എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം

0

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.26 ശതമാനം വിജയം. പരീക്ഷ എഴുതയിവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ കുറവ് വയനാട്ടിൽ.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികളുള്ളത്. നാലു മണി മുതൽ ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും.

എസ്എസ് എൽ സി- പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എൻസിസി ഉൾപ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാർക്ക് ഉണ്ടാകില്ല.

എസ്എസ്എൽസി പ്രൈവറ്റ്  പഴയ സ്‌കീമിൽ പരീക്ഷ എഴുതിയ 134 പേരിൽ 96 പേർ ഉപരിപഠനത്തിന് യോഗ്യത നേടി വിജയശതമാനം 70.9 ശതമാനം.  വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല കോട്ടയത്തെ പാലയാണ്. വിജയശതമാനം കുറവ് തിരുവനന്തപുരത്തെ ആറ്റിങ്ങലിലും. ഈ വർഷം കൂടുതൽ വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്തെ  3024 മിടുക്കൻമാരും മിടുക്കികളുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഗൾഫ് സെന്ററുകളിൽ പരീക്ഷ എഴുതിയ 571 പേരിൽ 561 പേരും വിജയിച്ചു. 97.25 ശതമാനമാണ് വിജയം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്  മലപ്പുറം പികെഎംഎച്ച്എസിൽ ആണ് 2104 പേർ. തിരുവനന്തപുരം പട്ടം സെൻ്റ് മേരീസിൽ 1618 പേരും പരീക്ഷ എഴുതി. ടെക്നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പരീക്ഷ എഴുതിയ 2977 കുട്ടികളിൽ 2912 കുട്ടികൾ ജയിച്ചു. 99.49% ആണ് വിജയശതമാനം. 112 പേർ ഫുൾ എ പ്ലസ് നേടി. 

എസ്എസ്എൽസി പരീക്ഷയിൽ 2134 സ്‌കൂളുകൾ  നൂറ് ശതമാനം വിജയം നേടി. ഇതിൽ 760 സർക്കാർ സ്കൂളുകളും 942 എയ്ഡഡ് സ്കൂളുകളും 432 അൺഎയ്ഡഡ് സ്കൂളുകളും ഉൾപ്പെടും. കഴിഞ്ഞ വർഷം  2210 സ്കൂളുകൾ ആണ് ഫുൾ എ പ്ലസ് നേടിയത്.

പരീക്ഷാഫലം എങ്ങനെ അറിയാം?

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. keralaresults.nic.in അല്ലെങ്കില്‍ keralapareekshabhavan.in
ഹോംപേജില്‍, ‘Kerala SSLC Result 2022’എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക
എസ്.എസ്.എല്‍.സി ഫലം സ്‌ക്രീനില്‍ കാണാനാകും
ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം.