ഇന്ത്യൻ ക്രിക്കറ്റ് താരം വിജയ് ശങ്കർ വിവാഹിതനായി

0

ഹൈദരാബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് താരം വിജയ് ശങ്കർ വിവാഹിതനായി. വൈശാലി വിശ്വേശ്വരൻ ആണ് വധു. കഴിഞ്ഞ ഓഗസ്റ്റിൽ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഐപിഎല്ലിൽ വിജയ് ശങ്കറിന്റെ ടീമായ സൺറൈസേഴ്സ് ഹൈദരാബാദ് ട്വിറ്ററിലൂടെയാണ് താരത്തിന്റെ വിവാഹവാർത്ത പുറത്തുവിട്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം.

2018ൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് വിജയ് ശങ്കർ ഇന്ത്യൻ ടീമിനായി അരങ്ങേറിയത്. തൊട്ടടുത്ത വർഷം ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ഏകദിനം അരങ്ങേറ്റം. 2019ലെ ഏകദിന ലോകകപ്പ് ടീമിലും വിജയ് ശങ്കർ അംഗമായിരുന്നു. ഈ വർഷം നടക്കുന്ന ഐപിഎൽ സീസണിലേക്ക് സൺറൈസേഴ്സ് ടീം വിജയ് ശങ്കറിനെ നിലനിർത്തിയിട്ടുണ്ട്.