ങിയതായി ജീവജ്യോതിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍ ജ്യോതിഷിയുടെ ഉപദേശപ്രകാരം ജീവജ്യോതിയില്‍ വിധവാ പൂജ നടത്തിയത് അവളില്‍ സംശയമുണ്ടാക്കി. അവള്‍ പോലീസില്‍ പരാതി കൊടുത്തു. കൊടൈക്കനാലിലെ അജ്ഞാത ജഡം ആരുടേതെന്ന് പോലീസ് ഉടന്‍ തീര്‍ച്ചയാക്കി.

ഡാനിയേലും സംഘവും ആദ്യവും രാജഗോപാല്‍ പിന്നീടും കീഴടങ്ങി. കോടതികള്‍ ശിക്ഷിച്ചെങ്കിലും ഏതാനും മാസങ്ങളിലെ ജയില്‍ ജീവിതം കഴിഞ്ഞു ജാമ്യത്തിലിറങ്ങി. ജയിലില്‍ സ്വന്തം ഹോട്ടലിലെ ഭക്ഷണം കിട്ടാന്‍ മാസം ഒരു ലക്ഷം രൂപ കൈക്കൂലി കൊടുത്തിരുന്നതായി രാജഗോപാല്‍ തന്നെ പറഞ്ഞിട്ടുണ്ട്. ജീവജ്യോതിക്ക് ആറ് ലക്ഷം രൂപ കൊടുത്ത് കേസൊതുക്കാനായിരുന്നു ജാമ്യത്തിലിറങ്ങി ആദ്യ ശ്രമം. പിന്നെ തുക കൂട്ടി. പണവും ഭീഷണിയും അനുനയവുമെല്ലാമുണ്ടായി. ഒന്നിനും ജീവജ്യോതി വഴങ്ങിയില്ല.

പിന്നീടങ്ങോട്ട് ജീവ പൊരുതുകയായിരുന്നു കണ്ണകിയെ പോലെ. തന്റെ ഭർത്താവിന്റെ ജീവനെടുത്തവർക്ക് നേരേയവൾ പ്രതികാര ദുർഗയായി. രാജഗോപാല്‍ ജീവപര്യന്തമനുഭവിച്ചേ പറ്റൂയെന്ന സുപ്രീം കോടതി വിധി ജീവജ്യോതിയുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ഫലമാണ്. അവര്‍ പൊരുതി നേടിയ വിജയം. മദ്രാസ്‌ ഹൈക്കോടതി ശിക്ഷ ജീവപര്യന്തം തടവ്‌ശിക്ഷയാക്കി. ഇതിനിടെ 2009ല്‍ ചികിത്സയ്‌ക്കെന്ന പേരില്‍ രാജഗോപാല്‍ ജാമ്യവും നേടിയിരുന്നു. തുടര്‍ന്നാണു വിധിക്കെതിരേ രാജഗോപാല്‍ സുപ്രീംകോടതിയെ സമീപിച്ചത്‌. കീഴടങ്ങാന്‍ ജൂലൈ ഏഴ്‌വരെ അയാള്‍ക്കു കോടതി സമയം അനുവദിച്ചിട്ടുണ്ട്‌.

ലോകമെമ്പാടുമുള്ളവരുടെ നാവിൻ തുമ്പിൽ രുചിയുടെ വിപ്ലവം തീർത്ത മസാലദോശയുടെ തലതൊട്ടപ്പന്‌ ശിഷ്ടകാലം ജയിൽ ഭക്ഷണം കഴിച്ചിരിക്കാനാണ് വിധി. എന്നിരുന്നാലും രാജഗോപാൽ തുടക്കം കൊടുത്ത ശരവണ ഭവൻ എന്ന രുചിയുടെ സാമ്രാജ്യം ഒരിക്കലും തകരില്ല എന്നത് ഉറപ്പുള്ള കാര്യമാണ്. ഒരു കാലത്ത് മൈലാപ്പൂർ ബ്രാഹ്മണർ മാത്രം കൈവച്ചിരുന്ന സസ്യാഹാര വിപണന മേഖലയിൽ രാജഗോപാൽ എന്ന കീഴ് ജാതിക്കാരൻ സൃഷ്ട്ടിച്ച രുചിവിപ്ലവം അണ്ണാച്ചിയുടെ യുഗം അവസാനിച്ചലും നിലനിക്കാനാണ് സാധ്യത.