ദുബായ് ഭരണാധികാരിയുടെ മകളെന്നു അവകാശപെട്ട യുവതിയെ ഗോവയില്‍ കാണാതായി

0

‘ഈ വീഡിയോ എന്റെ ജീവിതത്തിലെ അവസാന വീഡിയോയായിരിക്കുമെന്നതിനാലാണ് ഞാനീ വീഡിയോ തയ്യാറാക്കുന്നത്’. ദുബായ് രാജകുടുംബത്തിലെ അംഗമാണ് താനെന്നു അവകാശപ്പെടുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലെ അവസാനവാക്കുകള്‍ ആണിത്.

ഗോവ തീരങ്ങളില്‍ വച്ച് തന്നെ കാണാതാകുന്നതിന് തൊട്ടുമുമ്പ് ഷെയ്ഖ് ലത്തീഫ എന്ന 33കാരിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് സയിദ് അല്‍ മക്തൂമിന്റെ മകളാണ് ഇവരെന്നാണ് ഇവര്‍ വീഡിയോയില്‍ അവകാശപ്പെട്ടിരിക്കുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഫറൂക് തക്ലയെ വിജയകരമായി ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഭരണകൂടത്തിന് വലിയൊരു തലവേദനയാണ് ഈ വീഡിയോ സമ്മാനിച്ചിരിക്കുന്നത്.

മാര്‍ച്ച് നാലിന് വൈകുന്നേരം നാലരയോടെയാണ് ഷെയ്ഖ് ലത്തീഫ തന്റെ സെല്‍ഫി വീഡിയോ വാട്സ്ആപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. താനും അമേരിക്കക്കാരനായ സുഹൃത്ത് ഹാര്‍വെ ജൂബര്‍ട്ടും ഒരു സംഘം തോക്കു ധാരികളാല്‍ ചുറ്റപ്പെട്ടിരിക്കുന്നുവെന്നും അവര്‍ തങ്ങള്‍ക്ക് നേരെ നിറയൊഴിക്കുകയാണെന്നും ഇവരുടെ വീഡിയോയില്‍ പറയുന്നു. അമേരിക്കന്‍ രജിസ്ട്രേഷനിലുള്ള ഒരു ബോട്ടില്‍ നിന്ന് ഇന്ത്യന്‍ തീരത്തു നിന്നും 50 മൈല്‍ അകലെ നിന്നാണ് ഇവര്‍ മെസേജ് അയച്ചിരിക്കുന്നതെന്നാണ് സംശയിക്കുന്നത്.

ഫെബ്രുവരി 26ന് ലത്തീഫ യുഎഇയിലെ പൗരന്മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡിറ്റെയ്ന്‍ഡ് ഇന്‍ ദുബൈ എന്ന സംഘടനയ്ക്ക് അയച്ച മെയിലോടെയാണ് വാര്‍ത്ത പുറത്തു വന്നു തുടങ്ങിയത്. താന്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും സഹായം വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. അതേസമയം സംഘടന ഈ മെയിലില്‍ ആശങ്കപ്പെടുന്നുണ്ടെന്നും ഇവര്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നുമാണ് ഡിറ്റെയ്ന്‍ഡ് ഇന്‍ ദുബൈ സംഘടനയുടെ പ്രതിനിധി രാധാ സ്റ്റിര്‍ലിംഗ് അറിയിച്ചിരിക്കുന്നത്. അവരുടെ സുഹൃത്തുക്കള്‍ ഈ മെയില്‍ ഐഡി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ബ്രിട്ടനിലെ ഒരു സോളിസിറ്ററുമായി ഇവര്‍ പതിവായി മെയില്‍ വഴി ബന്ധപ്പെടാറുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

തന്റെ ഒരു സഹോദരനെ സഹായിച്ചതിന്റെ പേരില്‍ ദുബൈയില്‍ താന്‍ പീഡനം അനുഭവിച്ചു വരികയായിരുന്നുവെന്നും അതിനാല്‍ താന്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും ലത്തീഫ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍-ഫ്രഞ്ച് വംശജനായ ഹാര്‍വെ ജൂബെര്‍ട്ട് എന്ന എഴുത്തുകാരനാണ് ഇവരെ ദുബൈയില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചത്. ഇന്ത്യന്‍ തീരത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ പിടിക്കപ്പെടുകയായിരുന്നുവെന്നാണ് സംശയിക്കപ്പെടുന്നത്.