സിഗ്മണ്ട് ഫ്രോയ്ഡിന്റെ കൊച്ചുമകളും വിമര്‍ശകയുമായിരുന്ന സോഫി ഫ്രോയ്ഡ് അന്തരിച്ചു

0

യു.എസ്: സിഗ്മണ്ട് ഫ്രോയ്ഡിന്റെ കൊച്ചുമകളും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറും അധ്യാപികയുമായിരുന്ന സോഫി ഫ്രോയ്ഡ് അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസ്സായിരുന്നു. തന്റെ മുത്തച്ഛന്റെ വിഖ്യാത സിദ്ധാന്തമായിരുന്ന സൈക്കോ അനാലിസിസിനെ പരസ്യമായി എതിര്‍ത്തുകൊണ്ട് അക്കാദമിക പ്രസംഗങ്ങള്‍ നടത്തിയാണ് സോഫി ശ്രദ്ധേയയായത്.

പാന്‍ക്രിയാസ് കാന്‍സര്‍ ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. ബോസ്റ്റണിലെ സൈമണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജി പ്രൊഫസറായി സേവനമനുഷ്ഠിച്ച സോഫി ഫ്രോയ്ഡ് അറിയപ്പെടുന്ന സൈക്കോസോഷ്യോളജിസ്റ്റ് കൂടിയാണ്. സാമൂഹികപ്രവര്‍ത്തനത്തില്‍ ഫെമിനിസത്തിന്റെ ആവശ്യകതയും ശിശുസംരക്ഷണവും പ്രധാനമേഖലയായി തിരഞ്ഞെടുത്ത സോഫി ബന്ധപ്പെട്ട വിഷയത്തില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

വിയന്നയിലെ മധ്യ-വര്‍ഗ ജൂതകുടുംബത്തില്‍ 1924 ഓഗസ്റ്റ് ആറിനാണ് സോഫി ജനിച്ചത്. സിഗ്മണ്ട് ഫ്രോയ്ഡിന്റെ മൂത്തമകനായിരുന്ന മാര്‍ട്ടിന്‍ ഫ്രോയ്ഡിന്റെയും സ്പീച്ച് തെറാപ്പിസ്റ്റായിരുന്ന ഡ്രക്കര്‍ ഫ്രോയ്ഡിന്റെയും മകളാണ് സോഫി ഫ്രോയ്ഡ്. സിഗ്മണ്ട് ഫ്രോയ്ഡിന്റെ സൈക്കോ അനാലിറ്റിക് പബ്ലിഷിങ് ഹൗസിന്റെ ഡയറക്ടറായിരുന്നു മാര്‍ട്ടിന്‍. വിയന്നയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തതാണ് സോഫിയുടെ കുടുംബം.