വരും മണിക്കൂറുകളിൽ തലസ്ഥാനമടക്കമുള്ള 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്; മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂടുന്നു

0

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ തലസ്ഥാന ജില്ലയടക്കം എട്ട് ജില്ലകളിൽ മഴ സാധ്യത ശക്തം. നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

അതേസമയം ഇന്ന് സംസ്ഥാത്തെ ഒരു ജില്ലയിലും മഴ ജാഗ്രത നിർദ്ദേശമില്ലെന്നത് ആശ്വാസമാണ്. യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. മാത്രമല്ല കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. രാവിലെ മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് 141 അടിയായിരുന്നെങ്കിൽ വൈകിട്ടോടെ 141.30 അടിയായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. രാവിലെ തന്നെ തമിഴ്നാട് രണ്ടാമത്തെ ജാഗ്രത നിർദേശം നൽകിയിരുന്നു. ഡിസംബർ മൂന്നിനാണ് ജലനിരപ്പ് 140 അടി ആയത്. മഴയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. എന്നാൽ വൃഷ്ടി പ്രദേശത്തുനിന്നും ഒഴുകിയെത്തുന്ന ജലത്തിന്‍റെ അളവ് കുറഞ്ഞിട്ടുണ്ട്. 2746 ഖന അടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലത്തിന്‍റെ അളവ്. രാവിലെ ഇത് 4261 ഖന അടി ആയിരുന്നു.

14-12-2022 മുതൽ 15-12-2022 വരെ:ആൻഡമാൻ കടലും തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിനോട് ചേർന്നുള്ള പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കി. മീ. വേഗതയിലും ചില അവസരങ്ങളിൽ 55 കി. മീ. വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കയും സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിലും തെക്കേ കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കി. മീ. വേഗതയിലും ചില അവസരങ്ങളിൽ 65 കി. മീ. വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കയും സാധ്യത.
16-12-2022: തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.