കൊടും ക്രൂരത; ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയടക്കമുള്ളവര്‍ ചേര്‍ന്ന് തീകൊളുത്തി

0

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതിയടക്കമുള്ളവര്‍ ചേര്‍ന്ന് തീ കൊളുത്തി. 85 ശതമാനം പൊള്ളലേറ്റ യുവതിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുട്ടുകൊല്ലാന്‍ ശ്രമിക്കും മുമ്പു യുവതിയെ വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നും സൂചനയുണ്ട്.

ഉന്നാവിലെ ഹിന്ദുനഗര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. യുവതിയെ നേരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ഇയയാളും സുഹൃത്തുക്കളും ചേര്‍ന്ന് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയിക്കൊണ്ടിരുന്ന യുവതിയെ വയലിലെത്തിച്ച് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതി കോടതിയിലേക്ക് പോകുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ അഞ്ച് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മൂന്ന് പേര്‍ പിടിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ആദ്യം സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് പെണ്‍കുട്ടിയെ ലഖ്‌നൗവിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് മൂന്ന് പേര്‍ ചേര്‍ന്ന് മാസങ്ങളോളം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടര്‍ന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.