വിമർശനത്തോടെ കാലാവധി നീട്ടി: മിശ്ര സെപ്തംബർ .15 വരെ മതി: സുപ്രീംകോടതി

0

ഡൽഹി : അടുത്ത തിങ്കളാഴ്ച്ച സർവ്വീസിൽ നിന്ന് പുറത്തു പോകേണ്ടിയിരുന്ന ഇ.ഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി,​ കേന്ദ്രത്തിനെതിരെ അതിനിശിതമായ പരാമർശങ്ങളോടെ

സെപ്തംബർ 15 വരെ നീട്ടി സുപ്രീംകോടതി. ഇ.ഡിയിൽ മിശ്രമാത്രമാണോ മിടുക്കൻ എന്ന ചോദ്യം കോടതി ആവ‌ർത്തിച്ചു.

കാലാവധി ഒക്ടോബർ 15 വരെ നീട്ടണമെന്നായിരുന്നു കേന്ദ്രത്തിന്റെ അപേക്ഷ. അത് തള്ളിയ മൂന്നംഗ ബെഞ്ച്, സെപ്റ്റംബർ 15 – 16 അർദ്ധരാത്രി കഴിഞ്ഞാൽ മിശ്ര ഇ.ഡി ഡയറക്ടർ അല്ലാതാവുമെന്നും കാലാവധി ഇനി നീട്ടില്ലെന്നും അസന്ദിഗ്ദ്ധമായി വ്യക്തമാക്കി.

ഭീകര ഫണ്ടിംഗും കളളപ്പണം വെളുപ്പിക്കലും നിരീക്ഷിക്കുന്ന അന്താരാഷ്‌ട്ര ഏജൻസിയായ എഫ്.എ.ടി.എഫിന്റെ ഇന്ത്യയിലെ അവലോകനം നവംബറിൽ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

സാധാരണ ഇത്തരം അപേക്ഷകൾ സ്വീകരിക്കാറില്ല. മിശ്ര തുടരുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും. വിശാലമായ പൊതുതാത്പര്യവും ദേശീയ താൽപര്യവും മുൻനിർത്തിയാണ് കാലാവധി നീട്ടുന്നത് ജസ്റ്റിസ്‌മാരായ ബി.ആർ. ഗവായ്, വിക്രംനാഥ്, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

കേന്ദ്രസർക്കാർ ബുധനാഴ്ച്ച സമർപ്പിച്ച അപേക്ഷയിൽ ഇന്നലെ 03.30ന് അടിയന്തരവാദം കേട്ടാണ് കാലാവധി നീട്ടിയത്. സുപ്രീംകോടതിയുടെ ഉത്തരവ് മറികടന്ന്മിശ്രയുടെ കാലാവധി കേന്ദ്രം നീട്ടിയത് നിയമവിരുദ്ധമാണെന്നും ജൂലായ് 31ന് മിശ്ര സ്ഥാനമൊഴിയണമെന്നും ജൂലായ് 11ന് ഉത്തരവിട്ട അതേ ബെഞ്ചിന്റേതാണ് ഇന്നലത്ത അസാധാരണ നടപടിയും.

ഒക്ടോബർ 15 വരെ കാലാവധി നീട്ടണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം കോടതി തള്ളി. വിധി പറഞ്ഞ ദിവസം തന്നെ സർവ്വീസ് അവസാനിപ്പിക്കാമായിരുന്നു. അധികാരമാറ്റം സുഗമമാക്കാനാണ് ജൂലായ് 31 വരെ അനുവദിച്ചതെന്നും ജസ്റ്റിസ് ബി.ആർ. ഗവായ് ഓർമിപ്പിച്ചു.