വായ്പ എടുത്ത് മുങ്ങിയ ഇന്ത്യക്കാരെ പിടിക്കൂടാൻ കച്ചകെട്ടി യു എ ഇ; ഒൻപത് ബാങ്കുകൾ നിയമോപദേശം തേടി

0

അബുദാബി: വായ്പ എടുത്ത് മുങ്ങിയ ഇന്ത്യക്കാരെ പിടിക്കൂടാൻ യുഎഇയിലെ ഒൻപത് ബാങ്കുകൾ നിയമോപദേശം തേടി. ചെറിയ തുകയ്ക്കുള്ള വായ്പകളിലും തിരിച്ചടവ് മുടങ്ങിയാൽ നിയമനടപടി സ്വീകരിക്കാനും ആലോചനയുണ്ട്. യുഎഇയിലെ സിവിൽ കോടതി വിധികൾ ഇന്ത്യയിൽ ജില്ലാകോടതി വഴി നടപ്പാക്കാമെന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തിന്‍റെ ബലത്തിലാണ് ബാങ്കുകളുടെ നീക്കം.

ഭീമമായ തുക വായ്പയെടുത്ത് മുങ്ങുന്നവരുടെ എണ്ണം കൂടുംന്തോറും ബാങ്കുകൾക്ക് വലിയ നഷ്ടമാണ് സംഭവിക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് വൻതുക തിരിച്ചുപിടിക്കാനുള്ള ബാങ്കുകളുടെ ശ്രമങ്ങൾക്ക് സഹായമായി കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനം. ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ തടയാനുള്ള നിലയിലാണു ബാങ്കുകളുടെ ആദ്യഘട്ട നടപടികള്‍.

യുഎഇയിലെ സിവിൽ കോടതി വിധികൾ ഇന്ത്യയിൽ ജില്ലാ കോടതികൾ വഴി നടപ്പാക്കാമെന്ന കേന്ദ്രസർക്കാരിന്റെ കഴിഞ്ഞ മാസത്തെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകൾ നടപടി തുടങ്ങിയത്. യുഎഇ ആസ്ഥാനമായ ബാങ്കുകളും അബുദാബി, ദുബായ് എന്നിവിടങ്ങളിൽ ശാഖകളുള്ള ഒൻപതോളം ബാങ്കുകളുമാണ് പണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്. ഇരുകൂട്ടരുടെയും വാദം കേട്ട ശേഷം പ്രഖ്യാപിച്ച വിധികൾ മാത്രമേ ഇന്ത്യയിൽ നടപ്പാക്കാവൂ എന്നാണു വ്യവസ്ഥ.

യു.എ.ഇ. സിവിൽ കോടതി വിധികൾ ഇന്ത്യയിലെ ജില്ലാ കോടതികൾ മുഖേന നടപ്പാക്കാം എന്നതാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. അതുവഴി വായ്പയെടുത്ത് മുങ്ങിയവരുടെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടാനും അറസ്റ്റ് ചെയ്ത് ജയിലിലടക്കാനും സാധിക്കും.

എന്നാൽ, ഇപ്രകാരം വിധി സമ്പാദിച്ചിട്ടുള്ള കേസുകൾ കുറവാണെന്നതാണു ബാങ്കുകൾക്ക് മുന്നിലുള്ള പ്രധാന പ്രശ്നം. കേസ് വാദം കേട്ടു തുടങ്ങുന്നതിനു മുമ്പ് രാജ്യം വിട്ടവർക്കെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. അനധികൃത വഴികളിലൂടെ പണം തിരിച്ചുപിടിക്കാനുള്ള വിദേശ ബാങ്കുകളുടെ ശ്രമം നേരത്തേ കോടതിവിധിയിലൂടെ തടഞ്ഞിരുന്നു.