സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും 2.50 രൂപ വർധിച്ചു

0

ന്യൂഡൽഹി: ബജറ്റിന് പിന്നാലെ രാജ്യത്ത് ഇന്ധന വിലയിൽ വൻ വർധന. സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂടിയത്.

ബജറ്റിൽ ചുമത്തിയ അധിക നികുതിയ്ക്ക് മുകളിൽ സംസ്ഥാന നികുതി കൂടി വരുന്നതിനാലാണ് വില വർധന. പെട്രോൾ ലിറ്ററിന് രണ്ടു രൂപ 45 പൈസയും ഡീസൽ ലിറ്ററിന് രണ്ടു രൂപ 36 പൈസയുമാണ് ഡൽഹിയിൽ വർധിച്ചത്.

ഇതോടെ ഒരു ലിറ്റർ പെട്രോളിന്‍റെ ഡൽഹിയിലെ ഇന്നത്തെ വില 72 രൂപ 96 പൈസയായി ഉയർന്നു. ഒരു ലിറ്റർ ഡീസലിന്‍റെ വില 66 രൂപ 69 പൈസയാണ്.കൊച്ചിയിൽ ഇന്നത്തെ വില പെട്രോളിന് 72 രൂപ 39 പൈസയും ഡീസലിന് 67 രൂപ 91 പൈസയുമാണ്.

അടിസ്ഥാന വിലയ്ക്കും കേന്ദ്ര സർക്കാർ തീരുവയും ചേർന്നുള്ള വിലയ്ക്ക് മുകളിലാണ് സംസ്ഥാനം വിൽപന നികുതി ചുമത്തുന്നത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി.

എന്നാൽ കേന്ദ്ര ബജറ്റിലെ നികുതി നിർദേശം മൂലം സംസ്ഥാനത്തിന് അധിക വരുമാനം ഉണ്ടാകില്ല എന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം.

ബജറ്റിൽ ഇന്ധന വിലയിൽ അധിക എക്സൈസ് തീരുവയായി ഒരു രൂപയും റോഡ്-അടിസ്ഥാന സൗകര്യ സെസ് ആയി ഒരു രൂപയുമാണ് വർധിപ്പിച്ചത്. ഇതിന് പുറമേ, അസംസ്കൃത എണ്ണയ്ക്ക് ടണ്ണിന് ഒരു രൂപ നിരക്കിൽ എക്സൈസ് തീരുവ ഇതാദ്യമായി ചുമത്തിയിട്ടുമുണ്ട്.