തുഷാറിനെ കുടുക്കാന്‍ ഉപയോഗിച്ച ചെക്ക് പണംകൊടുത്ത് വാങ്ങിയതെന്ന് സൂചന; പരാതിക്കാരന്‍റെ ശബ്‌ദസന്ദേശം പുറത്ത്

0

ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുല്ല പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തായി.തുഷാറിനെതിരെ പരാതി നൽകിയ നാസിൽ അബ്ദുളള അഞ്ചുലക്ഷം രൂപ പ്രതിഫലം നൽകി ചെക്ക് മറ്റൊരാളിൽ നിന്നും വാങ്ങിയതാണെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. തന്‍റെ സുഹൃത്തിനോട് നാസിൽ അബ്ദുളള സംസാരിക്കുന്നതാണ് ശബ്ദരേഖ.

തുഷാറിനെതിരെ പരാതി നൽകിയ നാസിൽ അബ്ദുളള സുഹൃത്തിനോട് സംസാരിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. പേരുവെളിപ്പെടുത്താത്ത മറ്റൊരാൾക്ക് അഞ്ചുലക്ഷം രൂപ നൽകിയാൽ തുഷാറിന്‍റെ ഒപ്പുളള ബ്ലാങ്ക് ചെക്ക് തനിക്ക് ലഭിക്കുമെന്ന് സുഹൃത്തിനോട് പറയുന്നതാണ് ശബ്ദരേഖയിലുളളത്. തുഷാർ കുടുങ്ങിയാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പണം തരും.

തുഷാർ അകത്തായാൽ വെളളാപ്പളളി ഇളകുമെന്നും ശബ്ദരേഖയിൽ പറയുന്നു. കേസ് നൽകുന്നതിന് രണ്ട് മാസം മുമ്പ് കേരളത്തിലെ സുഹൃത്തിന് നാസില്‍ അയച്ച ശബ്ദ സന്ദേശങ്ങളാണ് പുറത്തായത്.

10 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കേസിലാണ് അജ്മാന്‍ പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ തുഷാര്‍ ഇത് തന്നെ ചതിയില്‍പ്പെടുത്തിയതാണെന്നും ഇത്തരത്തില്‍ ഒരു ചെക്ക് നല്‍കുകയോ നാസില്‍ അബ്ദുള്ളയുമായി ഇത്രയും വലിയ ഇടപാട് നടത്തിയിട്ടില്ലെന്നും അന്ന് പറഞ്ഞിരുന്നു. തുഷാറിന്റെ നിലപാടുകള്‍ ഏതാണ്ട് ശരിവെക്കുന്ന രീതിയിലാണ് ശബ്ദസന്ദേശത്തിലെ ഉള്ളടക്കം.