റഷ്യയുടെ എണ്ണ ഇറക്കിയാല്‍ ന്യൂഡല്‍ഹി വലിയ അപകടത്തിലേക്കെന്ന് മുന്നറിയിപ്പ്!

0

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വന്‍ തോതില്‍ കൂട്ടിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്ക. മോസ്‌കോയ്‌ക്കെതിരായ ഉപരോധം ശക്തമാക്കാന്‍ അമേരിക്ക തയ്യാറെടുക്കുമ്ബോള്‍ ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഉണ്ടായ ഈ വര്‍ദ്ധനവ് ന്യൂഡല്‍ഹിയെ വലിയ അപകടത്തിലേക്ക് നയിക്കുമെന്ന് ഒരു മുതിര്‍ന്ന അമേരിക്കന്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ന്റെ മുന്നറിയിപ്പ്.

യുക്രെയിന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യയ്ക്ക് മേല്‍ കൊണ്ട് വന്നിട്ടുള്ള നിരോധനം അമേരിക്ക കടുപ്പിക്കാന്‍ ഒരുങ്ങുകയാണ്. നിലവില്‍ റഷ്യയില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ എണ്ണ വാങ്ങുന്നതിനെ അമേരിക്ക എതിര്‍ക്കുന്നില്ല. എന്നാല്‍ ഇനി റഷ്യയ്ക്ക് മേലുള്ള നിരോധനം കടുപ്പിക്കുന്നതിലൂടെ മറ്റ് രാജ്യങ്ങളുടെ വാങ്ങലുകള്‍ സാധാരണ നിലയിലേക്ക് പരിമിതപ്പെടുത്താന്‍ ഇവര്‍ സമ്മര്‍ദം ചെലുത്തും.

യുക്രെയിന്‍ അധിനിവേശത്തിന് പിന്നാലെ പല രാജ്യങ്ങളും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് താത്കാലികമായി നിര്‍ത്തിയിരുന്നു. ഈ അവസരത്തില്‍ ഡിസ്‌കൗണ്ട് മുതലാക്കി ഇന്ത്യ ഇറക്കുമതി വര്‍ദ്ധിപ്പിച്ചു. ഫെബ്രുവരി 24ന് ശേഷം മാത്രം 13 മില്ല്യണ്‍ ബാരലാണ് ഇന്ത്യ വാങ്ങിയത്. 2021ല്‍ 16 മില്ല്യണ്‍ വാങ്ങിയ സ്ഥാനത്താണിത്. ഇതാണ് അമേരിക്കയെപ്രകോപിപ്പിച്ചത്.

അമേരിക്കന്‍ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. റഷ്യയ്‌ക്കെതിരെയുള്ള അമേരിക്കന്‍ ഉപരോധത്തിന്റെ സൂത്രധാരനാണ് ദലീപ് സിംഗ്. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് നാളെ രാജ്യത്ത് എത്തും. ഈ സന്ദര്‍ശനങ്ങള്‍ നടക്കുന്ന വേളയിലാണ് അമേരിക്കന്‍ ഉദ്യോഗസ്ഥന്റെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം.

കഴിഞ്ഞ ദിവസം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്ക വിലക്കിയിരുന്നു. യു എസ് പ്രസിഡന്റ് ജോ ബൈഡനാണ് പ്രഖ്യാപനം നടത്തിയത്. റഷ്യയുടെ യുക്രൈൻ അധിനിവേശം മുൻനിർത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. റഷ്യൻ എണ്ണ, ലിക്വിഫൈഡ് നാച്വറൽ ഗ്യാസ്, കൽക്കരി തുടങ്ങിയവക്കാണ് യുഎസ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഗാർഹിക ഗ്യാസ് വിലയിലടക്കം വർധനവുണ്ടാകാൻ തീരുമാനം കാരണമാകുമെങ്കിലും അമേരിക്കൻ കോൺഗ്രസിന്റെ കടുത്ത സമ്മർദത്തിന്റെ ഫലമായാണ് തീരുമാനം. യുഎസിലെ എണ്ണയുടെയും പെട്രോളിയം ഉൽപന്നങ്ങളുടെയും ഇറക്കുമതിയുടെ 10 ശതമാനത്തിൽ താഴെ മാത്രമാണ് റഷ്യയുടെ പങ്കുള്ളത്. അതുകൊണ്ട് തന്നെ തരണം ചെയ്യാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.