സുശാന്തിന്റെ കുടുംബത്തില്‍ വീണ്ടും മരണം; നടന്റെ അടുത്ത ബന്ധു പട്‌നയില്‍ മരിച്ചു

0

പട്‌ന: കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ കുടുംബത്തില്‍ മറ്റൊരു മരണം കൂടി. സുശാന്തിന്റെ കസിന്റെ ഭാര്യ സുധാദേവിയാണ് തിങ്കളാഴ്ച മരിച്ചത്. സുശാന്തിന്റെ പെട്ടന്നുണ്ടായ വിയോഗത്തില്‍ മനം നൊന്ത സുധാദേവി ഭക്ഷണം അടക്കം കഴിച്ചിരുന്നില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച സുശാന്തിന്റെ ശവസംസ്കാരം നടന്ന സമയത്ത് തന്നെയാണ് യുവതിയുടെ മരണവും ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

സുശാന്തിന്റെ സ്വന്തം ഗ്രാമമായ ബാല്‍ദിയയിലും അമ്മയുടെ നാടായ ബൗറന്യയിലും തിങ്കളാഴ്ച ദുഃഖാചരണങ്ങള്‍ നടന്നു. നടന്റെ മരണമുണ്ടാക്കിയ ഞെട്ടലില്‍നിന്ന് തങ്ങള്‍ ഇതുവരെ മുക്തരായിട്ടില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.

മുംബൈയിലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സുശാന്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍. സുശാന്തിന്റെ പിതാവും രണ്ട് സഹോദരിമാരും പട്നയിൽ നിന്ന് ഇന്നലെ രാവിലെ തന്നെ എത്തിയിരുന്നു. ബോളിവുഡിൽനിന്ന് ഏതാനും താരങ്ങളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.