കുവൈത്തില്‍ രണ്ട് പ്രവാസികള്‍ ആത്മഹത്യക്ക് ശ്രമിച്ചു

1

കുവൈത്ത് സിറ്റി: കുവൈത്തില്‍ 24 മണിക്കൂറിനിടെ രണ്ട് പ്രവാസികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാബിര്‍ ബ്രിഡ്‍ജില്‍ നിന്ന് താഴേക്ക് ചാടിയാണ് ഒരു ഇന്ത്യക്കാരനും ഒരു ഈജി‍പ്‍തുകാരനും ആത്ഹത്യക്ക് ശ്രമിച്ചത്. രാവിലെയും വൈകുന്നേരവുമായിട്ടായിരുന്നു സംഭവങ്ങള്‍.

പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ ഈജിപ്‍തുകാരന്‍ കരയിലാണ് പതിച്ചത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ശരീരത്തില്‍ പലയിടങ്ങളിലും പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു സംഭവത്തില്‍ ഇന്ത്യക്കാരന്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടുന്നത് ഒരു ഡ്രൈവറുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.

ഇയാള്‍ ഉടന്‍ തന്നെ ഇടപെട്ട് ഇന്ത്യക്കാരനെ രക്ഷിക്കുകയും ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിക്കുകയും ചെയ്‍തു. സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലന്‍സ് സംഘവും സ്ഥലത്തെത്തി ഇയാളെയും ആശുപത്രിയിലേക്ക് മാറ്റി. വെള്ളത്തില്‍ നിന്ന് ഇന്ത്യക്കാരനെ രക്ഷിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.