‘ഉത്രയെ കൊന്നത് ഞാൻ’; കുറ്റം തുറന്ന് സമ്മതിച്ച് സൂരജ്

0

പത്തനംതിട്ട: അഞ്ചൽ ഉത്ര വധക്കേസിൽ കുറ്റസമ്മതം നടത്തി ഉത്രയുടെ ഭർത്താവ് സൂരജ്. തെളിവെടുപ്പിന് എത്തിച്ചപ്പോൾ മാധ്യമങ്ങൾക്കു മുന്നിലായിരുന്നു സൂരജിന്റെ കുറ്റസമ്മതം. വനം വകുപ്പിന്‍റെ തെളിവെടുപ്പിനിടെ കര​ഞ്ഞുകൊണ്ടായിരുന്നു പ്രതികരണം. എന്നാൽ, എന്താണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്നുള്ള ചോദ്യത്തിന് അങ്ങനെയൊന്നുമില്ലെന്നായിരുന്നു സൂരജിന്റെ മറുപടി.

പ്രതികളായ സൂരജ്, സൂരജിന് പാമ്പ് നൽകിയ സുരേഷ് എന്നിവരെ ചാത്തന്നൂർ തിരുമുക്കിൽ എത്തിച്ച് തെളിവെടുത്തപ്പോഴാണ് സൂരജ് കുറ്റം സമ്മതിച്ചത്. എല്ലാം ചെയ്തത് താൻ ആണെന്നാണ് സൂരജ് ഏറ്റുപറഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖനെ സൂക്ഷിച്ച പ്ലാസ്റ്റിക്ക് പാത്രം തിരുമുക്കിലെ കടയിൽ നിന്നാണ് വാങ്ങിയതെന്ന് സുരേഷ് സമ്മതിച്ചു.

കൊലപാതകത്തിന് പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി. കൊല്ലാന്‍ വേണ്ടി തന്നെയാണ് പാമ്പിനെ വാങ്ങിയതെതെന്നും രണ്ട് പാമ്പുകളെ വാങ്ങിയിട്ടുണ്ടെന്നും സൂരജ് സമ്മതിച്ചു. അതേസമയം, കൃത്യത്തില്‍ അച്ഛനും അമ്മയ്ക്കും പങ്കുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നും കരഞ്ഞുകൊണ്ട് പറഞ്ഞു.എന്നാല്‍, കേസില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് കരുതിയപ്പോള്‍ കൂട്ടുപ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സൂരജ് നടത്തുന്നതെന്ന് ഉത്രയുടെ സഹോദരന്‍ വിഷു പ്രതികരിച്ചു.

മേയ് 7നു പുലർച്ചെ ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതുകൈത്തണ്ടയിൽ മൂർഖനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നു സൂരജ് എന്നാണു പൊലീസ് പറഞ്ഞത്. തലേദിവസം ഉത്രയുടെ വീട്ടിലെത്തുമ്പോൾ സൂരജിന്റെ കയ്യിൽ വലിയ ബാഗുണ്ടായിരുന്നു. പാമ്പിനെ സൂക്ഷിച്ച കുപ്പി ഇതിലുണ്ടായിരുന്നുവെന്നാണു കരുതുന്നത്. ഇത് കിടപ്പുമുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ചു.

ഉത്രവധക്കേസുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർ നടപടികളുടെ ഭാഗമായാണ് ഒന്നാംപ്രതിയായ സൂരജിനെയും കൂട്ടുപ്രതിയായ സുരേഷിനെയും പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചത്.