ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഇന്ദു ജെയിന്‍ അന്തരിച്ചു

0

ഡൽഹി: ടൈംസ് ഗ്രൂപ്പ് ചെയർപേഴ്സൺ ഇന്ദു ജെയ്ൻ അന്തരിച്ചു. 84 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 9.35-ഓടെ ഡല്‍ഹിയില്‍ ആയിരുന്നു മരണം. ആത്മീയാന്വേഷി, മനുഷ്യസ്നേഹി, വനിതാ അവകാശ പ്രവർത്തക എന്നീ നിലകളിൽ ശ്രദ്ധേയയായിരുന്നു. കൊവിഡ് മുക്തയായതിന് ശേഷം നേരിട്ട ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്നാണ് വിയോ​ഗം. 2016 ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു.

ഫൈസാബാദില്‍ 1936 സെപ്റ്റംബര്‍ എട്ടിനാണ് ഇന്ദുവിന്റെ ജനനം. 1999-ല്‍ ആണ് ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് എത്തുന്നത്. 2000 ൽ ടൈംസ് ഫൗണ്ടേഷൻ സ്ഥാപിച്ചു. പ്രളയം, ഭൂചലനം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ കൈത്താങ്ങാകാൻ ടൈംസ് റിലീഫ് ഫണ്ട് ആരംഭിച്ചു. ഇന്ത്യയിലെ സ്ത്രീകളിലെ സംരംഭകയെ കണ്ടെത്തി പരിപോഷിപ്പിക്കാൻ 1983 ൽ എഫ്ഐസിസി ലേഡീസ് ഓർ​ഗനൈസേഷൻ (എഫ്എൽഒ) സ്ഥാപിച്ചതു ഇന്ദു ജെയ്ൻ ആണ്.

തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്നതായിരുന്നു ഇന്ദു ജെയ്ന്റെ അവസാന ആ​ഗ്രഹങ്ങളിലൊന്ന്. എന്നാൽ കൊവിഡ് മുക്തയായതിന് ശേഷം ആരോ​ഗ്യപ്രശ്നങ്ങൾ നിലനിന്നിരുന്നതിനാൽ ഇത് സാധ്യമാകാതെ പോയെന്ന് ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.